Yashwant Varma: പണമിടപാട് വിവാദം; ജഡ്ജി യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചു
Yashwant Varma: സമീപകാല സംഭവങ്ങൾ കണക്കിലെടുത്ത്, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ജോലികൾ പിൻവലിക്കുന്നതായി ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ജസ്റ്റിസ് വർമ്മയുടെ ബെഞ്ച് കൈകാര്യം ചെയ്ത കേസുകൾ ചൊവ്വാഴ്ച മുതൽ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ചായിരിക്കും പരിഗണിക്കുക.

അനധികൃത പണമിടപാട് വിവാദത്തെ തുടർന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയെ ജുഡീഷ്യൽ ചുമതലകളിൽ നിന്ന് നീക്കി. സുപ്രീം കോടതിയുടെ നിർദ്ദേശം അനുസരിച്ച് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയയാണ് യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചത്. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കാൻ ചീഫ് ജസ്റ്റിസ് (സിജെഐ) സഞ്ജീവ് ഖന്ന ശനിയാഴ്ച മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചതിന് പിന്നാലെയാണ് നടപടി.
സമീപകാല സംഭവങ്ങൾ കണക്കിലെടുത്ത്, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ജോലികൾ പിൻവലിക്കുന്നതായി ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ജസ്റ്റിസ് വർമ്മയുടെ ബെഞ്ച് കൈകാര്യം ചെയ്ത കേസുകൾ ചൊവ്വാഴ്ച മുതൽ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ചായിരിക്കും പരിഗണിക്കുക.
തീപ്പിടിത്തത്തെ തുടർന്ന് വീട്ടിൽ നിന്ന് പണം പിടികൂടിയ വാർത്ത പുറത്ത് വന്നത് മുതൽ യശ്വന്ത് വർമ്മ കോടതിയിൽ എത്തിയിട്ടില്ല. അതേസമയം യശ്വന്ത് വർമ്മയ്ക്കെതിരായ ജുഡീഷ്യൽ അന്വേഷണം തുടരുകയാണ്. യശ്വന്ത് വർമ്മ സമീപകാലത്ത് പരിഗണിച്ച കേസ് വിവരങ്ങൾ പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിനായി കേസുകളുടെ വിവരങ്ങൾ അന്വേഷണ സംഘ തേടിയിട്ടുണ്ട്. യശ്വന്ത് വർമ്മയുടെയും, കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും മൊബൈൽ വിവരങ്ങളും വിശദമായി പരിശോധിക്കും.
പൊലീസും വർമ്മയും നൽകിയ വിവരങ്ങളിലുള്ള വൈരുദ്ധ്യവും അന്വേഷണസംഘം പരിശോധിക്കും. മാർച്ച് 14 ന് രാത്രി 11.30 ഓടെ പണം കണ്ടെത്തിയെങ്കിലും, അടുത്ത ദിവസം വൈകീട്ട് 4.30 ഓടെ മാത്രമാണ് പൊലീസ് ഇക്കാര്യം ചീഫ് ജസ്റ്റിസിനെ അറിയിച്ചത്. മാത്രമല്ല പണം കണ്ടെത്തിയ കാര്യം പൊലീസ് രേഖകളിൽ എവിടെയും പരാമർശിച്ചിട്ടില്ല. അതിനിടെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനുള്ള മറുപടിയിൽ തനിക്കെതിരെയുള്ള ആരോപണങ്ങളെ യശ്വന്ത് വർമ്മ തള്ളിയിരുന്നു. ഇത് തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും തന്നെ കുടുക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ശ്രമമാണെന്നും ജസ്റ്റിസ് വർമ്മ പറഞ്ഞു. താനോ കുടുംബാംഗങ്ങളോ തന്റെ വസതിയിലെ സ്റ്റോർറൂമിൽ ഒരിക്കലും പണം സൂക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം മറുപടി നൽകി.