Delhi Railway Station Stampede: ‘അറിയിപ്പ് നൽകിയതിലെ ആശയക്കുഴപ്പം; മൂന്നു ട്രെയിനുകൾ വൈകി’; ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തത്തെപ്പറ്റി പോലീസ്
New Delhi stampede: Confusion over Announcement: പ്രായാഗ്രാജിലേക്ക് പോകാനുള്ള രണ്ട് ട്രെയിനുകളുടെ പേരിലുണ്ടായ ആശയക്കുഴപ്പവും കാരണമായെന്നും പോലീസ് പറയുന്നു. പ്രയാഗ്‌രാജ് എക്സപ്രസ്, പ്രയാഗ്‌രാജ് സ്പെഷ്യൽ എന്നിവയാണ് ആ ട്രെയിനുകളെന്നും പോലീസ് പറയുന്നു.

ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി പോലീസ്. റെയിൽവേ അധികൃതർ നൽകി അറിയപ്പിലുണ്ടായ ആശയക്കുഴപ്പമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പ്രാഥമിക റിപ്പോർട്ട്. പ്രായാഗ്രാജിലേക്ക് പോകാനുള്ള രണ്ട് ട്രെയിനുകളുടെ പേരിലുണ്ടായ ആശയക്കുഴപ്പവും കാരണമായെന്നും പോലീസ് പറയുന്നു. പ്രയാഗ്‌രാജ് എക്സപ്രസ്, പ്രയാഗ്‌രാജ് സ്പെഷ്യൽ എന്നിവയാണ് ആ ട്രെയിനുകളെന്നും പോലീസ് പറയുന്നു.
പ്ലാറ്റ്ഫോം നമ്പർ 16-ൽ പ്രയാഗ്‌രാജ് സ്പെഷ്യൽ ട്രെയിൻ ഉടൻ എത്തിച്ചേരും എന്നായിരുന്നു റെയിൽവേ അധികൃതർ നൽകിയ അറിയിപ്പ്. എന്നാൽ ഇത് കേട്ട് 14-ാം നമ്പർ പ്ലാറ്റ്ഫോമിൽ പ്രയാഗ്‌രാജ് എക്സ്പ്രസിന് കാത്തിരുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കി. ഇതോടെ തങ്ങളുടെ ട്രെയിൻ അതാണ് എന്ന് തെറ്റ്ദ്ധരിച്ച് ഇവർ 16-ാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പോകാൻ തുടങ്ങിയതാണ് തിക്കും തിരക്കുമുണ്ടാക്കാൻ കാരണമായത്.
അതേമയം പ്രയാഗ്‌രാജിലേക്ക് പോകേണ്ട മൂന്നു ട്രെയിനുകൾ വൈകിയത് കാരണമാണ് റെയിൽവേ സ്റ്റേഷനിൽ ഇത്രയധികം ആളുകൾ തടിച്ചുകൂടാൻ ഇടയായതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനു പുറമെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനിനായി അനിയന്ത്രിതമായി ജനറല്‍ ടിക്കറ്റ് വിതരണം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓരോ മണിക്കൂറിലും 1,500ന് അടുത്ത് ജനറല്‍ ടിക്കറ്റുകള്‍ വിറ്റുവെന്നാണ് വിവരം.
14-ാമത്തെ പ്ലാറ്റ്ഫോമിൽ വന്ന പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ കയറാൻ സാധിക്കാത്തവർ 16-ാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് പോയതും കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമായതായും പോലീസ് പറയുന്നു. ദുരന്തത്തെ കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി ഞായറാഴ്ച രാവിലെ ഡൽഹി പോലീസ് ഉന്നതതല യോഗം ചേരുമെന്നാണ് വിവരം. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായി രണ്ടംഗ സമിതിയും അറിയിച്ചിട്ടുണ്ട്.