5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IAS Academy Student Death: സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർത്ഥികളുടെ മരണം; 13 കോച്ചിംഗ് സെൻ്ററുകൾ പൂട്ടിച്ചു

IAS Academy Student Death Incident: ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന 13 കോച്ചിംഗ് സെൻ്ററുകളാണ് പൂട്ടിച്ചത്. ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുൻസിപ്പൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലൈബ്രറിയിലേക്ക് വന്ന വിദ്യാർത്ഥികളാണ് ഇന്നലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്.

IAS Academy Student Death: സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർത്ഥികളുടെ മരണം; 13 കോച്ചിംഗ് സെൻ്ററുകൾ പൂട്ടിച്ചു
IAS Academy Student Death.
neethu-vijayan
Neethu Vijayan | Published: 29 Jul 2024 06:48 AM

ഡൽഹി: റാവൂസ് എന്ന സിവിൽ സർവ്വീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി വിദ്യാർത്ഥികൾ മരിച്ച (IAS Academy Student Death) സംഭവത്തിന് പിന്നാലെ കോച്ചിങ് സെൻ്ററുകൾക്ക് പൂട്ടുവീണു. ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ കോച്ചിങ് സെന്ററുകളിൽ നടത്തിയ പരിശോധനയിലാണ് പൂട്ടിവീണത്. ഇത്തരത്തിൽ ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന 13 കോച്ചിംഗ് സെൻ്ററുകളാണ് പൂട്ടിച്ചത്. ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുൻസിപ്പൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അപകടത്തിന് കാരണം അനാസ്ഥയാണെന്നും ചട്ടങ്ങൾ പാലിക്കാതെയാണ് റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ പ്രവർത്തിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ലൈബ്രറിയിലേക്ക് വന്ന വിദ്യാർത്ഥികളാണ് ഇന്നലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്. ബേസ്മെന്റിലായിരുന്നു റാവൂസ് സ്റ്റഡി സർക്കിളിൽ ലൈബ്രറി പ്രവർത്തിച്ചിരുന്നത്. എന്നാൽ ബേസ്മെന്റുകളിൽ പാർക്കിങ്ങ് നടത്താനും സാധനങ്ങൾ സൂക്ഷിക്കാനും മാത്രമാണ് അനുമതിയുണ്ടായിരുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന കെട്ടിടത്തിന്റെ ഫയർസേഫ്റ്റി സർട്ടിഫിക്കറ്റും പുറത്തുവന്നിട്ടുണ്ട്.

ALSO READ: ഡൽഹിയിൽ മരിച്ച വിദ്യാർത്ഥികളിൽ എറണാകുളം സ്വദേശിയുമുണ്ടെന്ന് സൂചന

കനത്ത മഴയ്ക്ക് പിന്നാലെയാണ് ഡൽഹി ഓൾഡ് രാജേന്ദ്രർ നഗറിൽ പ്രവർത്തിക്കുന്ന സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറിയത്. അപകടത്തിൽ മലയാളിയായ എറണാകുളം സ്വദേശി നെവിൻ ഡാൽവിൻ, തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്. ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി വെള്ളത്തിൽ മുങ്ങിയതോടെയാണ് വിദ്യാർത്ഥികൾ മരിക്കുന്നത്. വെള്ളം കയറുമ്പോൾ 40 വിദ്യാർത്ഥികളാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. മറ്റ് വിദ്യാർത്ഥികളാണ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചത്.

ദേശീയ ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്ക് മന്ത്രി അതിഷി മർലേന നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ആം ആദ്മി സർക്കാരിന് എതിരെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു. സർക്കാരിൻ്റെ അഴിമതി അന്വേഷിക്കണമെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച് ദേവ പറഞ്ഞു. ഓടകൾ ശുചീകരിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും വീരേന്ദ്ര സച്ച് ദേവ കുറ്റപ്പെടുത്തി.