Delhi New CM: ഡൽഹി മുഖ്യമന്ത്രി ആര്? പ്രഖ്യാപനം ആറരക്ക്?
Delhi CM Announcement : രാവിലെ 11:15 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:25-വരെയാണ് പരിപാടി. മുഖ്യമന്ത്രിയുടെ സത്യപ്രതിഞ്ജ നടക്കുന്നത് ഉച്ചയ്ക്ക് 12:05 ന് ആയിരിക്കും, സർക്കാർ അധികാരമേറ്റെടുക്കുന്നതിന് മുമ്പുതന്നെ, ഉദ്യോഗസ്ഥ തലത്തിൽ സർക്കാരിന്റെ 100 ദിവസത്തെ കർമ്മ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി വരികയാണ്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള പ്രഖ്യാപനം കാത്തിരിക്കുകയാണ് മാധ്യമങ്ങളടക്കമുള്ളവർ. ഇന്ന് (ബുധൻ) വൈകുന്നേരം ആറരയോടെ ബിജെപി മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും ഫെബ്രുവരി 20-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12:05-നാണ് ഡൽഹി രാംലീലാ മൈതാനിയിൽ മുഖ്യമന്ത്രിയുടെ സത്യപ്രതിഞ്ജാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 11:15 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:25-വരെയാണ് പരിപാടി. മുഖ്യമന്ത്രിയുടെ സത്യപ്രതിഞ്ജ നടക്കുന്നത് ഉച്ചയ്ക്ക് 12:05 ന് ആയിരിക്കും, ഇത് ശുഭകരമായമാണെന്നാണ് വിശ്വസിക്കുന്നത്.
സാധ്യതാ പട്ടികയിൽ
പർവേഷ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ എന്നിവരാണ് മുഖ്യമന്ത്രിയുടെ സാധ്യതാ പട്ടികയിലുള്ളത്. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത് പ്രമുഖ ജാട്ട് നേതാവായ പർവേഷ് വർമ്മയുടെ ശക്തി കൂടിയായതിനാൽ അദ്ദേഹത്തിൻ്റെ സാധ്യത കൂടുതലാണ്. പവൻ ശർമ്മ, രേഖ ഗുപ്ത, ആശിഷ് സൂദ്, വീരേന്ദ്ര സച്ച്ദേവ, ശിഖ റായ് എന്നിവരാണ് മറ്റ് സാധ്യതയുള്ള സ്ഥാനാർത്ഥികൾ.
ബിജെപി നിയമസഭാ കക്ഷി യോഗം
പുതിയ മുഖ്യമന്ത്രിയെ നിശ്ചിയിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയുടെ നിയമസഭാ കക്ഷി യോഗം ബുധനാഴ്ച ചേരും. ആദ്യം ഉച്ചകഴിഞ്ഞ് 3.30 ന് നിശ്ചയിച്ചിരുന്ന യോഗം പിന്നീട് വൈകുന്നേരം 7 മണിയിലേക്ക് മാറ്റി. ഈ യോഗത്തിലാണ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നത്. രാംലീല മൈതാനിയിൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഏകദേശം 30,000 പേർക്കാണ് ക്ഷണം. ചടങ്ങിന് മുമ്പ്, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം ഡൽഹിയിൽ നടക്കും. യോഗത്തിന് ശേഷം ഈ നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കുചേരും.
പുതിയ സർക്കാർ അധികാരമേറ്റെടുക്കുന്നതിന് മുമ്പുതന്നെ, സർക്കാർ ഉദ്യോഗസ്ഥ തലത്തിൽ സർക്കാരിന്റെ 100 ദിവസത്തെ കർമ്മ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്ന ഒരു കാബിനറ്റ് കുറിപ്പിന് ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ അന്തിമരൂപം നൽകുകയാണ്. പാർട്ടിയുടെ “വികസിത ഡൽഹി സങ്കൽപ്പ് പത്ര-2025” അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി
രാംലീല മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം, പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ആദ്യ മന്ത്രിസഭാ യോഗത്തിനായി നേരെ ഡൽഹി സെക്രട്ടേറിയറ്റിലേക്ക് പോകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. യോഗത്തിൽ മന്ത്രിമാർക്ക് അവരുടെ വകുപ്പുകളെക്കുറിച്ച് വിശദീകരിച്ചു നൽകും. കൂടാതെ, ഫെബ്രുവരി 20 ന് വൈകുന്നേരം നടക്കുന്ന ഈ യോഗത്തിൽ ചില പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുമെന്നും തീരുമാനങ്ങൾ എടുക്കുമെന്നും പ്രതീക്ഷിക്കുന്നു.