Delhi Railway Station Stampede: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം; ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം; ഡല്‍ഹി ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ചു
Delhi Railway Station Stampede Compensation: ആഹാ ദേവി, പിങ്കി ദേവി, ഷീലാ ദേവി, വ്യോം, പൂനം ദേവി, ലളിത ദേവി, സുരുച്ചി, കൃഷ്ണ ദേവി, വിജയ് സാഹ്, നീരജ്, ശാന്തി ദേവി, പൂജ കുമാർ, സംഗീത മാലിക്, പൂനം, മംത ഝ, റിയ സിംഗ്, ബേബി കുമാരി, മനോജ് എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും ധനസഹായം പ്രഖ്യാപിച്ചു

സംഭവസ്ഥലത്തെ ദൃശ്യം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും ധനസഹായം നല്‍കും. സംഭവത്തില്‍ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 18 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ദുരന്തത്തില്‍ അനുശോചിച്ചു. ദുരന്തവാര്‍ത്തയില്‍ താന്‍ ദുഃഖിതയാണെന്നും, മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.



Deeply anguished to know about the loss of lives in a stampede at New Delhi Railway station. I extend my heartfelt condolences to the bereaved families and pray for speedy recovery of those injured.
— President of India (@rashtrapatibhvn) February 16, 2025
പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പമാണ് തന്റെ ചിന്തകളെന്ന് പ്രധാനമന്ത്രിയും പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.
Read Also : മരിച്ചവരിൽ 11 സ്ത്രീകളും നാല് കുട്ടികളും; ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു
ശനിയാഴ്ച രാത്രി 9:30 ഓടെയാണ് അപകടമുണ്ടായത്. മഹാകുംഭമേളയ്ക്കു പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കും തിരക്കുമാണ് അപകടത്തിലേക്ക് നയിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.
Distressed by the stampede at New Delhi Railway Station. My thoughts are with all those who have lost their loved ones. I pray that the injured have a speedy recovery. The authorities are assisting all those who have been affected by this stampede.
— Narendra Modi (@narendramodi) February 15, 2025
തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ ശ്വാസംമുട്ടി ബോധരഹിതരായി. നിരവധി പേർ പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് അപകടം ഉണ്ടായത്. സ്വതന്ത്ര സേനാനി എക്‌സ്പ്രസും ഭുവനേശ്വർ രാജധാനിയും വൈകിയത് തിരക്ക് വര്‍ധിക്കാന്‍ കാരണമായി. ഇതാണ് അപ്രതീക്ഷിത തിക്കിലും തിരക്കിലേക്കും നയിച്ചത്.
ആഹാ ദേവി (79), പിങ്കി ദേവി (41), ഷീലാ ദേവി (50), വ്യോം (25), പൂനം ദേവി (40), ലളിത ദേവി (35), സുരുച്ചി (11), കൃഷ്ണ ദേവി (40), വിജയ് സാഹ് (15), നീരജ് (12), ശാന്തി ദേവി (40), പൂജ കുമാർ (8), സംഗീത മാലിക്, പൂനം (34), മംത ഝ (40), റിയ സിംഗ് (7), ബേബി കുമാരി (24), മനോജ് (47) എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.