AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Delhi Sacred Heart Church: ഡൽഹി സേക്രഡ് ഹാര്‍ട്ട് ചർച്ചിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച് പൊലീസ്; നടപടി പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Delhi Sacred Heart Church's Palm Sunday procession: സെന്റ് മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലേക്ക് പ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം. എന്നാൽ പൊലീസ് നിർദേശത്തെ തുടർന്ന് പള്ളി വളപ്പിൽ പ്രദക്ഷിണം നടക്കുമെന്ന് പള്ളി അധികൃതർ അറിയിച്ചു.

Delhi Sacred Heart Church: ഡൽഹി സേക്രഡ് ഹാര്‍ട്ട് ചർച്ചിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച്  പൊലീസ്; നടപടി പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
nithya
Nithya Vinu | Published: 13 Apr 2025 16:07 PM

ഡൽഹി: സേക്രട്ട് ഹാർട്ട് പള്ളിയിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച് ‍ഡൽഹി പൊലീസ്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് രാവിലെയാണ് അനുമതി നിഷേധിച്ചത്. പൊലീസ് നടപടിയിൽ ഡല്‍ഹി അതിരൂപതയുടെ കാത്തലിക് അസോസിയേഷന്‍ നിരാശ പ്രകടിപ്പിച്ചു.

സെന്റ് മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലേക്ക് പ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം. എന്നാൽ പൊലീസ് നിർദേശത്തെ തുടർന്ന് പള്ളി വളപ്പിൽ പ്രദക്ഷിണം നടക്കുമെന്ന് പള്ളി അധികൃതർ അറിയിച്ചു.

പൊലീസ് തീരുമാനത്തെ അം​ഗീകരിക്കുന്നതായി ഇടവക വികാരി ഫാ. ഫ്രാന്‍സിസ് സ്വാമിനാഥന്‍ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി കുരിശിന്റെ വഴി എന്ന പേരിൽ ഓശാന ഞായറാഴ്ച കുരുത്തോല പ്രദക്ഷിണം നടത്തുന്നുണ്ട്. ഏകദേശം രണ്ടായിരത്തോളം വിശ്വാസികളാണ് പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നത്. മുമ്പും സമാന രീതിയിൽ അനുമതി നിഷേധിച്ചിട്ടുണ്ടെന്നും ഫാദർ ചൂണ്ടിക്കാട്ടി.

ALSO READ: ഇന്ന് ഓശാന ഞായര്‍; പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും

അതേസമയം പൊലീസ് നടപടിയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. പൊലീസിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിതെന്നും മതവിശ്വാസങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ ബഹുസ്വര സമൂഹത്തിനു ചേർന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡൽ​ഹി പൊലീസ് നടപടി പ്രതിഷേധാർഹമാണ്. സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിത്. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ ബഹുസ്വര സമൂഹത്തിനു ചേർന്നതല്ല.