Digital Arrest: ഈ നമ്പറുകളില്‍ തുടങ്ങുന്ന കോളുകള്‍ വരുന്നുണ്ടോ? സൂക്ഷിച്ചോളൂ
Avoid Calls From These Numbers: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍, വിഐ എന്നിവയുടെ ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ പരിചിതമല്ലാത്ത കോഡുകളില്‍ നിന്നെത്തുന്ന കോളുകളില്‍ അതീവ ജാഗ്രത പാലിക്കണം.
സൈബര്‍ തട്ടിപ്പുകളുടെ പുതിയ തന്ത്രമാണ് ഡിജിറ്റല്‍ അറസ്റ്റ്. ദിനംപ്രതി നിരവധി കേസുകളാണ് ഡിജിറ്റല്‍ അറസ്റ്റുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അന്വേഷണ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഈ തട്ടിപ്പ് പ്രധാനമായും നടക്കുന്നത്. ഇരകളെ കണ്ടെത്തിയ ശേഷം അവരെ ഡിജിറ്റല്‍ അറസ്റ്റിന് വിധേയമാക്കി അതില്‍ നിന്ന് മോചിപ്പിക്കുന്നതിനായി പണം ആവശ്യപ്പെടുന്നതാണ് രീതി.
ഈയൊരു സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വ്യാജ കോളുകളില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വിദേശ നമ്പറുകളില്‍ നിന്ന് വരുന്ന കോളുകളില്‍ ജാഗ്രത പാലിക്കണമെന്നും ഡിഒടി മുന്നറിയിപ്പില്‍ പറയുന്നു.
രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍, വിഐ എന്നിവയുടെ ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ പരിചിതമല്ലാത്ത കോഡുകളില്‍ നിന്നെത്തുന്ന കോളുകളില്‍ അതീവ ജാഗ്രത പാലിക്കണം. +77, +89, +85, +86, +84 ഇങ്ങനെ തുടങ്ങുന്ന നമ്പറുകളില്‍ നിന്നെത്തുന്ന കോളുകള്‍ തട്ടിപ്പ് സംഘങ്ങളുടേതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
🚨 ALERT: Beware of International Fraud Calls!
Ruko aur Socho:
👉 Be cautious of numbers like +77, +89, +85, +86, +84, etc.
👉 DoT/TRAI NEVER makes such calls.
Action Lo:
✅ Report suspicious calls on https://t.co/6oGJ6NSQal via Chakshu.
✅ Help DoT block these… pic.twitter.com/6No8DHss3o
— DoT India (@DoT_India) December 2, 2024
ടെലികോം റെഗുലേറ്ററി അതോറിറ്റിയും കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പും ഒരിക്കലും ഉപഭോക്താക്കളെ നേരിട്ട് വിളിക്കില്ല. ഇത്തരം സ്ഥാപനങ്ങളില്‍ നിന്നാണെന്ന് പറഞ്ഞ് വരുന്ന കോളുകള്‍ വ്യാജമാണെന്നും തങ്ങള്‍ അത്തരത്തില്‍ ആരെയും വിളിക്കാറില്ലെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വ്യക്തമാക്കി.
അതേസമയം, വീട്ടമ്മയെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത് 4.12 കോടി രൂപ തട്ടിയെടുത്ത പ്രതികള്‍ കഴിഞ്ഞ ദിവസം കൊച്ചി സൈബര്‍ പോലീസിന്റെ പിടിയിലായിരുന്നു. മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹാസില്‍, കെ പി മിഷാബ് എന്നിവരാണ് പിടിയിലായത്. ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ചാണ് ഇരുവരും വാഴക്കാല സ്വദേശിനിയായ യുവതിയില്‍ നിന്ന് പണം തട്ടിയത്.
വീട്ടമ്മയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുണ്ടാക്കിയ അക്കൗണ്ട് വഴി തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ യുവതിയെ വിളിച്ചതെന്നാണ് പോലീസ് പറയുന്നത്. ഡിജിറ്റല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും അക്കൗണ്ടിലുള്ള പണം തട്ടിപ്പിലൂടെ ഉണ്ടാക്കിയതാണോ എന്ന് പരിശോധിക്കുന്നതിനായി അയച്ച് നല്‍കാനും ഇവര്‍ ആവശ്യപ്പെട്ടു.
പണം അയച്ചില്ലെങ്കില്‍ വീട്ടമ്മയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെ തന്റെ പേരിലുണ്ടായിരുന്ന 4.11 കോടി രൂപ പരാതിക്കാരി പ്രതികള്‍ക്ക് പല ദിവസങ്ങളിലായി കൈമാറുകയായിരുന്നു. ഇവരില്‍ നിന്ന് നഷ്ടമായ തുകയുടെ വലിയൊരു പങ്ക് പിന്‍വലിച്ചത് മലപ്പുറത്ത് നിന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
പലരുടെയും അക്കൗണ്ടുകള്‍ ഉപയോഗിച്ച് പണം ശേഖരിച്ച് അതുവഴി പണം പിന്‍വലിക്കുന്നതാണ് ഇവരുടെ രീതി. ഈ പണം ആഡംബര ജീവിതത്തിനായിരുന്നു പ്രതികള്‍ ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറയുന്നു.