Drishyam model crime: ദൃശ്യം മോഡൽ കൊലപാതകം; സിനിമ കണ്ട് കൊല നടത്തിയെങ്കിലും ജോർജ് കുട്ടിയുടെ സ്മാർട്നസ് പ്രതിക്കില്ല
Drishyam-style crime in UP: പെട്ടെന്ന് ഒരു ദിവസം, കൊല്ലപ്പെട്ട ശർമ്മയെ കാണാതാകുന്നിടത്താണ് സംഭവം തുടങ്ങുന്നത്. തുടർന്ന് ശർമയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകി. തുടർന്ന് 13 ദിവസം നീണ്ട അന്വേഷണം നടന്നു.
ലഖ്നോ: ജിത്തു ജോസഫിന്റെ ദൃശ്യം ആരും മറക്കാൻ സാധ്യതയില്ല. ദൃശ്യത്തിലെ മോഹൻലാൽ അനശ്വരമാക്കിയ ജോർജ്ജുകുട്ടിയെ തെല്ല് ആരാധനയോടെ നാം നമ്മളിലൊരാളായി ഏറ്റെടുത്തു. എന്നാണ് അതേ ദൃശ്യം സിനിമയുടെ മാതൃകയിൽ ഒരു കൊല നടന്നെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? അതും അങ്ങ് ഉത്തർപ്രദേശിൽ. ഗ്രേറ്റർ നോയിഡയിലെ വ്യവസായിയായ അങ്കുഷ് ശർമയെ കൊലപ്പെടുത്തിയ കേസിലാണ് ദൃശ്യത്തിന്റെ സാന്നിഥ്യം കണ്ടത്. ജോർജ്ജുകുട്ടിയുടെ അത്ര മിടുക്കനല്ലാത്തതിനാൽ പ്രതി വേഗം തന്നെ പിടിയിലായി.
മുൻ പോലീസ് കോൺസ്റ്റബിൾ പ്രവീൺ ആണ് അറസ്റ്റിലായത്. പെട്ടെന്ന് ഒരു ദിവസം, കൊല്ലപ്പെട്ട ശർമ്മയെ കാണാതാകുന്നിടത്താണ് സംഭവം തുടങ്ങുന്നത്. തുടർന്ന് ശർമയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകി. തുടർന്ന് 13 ദിവസം നീണ്ട അന്വേഷണം നടന്നു. 13-ാം ദിവസം പ്രതിയെ പിടികൂടി. ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പായ അജയ്ദേവ്ഗൺ അഭിനയിച്ച ദൃശ്യവും മറ്റ് ക്രൈം സീരീസുകളും കണ്ടാണ് പ്രതി കൃത്യം ആസൂത്രണം ചെയ്തത് എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
സംഭവത്തിന്റെ പിന്നാമ്പുറം
ഒരു പരിചയക്കാരൻ മുഖേനയാണ് അങ്കുഷ് ശർമയെ പ്രവീൺ ആദ്യമായി പരിചയപ്പെട്ടത്. ഫ്ലാറ്റ് വിൽപനയുമായി ബന്ധപ്പെട്ട് ഇരുവരും കൂടുതൽ ഇടപെട്ടു. തുടർന്ന് 1.20 കോടിക്ക് ഫ്ലാറ്റ് വിൽക്കാനുള്ള കരാറിൽ ഇരുവരും തീരുമാനിച്ചു. ആദ്യഗഡുവായി എട്ട് ലക്ഷം രൂപയാണ് അങ്കുഷിന് പ്രവീൺ നൽകിയത്. എന്നാൽ ഫ്ലാറ്റിന്റെ മതിപ്പുവില നേരത്തേ ഉറപ്പിച്ച തുകയേക്കാളും കൂടുതലുണ്ടെന്ന് അങ്കുഷിന് പിന്നീട് ബോധ്യമായതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
ALSO READ – 17 കുടുംബങ്ങളിൽ ഒരാൾ പോലുമില്ല; വയനാടിന് കൈത്താങ്ങായി സർക്കാരും സംഘടനകളും
ഇത് ഇരുവരും തമ്മിലുള്ള വ്യക്തിപരമായ സംഘർഷത്തിലേക്ക് എത്തിച്ചു. ഒടുവിൽ പ്രകോപിതനായ പ്രവീൺ അങ്കുഷിനെ കൊല്ലാൻ പദ്ധതിയിട്ടു. പദ്ധതി നടപ്പാക്കാനായി ഫ്ലാറ്റിന്റെ ബാക്കി പണം നൽകാമെന്ന് പറഞ്ഞ് അങ്കുഷിനെ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് പ്രവീൺ കൂട്ടിക്കൊണ്ടുപോയി. വിൽപന ഉറപ്പിച്ച അങ്കുഷിന്റെ ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിൽ എത്തിയ ഇവർ അവിടെ ഇരുന്ന് ഇരുവരും മദ്യപിച്ചു.
തുടർന്ന് ബോധം മറഞ്ഞപ്പോൾ പ്രവീൺ അങ്കുഷിന്റെ തലയിൽ ചുറ്റികകൊണ്ട് അടിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രാത്രി തന്നെ അങ്കുഷിന്റെ മൃതദേഹം കൊലപ്പെടുത്തിയ സ്ഥലത്തു തന്നെ പ്രവീൺ കുഴിച്ചിട്ടു. പിന്നീട് പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ സി.സി.ടി.വി ദൃശ്യങ്ങളുടേയും മറ്റ് മറ്റ് രഹസ്യവിവരങ്ങളുടേയും അടിസ്ഥാനത്തിൽ പ്രവീണിലേക്ക് പോലീസ് എത്തി. മൃതദേഹം ഒളിപ്പിച്ചത് എവിടെയാണെന്ന് ഇയാൾ പോലീസിനെ അറിയിച്ചു.