Arvind Kejriwal: മദ്യനയ അഴിമതി കേസ്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം

Arvind Kejriwal Bail: ഇതേ കേസില്‍ മനീഷ് സിസോദിയ, കെ കവിത്, സഞ്ജയ് സിങ് എന്നിവര്‍ക്ക് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കൂടാതെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറിന്റെ സഹായിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞത് ജാമ്യമാണ് നീതി എന്നായിരുന്നു.

Arvind Kejriwal: മദ്യനയ അഴിമതി കേസ്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം

Arvind Kejriwal | PTI

Updated On: 

13 Sep 2024 11:41 AM

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. കെജ്‌രിവാള്‍ ജയില്‍ മോചിതനാകും. സുപ്രീംകോടതി ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഇതേ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കെജ്‌രിവാളിന് നേരത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്.

ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാതിരുന്ന കെജ്‌രിവാളിനെ സിബിഐ വിമര്‍ശിച്ചിരുന്നു. എന്നാല്‍ കേസ് വിചാരണക്കോടതിയിലേക്ക് വീണ്ടും വിടുന്നത് പാമ്പും കോണിയും കളി പോലെയാകുമെന്ന് കെജ്‌രിവാള്‍ കോടതിയില്‍ വാദിച്ചു.

ഇതേ കേസില്‍ മനീഷ് സിസോദിയ, കെ കവിത്, സഞ്ജയ് സിങ് എന്നിവര്‍ക്ക് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കൂടാതെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറിന്റെ സഹായിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞത് ജാമ്യമാണ് നീതി എന്നായിരുന്നു.

Also Read: Arvind Kejriwal: ഡൽഹി മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം, ജയിലിൽ തന്നെ തുടരും

മാര്‍ച്ച് 21നായിരുന്നു സംഭവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ജയിലില്‍ കഴിയുന്നതിനിടെ ജൂണ്‍ 26ന് സിബിഐയും അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പിന്നീട് ജയിലില്‍ കഴിയുന്നതിനിടെ കെജ്രിവാളിന് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നത്. മേയ് പത്തിനായിരുന്നു കെജ്രിവാള്‍ ജയില്‍ മോചിതനായത്, ജൂണ്‍ രണ്ട് വരെയായിരുന്നു ഇടക്കാല ജാമ്യ കാലാവധി.

സത്യം വിജയിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടിയും നുണയ്ക്കും ഗൂഢാലോചനയ്ക്കും മുകളില്‍ ഒരുതവണ കൂടി സത്യം വിജയിച്ചുവെന്ന് മനീഷ് സിസോദിയയും കെജ്‌രിവാളിന്റെ ജാമ്യ വിധിയില്‍ പ്രതികരിച്ചു.

100 കോടി രൂപ കോഴയായി കെജ്രിവാള്‍ ആവശ്യപ്പെട്ടതിന് നേരിട്ടുള്ള തെളിവുകളുണ്ടെന്നാണ് ആരോപണമാണ് ഇഡി ഉന്നയിച്ചത്. ഈ തുക ഗോവ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്നും ഇഡി ആരോപിച്ചിരുന്നു.

സംഭവത്തില്‍ ജൂണ്‍ 20ന് ഡല്‍ഹി കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. ഇഡിയുടെ കൈവശം മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ജൂണ്‍ 25ന് ഡല്‍ഹി ഹൈക്കോടതി ജാമ്യ ഉത്തരവ് സ്റ്റേ ചെയ്തു. ഇഡി സമര്‍പ്പിച്ച രേഖകള്‍ മുഴുവന്‍ പരിശോധിക്കാതെയാണ് കീഴ്‌കോടതി ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. ഇതേ ദിവസം തന്നെ സിബിഐ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്താണ് മദ്യനയ അഴിമതിക്കേസ്?

2021 നവംബറിലാണ് ഡല്‍ഹി സര്‍ക്കാര്‍ മദ്യനയം നടപ്പിലാക്കിയത്. പുതുക്കിയ മദ്യനയം അനുസരിച്ചുകൊണ്ട് മദ്യവില്‍പനയില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്മാറും. എന്നിട്ട് ഇത് മറ്റ് കമ്പനികള്‍ക്ക് നല്‍കും. ഡല്‍ഹിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകള്‍ വീതം. അങ്ങനെ 864 ഔട്ട്‌ലെറ്റുകള്‍ക്കാണ് ടെന്‍ഡര്‍ വിളിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

എല്ലാ നടപടികളും പൂര്‍ത്തിയാക്കി സ്വകാര്യ ഔട്ട്‌ലെറ്റുകളില്‍ മദ്യവില്‍പന ആരംഭിച്ചതോടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് വ്യപാക പരാതികള്‍ ഉയര്‍ന്നു. മദ്യ നയം നടപ്പാക്കിയ രീതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റും എംപിയുമായ മനോജ് തിവാരി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഇതേ തുര്‍ന്ന് പുതിയ മദ്യനയത്തില്‍ മദ്യവില്‍പനയുമായി ബന്ധപ്പെട്ട് ലൈസന്‍സികള്‍ ആവശ്യമില്ലാത്ത ആനുകൂല്യങ്ങള്‍ നല്‍കിയതായി ഡല്‍ഹി ചീഫ് സെക്രട്ടറി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേനയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.

