ബിറ്റ്‌കോയിൻ കേസ്: ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ 97 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
മുംബൈ ജുഹുവിൽ ശില്പ ഷെട്ടിയുടെ പേരിലുള്ള ഫ്‌ളാറ്റ്, പൂണെയിലെ ബംഗ്ലാവ് എന്നിവയടക്കമുള്ള വസ്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്.
ന്യൂഡൽഹി: വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ 97.79 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ബിറ്റ്‌കോയിൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കുന്ദ്രയുടെ സ്വത്ത് കണ്ടുകെട്ടിയിരിക്കുന്നത്. മുംബൈ ജുഹുവിൽ ശില്പ ഷെട്ടിയുടെ പേരിലുള്ള ഫ്‌ളാറ്റ്, പൂണെയിലെ ബംഗ്ലാവ് എന്നിവയടക്കമുള്ള വസ്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടയത്.
കുപ്രസിദ്ധമായ ‘ഗെയിൻ ബിറ്റ്‌കോയിൻ’ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്രക്കെതിരേ നടപടിയുണ്ടായത്. ‘വാരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ പേരിൽ ഏകദേശം 6600 കോടി രൂപയുടെ തട്ടിപ്പാണ് ബിറ്റ്‌കോയിൻ നിക്ഷേപത്തിന്റെ മറവിൽ നടന്നത. മാസംതോറും നിശ്ചിത പ്രതിഫലം വാഗ്ദാനംചെയ്ത് ബിറ്റ്‌കോയിൻ നിക്ഷേപങ്ങൾ സ്വീകരിച്ച് മണിചെയിൻ മാതൃകയിലായിരുന്നു തട്ടിപ്പ്. വാരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രൊമോട്ടർമാരായ അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, സിംപി ഭരദ്വാജ്, മഹേന്ദർ ഭരദ്വാജ് തുടങ്ങിയവരായിരുന്നു കേസിലെ പ്രതികൾ.
ഡൽഹി പോലീസും മഹാരാഷ്ട്ര പോലീസും നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ബിറ്റ്‌കോയിൻ തട്ടിപ്പിൽ ഇഡിയും അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് തട്ടിപ്പിലെ മുഖ്യസൂത്രധാരനായ അമിത് ഭരദ്വാജിൽനിന്ന് രാജ്കുന്ദ്രയ്ക്കും ബിറ്റ്‌കോയിൻ ലഭിച്ചതായി കണ്ടെത്തിയത്. യുക്രൈയിനിൽ ബിറ്റ്‌കോയിൻ മൈനിങ് ഫാം സ്ഥാപിക്കാനായാണ് 285 ബിറ്റ്‌കോയിനുകൾ രാജ്കുന്ദ്രയ്ക്ക് കൈമാറിയിരുന്നത്. ഈ പദ്ധതി യാഥാർഥ്യമായില്ലെങ്കിലും നേരത്തെ കൈമാറിയ ബിറ്റ്‌കോയിനുകളെല്ലാം രാജ്കുന്ദ്ര കൈവശം സൂക്ഷിക്കുകയായിരുന്നു. ഇതിന് ഏകദേശം 150 കോടിയോളം രൂപ മൂല്യമുണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.