Delimitation Protest: ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയം; യോഗത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തി മുഖ്യമന്ത്രി
Delimitation Protest in Chennai: കേന്ദ്ര സര്‍ക്കാരിന്റെ ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ നടത്തുന്ന പ്രതിഷേധത്തിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ക്ഷണം പിണറായി വിജയന്‍ സ്വീകരിക്കുകയായിരുന്നു. കേന്ദ്രത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് സിപിഎം കേന്ദ്ര നേതൃത്വ അനുമതി നല്‍കി.

ചെന്നൈ: ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെയുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നൈയില്‍ എത്തിയ അദ്ദേഹത്തെ തമിഴ്‌നാട് ഐടി മന്ത്രി പഴനിവേല്‍ ത്യാഗരാജന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. മാര്‍ച്ച് 22നാണ് സമ്മേളനം നടക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ നടത്തുന്ന പ്രതിഷേധത്തിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ക്ഷണം പിണറായി വിജയന്‍ സ്വീകരിക്കുകയായിരുന്നു. കേന്ദ്രത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് സിപിഎം കേന്ദ്ര നേതൃത്വ അനുമതി നല്‍കി.
മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട നീക്കത്തില്‍ ഇന്ത്യന്‍ തെക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് എംകെ സ്റ്റാലിന്റെ ആവശ്യം. ഇക്കാര്യം ന്യായമാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. വിഷയത്തിലുള്ള അന്തിമ അഭിപ്രായം സമന്വയത്തിലൂടെ മാത്രമാകണമെന്ന് പിണറായി വിജയനും പറഞ്ഞിരുന്നു.




ഒരു സംസ്ഥാനത്തിന്റെയും സീറ്റുകളുടെ ആനുപാതിക വിഹിതത്തില്‍ കുറവ് വരാതെ വേണം പുനര്‍നിര്‍ണയം നടത്താന്‍. ജനസംഖ്യാ നിയന്ത്രണ നടപ്പാക്കിയ സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ടാകരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ എംകെ സ്റ്റാലിന്‍ നടത്തുന്ന നീക്കം തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ളതാണെന്നാണ് എഐസിസി പറയുന്നത്. രേവന്ത് റെഡ്ഡി, ഡികെ ശിവകുമാര്‍ എന്നിവരെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സ്റ്റാലിന്‍ ക്ഷണിച്ചിട്ടുണ്ട്. ഇവര്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല.
ബീഹാര്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കോണ്‍ഗ്രസ് വടക്കേ ഇന്ത്യയ്ക്ക് എതിരാണെന്ന പ്രചാരം ബിജെപി ഉയര്‍ത്താനുള്ള സാഹചര്യമുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാകും എഐസിസി തീരുമാനമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.