ലൈസന്‍സ് ഫീയായി ഈടാക്കിയ വകയില്‍ നല്‍കിയ ഇളവ് സര്‍ക്കാരിന് 144.36 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി കണ്ടെത്തി. കൂടാതെ ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെണ് മദ്യനയം പാസാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെ 2022 ജൂലൈ 22ന് ചട്ടലംഘനങ്ങള്‍ക്കും നടപടിക്രമങ്ങളിലെ പിഴവുകള്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ സിബിഐയോട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു.

ഇതോടെ മദ്യനയത്തില്‍ നിന്നും 2022 ജൂലൈ 30ന് സര്‍ക്കാര്‍ പിന്മാറി. പുതിയ നയം തീരുമാനമാകുന്നത് വരെ ആറുമാസത്തേക്ക് പഴയ നയം മതിയെന്ന് എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എക്‌സൈസ് വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തു. വഞ്ചന, കൈക്കൂലി എന്നീ കുറ്റങ്ങള്‍ ചുമത്തി സിസോദിയക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ 2022 ഓഗസ്റ്റ് 17ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.

ഓഗസ്റ്റ് 19ന് സിസോദിയയുടെയും മറ്റ് മൂന്ന് ആം ആദ്മി പാര്‍ട്ടി അംഗങ്ങളുടെയും വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി. പിന്നീട് സിബിഐയില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞ ഇഡി കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തു. പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ള സിസോദിയയുടെ ലോക്കറുകള്‍ പരിശോധിച്ച സിബിഐ സെപ്റ്റംബര്‍ 27ന് എഎപി കമ്മ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജായ മലയാളി വിജയ് നായരെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് ആയിരുന്നു ഇത്.

2022 സെപ്റ്റംബര്‍ 28ന് മദ്യവ്യാപാരിയായ സമീര്‍ മഹേന്ദ്രു അറസ്റ്റിലാവുകയും ഒക്ടോബര്‍ 10ന് ഇടനിലക്കാരന്‍ അഭിഷേക് ബോയിന്‍പള്ളിയെ സിബിഐ അറസ്റ്റ് ചെയ്യുകയുമുണ്ടായി. നവംബര്‍ 24ന് വിജയ് നായര്‍, അഭിഷേക് ബോയിന്‍പള്ളി എന്നിവരുള്‍പ്പെടെ ഏഴുപേരെ പ്രതികളാക്കി സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിതയെ ഇഡി അഴിമതിക്കേസില്‍ ഉള്‍പ്പെടുത്തി കേസ് മറ്റൊരു തലത്തിലേക്കെത്തിച്ചു.

Also Read: Arvind Kejriwal: അരവിന്ദ് കെജരിവാളിന് ഒടുവിൽ ജാമ്യം

2023 ഫെബ്രുവരി 26ന് ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശേഷം മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു. ശേഷം എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. കേസില്‍ അറസ്റ്റിലായ ദിനേശ് അറോറ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മനീഷ് സിസോദിയയെ പരിചയപ്പെടുന്നത് സഞ്ജയ് സിങ് വഴിയാണെന്നും കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്താനും സഞ്ജയ് സിങാണ് വഴിയൊരുക്കിയതെന്നും ദിനേശ് അറോറ മൊഴി നല്‍കിയിരുന്നു.

2024 മാര്‍ച്ച് 19ന് അറസ്റ്റില്‍ നിന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ ഹൈക്കോടതിയെ സമീപിക്കുന്നു. ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളുകയും തുടര്‍ന്ന് ചോദ്യം ചെയ്യലിനൊടുവില്‍ കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related Stories
Woman Sends Mangasutra: ‘ഭർത്താവ് ജീവനൊടുക്കിയതിൽ നടപടിയെടുക്കണം’; ആഭ്യന്തര മന്ത്രിക്ക് താലി അയച്ച് യുവതി
Husband Sets Himself On Fire: വിവാഹമോചന അപേക്ഷ പിൻവലിക്കാൻ ഭാര്യ തയ്യാറായില്ല; സ്വയം തീകൊളുത്തി യുവാവ് ജീവനൊടുക്കി
Uber and Ola: ഒരേ സേവനത്തിന് ഐഒഎസിലും ആന്‍ഡ്രോയിഡിലും വ്യത്യസ്ത നിരക്ക്; യൂബറിനും ഒലയ്ക്കും കേന്ദ്രത്തിന്റെ നോട്ടീസ്‌
Netaji Subhas Chandra Bose Jayanti 2025: നേതാജി സുഭാഷ് ചന്ദ്ര ബോസ് ജനിച്ചത് എവിടെയെന്ന് നരേന്ദ്ര മോദി… കുട്ടികളുടെ ഉത്തരം ഇങ്ങനെ
Republic Day 2025: 1950 മുതൽ റിപ്പബ്ലിക് ദിനത്തിൽ പങ്കെടുത്ത മുഖ്യാതിഥികൾ ആരെല്ലാം?
Kashmir Mystery Illness: കശ്മീരിലെ നി​ഗൂഢ രോ​ഗം; ഒരാളുടെ നില ​ഗുരുതരം, കണ്ടെയിൻമെന്റ് സോണായി ബദാൽ
ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി