Ooty-Kodaikanal epass: ഊട്ടി-കൊടൈക്കനാൽ ഇ-പാസ് ക്രമീകരണമായി; എങ്ങനെ അപേക്ഷിക്കാം
മേയ് പത്തു മുതൽ 20 വരെ നടക്കുന്ന ഊട്ടി പുഷ്പമേള കൂടി മുൻനിർത്തിയാണ് ഇ-പാസ് ക്രമീകരിച്ചിരിക്കുന്നത്. ദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരമാണ് ഇ-പാസ് ക്രമീകരണം.
വിനോദസഞ്ചാരികൾക്ക് ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാനുള്ള ഇ-പാസിന് ക്രമീകരണമായി. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിൻ്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്‌സൈറ്റിൽ നൽകേണ്ടത്.
serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്‌സൈറ്റുകൾ വഴി ഇ-പാസിന് അപേക്ഷിക്കാവുന്നതാണ്. മെയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ-പാസ് പ്രാബല്യത്തിലുള്ളത്. മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരമാണ് ഇപാസ് ക്രമീകരിച്ചിരിക്കുന്നത്.
മെയ് ഏഴു മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ പുറത്തുനിന്ന് വരുന്നവർക്ക് ഇ-പാസ് നിർബന്ധമാണ്. ഓരോ ദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമാണ് പാസ് അനുവദിക്കുന്നത്. മേയ് പത്തു മുതൽ 20 വരെ നടക്കുന്ന ഊട്ടി പുഷ്പമേള കൂടി മുൻനിർത്തിയാണ് ഇ-പാസ് ക്രമീകരിച്ചിരിക്കുന്നത്.
ഊട്ടിയിലേക്കും, കൊടൈക്കനാലിലേക്കും ഉള്ള റോഡുകളിൽ ഉൾകൊള്ളാവുന്നതിലും അധികം വാഹനങ്ങൾ സർവീസ് നടത്തുന്നതായി മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിദിനം 20000 ത്തിൽ അധികം വാഹനങ്ങൾ ആണ് നീലഗിരിയിലേക്ക് പ്രവേശിച്ചുകൊണ്ടിരുന്നത്.
ശരാശരി 11509 കാറുകൾ, 1341 വാനുകൾ, 637 ബസുകൾ, 6524 ഇരു ചക്ര വാഹനങ്ങളാണ് ടൂറിസ്റ്റ് സീസണുകളിൽ പ്രതിദിനം നീലഗിരിയിൽ എത്തുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭാരത ചക്രവർത്തി എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യങ്ങൾ ചൂണ്ടികാട്ടിയത്. ഇത് ഭയാനകമായ അവസ്ഥ ആണെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ആനത്താരകളിലൂടെയാണ് റോഡുകൾ കടന്ന് പോകുന്നത്. വാഹങ്ങങ്ങളുടെ ബാഹുല്യം കാരണം പലപ്പോഴും കാടിന് ഉള്ളിലെ റോഡുകളിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതായും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. വാഹനങ്ങൾ നിരയായി മണിക്കൂറുകളോളം കിടക്കുന്നത് കൊണ്ട് ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് മൃഗങ്ങൾ ആണെന്നും മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തത്തിലാണ് വാഹനങ്ങളെ നിയന്ത്രിക്കാൻ ഇ- പാസ് സംവിധാനം ഏർപെടുത്തണമെന്ന ഉത്തരവ് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം. ഒരു ദിവസം രണ്ട് സ്ഥലങ്ങളിലേക്കും വരുന്ന വാഹനങ്ങളുടെ കണക്കുകൾ ഭയാനകമാണെന്ന് കോടതി പറഞ്ഞു. അതേസമയം, പ്രദേശവാസികൾക്ക് ഇ-പാസ് നിയന്ത്രണം ബാധകമല്ലെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു. ഡിണ്ടിഗൽ, നീലഗിരി ജില്ലാ കളക്ടർമാർക്ക് ആണ് ഇ-പാസ് സംവിധാനം ഏർപെടുത്താൻ മദ്രാസ് ഹൈക്കോടതി നിർദേശം നൽകിയിരുന്നത്.
തദ്ദേശ വാസികളുടെ വാഹനങ്ങൾക്കും, സാധനങ്ങൾ കൊണ്ട് പോകുന്ന വാഹനങ്ങൾക്കും നിയന്ത്രണം ബാധകം ആക്കേണ്ടത്തില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.