Diwali 2024: വാരണസിയും അയോദ്ധ്യയും! ദീപാവലി കളറാക്കാം.. വിട്ടോ വണ്ടി ഇവിടങ്ങിലേക്ക്..
Diwali Vacations: ദീപാവലിയുടെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ കാണാന്‍ പറ്റുന്ന ചില ഇടങ്ങള്‍ ഇന്ത്യയിലുണ്ട്. ദീപാവലി സമയത്ത് യാത്ര പോകാൻ പറ്റിയ ചില സ്ഥലങ്ങൾ നോക്കാം...
തിരുവനന്തപുരം: രാജ്യത്തെ ദീപാവലി ആഘോഷങ്ങൾ വെെവിധ്യം നിറഞ്ഞതാണ്. ഉത്തരേന്ത്യയിലെ ദീപാവലി ആഘോഷങ്ങൾക്ക് മൊഞ്ച് കൂടുതലാണ്. മധുരപലഹാരങ്ങൾ വിതരണം ചെയ്തും വിളക്ക് കത്തിച്ചും ദീപാവലി ആഘോഷിക്കാനുള്ള തിരക്കിലാണ് നാടും നഗരവും..ഏറ്റവും മികച്ച രീതിയിൽ ദീപാവലി ആഘോഷിക്കാനുള്ള ഇന്ത്യയിലെ കുറച്ച് സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം..
വാരണാസി
സ്പിരിച്ച്വൽ സിറ്റി ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന വാരണാസിയുടെ ഭംഗി ദീപാവലി സമയത്ത് ആരെയും ആകർഷിക്കും. ഗംഗാ നദിയോട് ചേർന്നുള്ള ഘട്ടുകളും പടവുകളുമെല്ലാം ദീപങ്ങളാൽ അലങ്കൃതമാകും. നദിയിൽ തെളിഞ്ഞ് കാണുന്ന ദീപങ്ങളുടെ പ്രതിബിംബവും ആകാശത്തുള്ള കരിമരുന്ന് പ്രയോഗവും സന്ദർശകരുടെ മനസിൽ ഇടംപിടിക്കും. വെെകിട്ട് ഗംഗാ തീരത്തെ ഘട്ടുകളിൽ നടക്കുന്ന ആരതിയിലും പങ്കെടുക്കാം. ഗംഗാ നദിയിൽ ഭക്തരൊഴുക്കുന്ന ദീപങ്ങൾ ഓളത്തിൽ ഒഴുകി പോകുന്ന കാഴ്ചയും വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.
അയോദ്ധ്യ
ഭഗവാൻ ശ്രീരാമന്റെ ജന്മസ്ഥലമായ അയോദ്ധ്യ ദീപാവലി ആഘോഷങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്. വനവാസത്തിൽ നിന്ന് ശ്രീരാമൻ മടങ്ങിയെത്തിയപ്പോഴാണ് അയോദ്ധ്യയിൽ ആദ്യത്തെ ദീപാവലി ആഘോഷിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷക്കണക്കിന് ദീപങ്ങൾ തെളിയിച്ച് നഗരത്തെ പ്രകാശ പൂരിതമാകുന്ന ദീപോത്സവമാണ് അയോദ്ധ്യയിലെ ദീപാവലിയുടെ സവിശേഷത.
അമൃത്സർ
രാജ്യത്ത് ദീപാവലി സമയത്ത് സന്ദർശിക്കേണ്ട മറ്റൊരു സ്ഥലമാണ് അമൃത്സർ. മുകൾ തടവറയിൽ നിന്ന് ഗുരു ഹർഗോവിന്ദ് സിഗ് മോചിതനായ ബന്ദി ചോർ ദിവസും ദീപാവലിയും അമൃത്സറിൽ ഒന്നിച്ചാണ് ആഘോഷിക്കുന്നത്. ദീപാവലി സമയത്ത് സുവർണ ക്ഷേത്രം ദീപങ്ങളാൽ കാഴ്ചക്കാരുടെ മനം കവരും.
ജയ്പൂർ
ദീപാവലി ആഘോഷിക്കാനായി സഞ്ചാരികൾക്ക് കടന്നുചെല്ലാനാവുന്ന മറ്റൊരു ഇടമാണ് പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂർ. നഗരം മുഴുവൻ അതിമനോഹരമായി വിവിധ നിറത്തിലുള്ള ലെെറ്റുകളാലും ദീപങ്ങളാലും അലങ്കൃതമാകും. ജൊഹാരി ബസാർ, ബാപു ബസാർ, ഹവാമഹൽ, നഹർഘട്ട് കോട്ട എന്നിവിടങ്ങളിലെ ദീപാവലി ആഘോഷം ജീവിതത്തിൽ ഒരിക്കല്ലെങ്കിലും കണ്ടിരിക്കേണ്ടതാണ്.
ഉദയ്പൂർ
രാജകീയ നഗരം എന്ന് അറിയപ്പെടുന്ന ഉദയ്പൂരിലെ കൊട്ടാരങ്ങളും മാളികകളും ദീപാവലി സമയത്ത് വിവിധ നിറത്തിലുള്ള ദീപങ്ങൾ കൊണ്ട് അലങ്കരിക്കുന്നു. പിച്ചോള തടാകത്തിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ലെെറ്റുകൾ പ്രതിഫലിക്കുന്ന കാഴ്ച അതി മനോഹരമാണ്.
മുംബൈ
പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്ന ഒന്നാണ് മുംബെെയിലെ ദീപാവലി ആഘോഷം. നഗരകേന്ദ്രമായ മറെെമൻ ഡ്രെെവ് ദീപാവലി ആഘോഷത്തോടനുബന്ധിച്ച് വിവിധ നിറത്തിലുള്ള ലെെറ്റുകളാൽ അലങ്കരിക്കും. ദീപാവലിയുടെ അന്ന് രാത്രി വെടിക്കെട്ടും ഉണ്ടായിരിക്കും. ഗേറ്റ് വേ ഒഫ് ഇന്ത്യയും പ്രധാന മാർക്കറ്റുകളെല്ലാം ലെെറ്റ് കാണാനുള്ള ആളുകളെ കൊണ്ട് നിറയും.