Eknath Shinde: ‘വികസനം പറന്നുയരുമ്പോൾ പൈലറ്റ് ഞാനായിരുന്നു; ഇപ്പോഴത് പറത്തുന്നത് ഫഡ്‌നാവിസാണ്’: ഏക്‌നാഥ് ഷിൻഡെ
Eknath Shinde Compares Development to a Flight: മഹായുതി സർക്കാർ വരുന്നതിന് മുമ്പ് നിരവധി പദ്ധതികളും ക്ഷേമ പദ്ധതികളും നിർത്തലാക്കപ്പെട്ടുവെന്നും വികസനം തന്നെ സ്തംഭിച്ചിരുന്നുവെന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തെ പരിഹസിച്ചുകൊണ്ട് ഷിൻഡെ പറഞ്ഞു.

മഹായുതി സർക്കാരിനെ വികസന വിമാനവുമായി ഉപമിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. താൻ ആ വികസന വിമാനത്തിന്റെ പൈലറ്റാണെന്നും ഫഡ്‌നാവിസും അജിത് പവാറും സഹ പൈലറ്റുമാരാണെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു. കിഴക്കൻ മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിൽ ഒരു വിമാനത്താവളത്തിന്റെയും വാണിജ്യ വിമാന സർവീസിന്റെയും ഉദ്ഘാടന ശേഷം സംസാരിക്കുകയായിരുന്നു ശിവസേന അധ്യക്ഷൻ ഏക്‌നാഥ് ഷിൻഡെ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും പരിപാടിയിൽ സന്നിഹിതരായിരുന്നു.
2014 – 2019 കാലഘട്ടത്തിൽ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് അമരാവതി വിമാനത്താവളത്തിന്റെ പണി ആരംഭിച്ചത്. എന്നാൽ, 2019ൽ മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിൽ വന്നപ്പോൾ അത് നിലച്ചുവെന്നും ഷിൻഡെ പറഞ്ഞു. 2022ൽ ‘ജനങ്ങളുടെ സർക്കാർ’ (മഹായുതി സർക്കാർ) അധികാരത്തിൽ വന്നപ്പോൾ, വിമാനത്താവളത്തിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ഡൽഹി മെട്രോയിൽ സഹയാത്രികന്റെ ഷർട്ട് വലിച്ചുകീറി; പിന്നാലെ യുവാവിന്റെ വെല്ലുവിളിയും; വീഡിയോ വൈറൽ
മഹായുതി സർക്കാർ വരുന്നതിന് മുമ്പ് നിരവധി പദ്ധതികളും ക്ഷേമ പദ്ധതികളും നിർത്തലാക്കപ്പെട്ടു. വികസനം തന്നെ സ്തംഭിച്ചിരുന്നുവെന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തെ പരിഹസിച്ചുകൊണ്ട് ഷിൻഡെ പറഞ്ഞു. വികസന, ക്ഷേമ പദ്ധതികൾ ആരംഭിച്ചപ്പോൾ താൻ വിമാനത്തിന്റെ പൈലറ്റായിരുന്നു, ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും സഹപൈലറ്റുമാരായിരുന്നു. ഇപ്പോൾ, ഫഡ്‌നാവിസാണ് പൈലറ്റ്, തങ്ങൾ രണ്ടുപേരും സഹപൈലറ്റുമാരാണ്. ഇപ്പോൾ പൈലറ്റ് മാറി, പക്ഷേ ‘വികസന വിമാനം’ ഒന്നുതന്നെയാണ്. തങ്ങൾ ഒരേ വേഗതയിൽ മുന്നോട്ട് നീങ്ങുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.