Delhi Elections 2025: 500 രൂപക്ക് ഗ്യാസ് സിലിണ്ടർ, സൗജന്യ റേഷന്‍: വനിതകൾക്ക് മാസം തോറും തുക- വാഗ്ദാനങ്ങൾ നിരവധി
Delhi Assembly Elections 2025 Election Manifesto Offers: 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ പരിരക്ഷയും സ്ത്രീകൾക്ക് പ്രത്യേക തുകയും അടക്കം നിരവധി ആനുകൂല്യങ്ങൾ വിവിധ പാർട്ടികൾ മുന്നോട്ട് വെക്കുന്നുണ്ട്
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനങ്ങളുടെ പെരുമഴയാണ് ഡൽഹി പിടിച്ചെടുക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്യുന്നത്.300 യൂണിറ്റ് സൗജന്യ വൈദ്യുതിയും 500 രൂപയ്ക്ക് എൽപിജി സിലിണ്ടറുകളും സൗജന്യ റേഷൻ കിറ്റുകളും നൽകുമെന്നാണ് കോൺഗ്രസ് തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. അധികാരത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും 2,500 രൂപ വീതം നൽകുമെന്ന് കോൺഗ്രസ് കഴിഞ്ഞ ആഴ്ചയും വാഗ്ദാനം ചെയ്തിരുന്നു. ജനുവരി 8-ന് ഗ്രാൻഡ് ഓൾഡ് പാർട്ടി ‘ജീവൻ രക്ഷാ യോജന’ എന്ന പേരിൽ മറ്റൊരു പദ്ധതിയും പ്രഖ്യാപിച്ചിരുന്നു, 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ പരിരക്ഷയാണ് ഇതിൽ വാഗ്ദാനം ചെയ്യുന്നത്. അധികാരത്തിലെത്തിയാൽ വിദ്യാസമ്പന്നരും തൊഴിലില്ലാത്തവരുമായ യുവാക്കൾക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 8,500 രൂപ നൽകുമെന്നും കോൺഗ്രസ്സ് പാർട്ടി വാഗ്ദാനം ചെയ്തിരുന്നു.
നിലവിൽ ആംആദ്മി പാർട്ടി നൽകി വരുന്ന എല്ലാ സൗജന്യ ആനുകൂല്യങ്ങളും തുടരുമെന്നാണ് അരവിന്ദ് കെജ്രിവാളിൻ്റെയും സംഘത്തിൻ്റെയും പ്രാഥമിക വാഗ്ദാനം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഉയർത്തിയ ‘മോദി കി ഗ്യാരണ്ടി’ മുദ്രാവാക്യത്തിൻ്റെ മാതൃകയിൽ ‘കെജ്‌രിവാളിൻ്റെ ഗ്യാരണ്ടി’ എന്നാണ് പ്രകടന പത്രികയുടെ പേര് . ഫെബ്രുവരി അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഡൽഹിയിലെ സ്ത്രീ വോട്ടർമാരുടെ (ആദായനികുതി ഇതര) പ്രതിമാസ തുക 1,000 രൂപയിൽ നിന്ന് 2,100 രൂപയായി ഉയർത്തുമെന്ന് എഎപി വാഗ്ദാനം ചെയ്തിട്ടുണ്ട്.
സഞ്ജീവനി യോജന’ പ്രകാരം, 60 വയസ്സിന് മുകളിലുള്ള താമസക്കാർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നൽകുമെന്ന് എഎപി വാഗ്ദാനം ചെയ്തിട്ടുണ്ട്. പൂജാരി ഗ്രന്ഥി സമ്മാൻ യോജന പ്രകാരം പ്രതിമാസം 18,000 രൂപ ഓണറേറിയം പുരോഹിതരെയും ഗുരുദ്വാരകളെയും ആകർഷിക്കാൻ പാർട്ടി ശ്രമിക്കുന്നുണ്ട് . ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് 15 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്, അവരുടെ പെൺമക്കളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ ധനസഹായം, വർഷത്തിൽ രണ്ടുതവണ 2,500 രൂപ യൂണിഫോം അലവൻസ് എന്നിവയാണ് കെജ്‌രിവാൾ വാഗ്ദാനം ചെയ്തത്.
ഡൽഹി ജൽ ബോർഡിൻ്റെ (ഡിജെബി) തെറ്റായ ജല ബില്ലുകൾ എഴുതിത്തള്ളൽ, വീടുകളിൽ ശുദ്ധമായ കുടിവെള്ളം വിതരണം, പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയും പ്രകടനപത്രികയുടെ ഭാഗമായി പാർട്ടി വാഗ്ദാനം ചെയ്യുന്നുണ്ട്. റസിഡൻ്റ്‌സ് വെൽഫെയർ അസോസിയേഷനുകൾ (ആർഡബ്ല്യുഎ) സ്വകാര്യ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നതിന് ഫണ്ട് നൽകുമെന്നും എഎപി പറയുന്നു.
അതേസമയം ബിജെപിയുടെ പ്രകടന പത്രിക അധികം താമസിക്കാതെ തന്നെ പ്രസിദ്ധീകരിക്കും. സങ്കൽപ് പത്ര എന്ന് പേരിട്ടിരിക്കുന്ന പത്രികയിൽ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 2,500 രൂപ മുതൽ 3,000 രൂപ വരെ സ്ത്രീകൾക്ക് പ്രതിമാസ സാമ്പത്തിക സഹായ പദ്ധതി ഉൾപ്പെടുത്തിയേക്കാം എന്ന് സൂചനയുണ്ട്. സൗജന്യ ബസ് യാത്രാ പദ്ധതി പുരുഷ വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും കൂടി നടപ്പാക്കിയേക്കാം. വീടുകളിൽ 300 യൂണിറ്റ് വരെയും ആരാധനാലയങ്ങൾക്ക് 500 യൂണിറ്റും സൗജന്യ വൈദ്യുതിയും പ്രതീക്ഷിക്കുന്ന ഒന്നാണ്. പ്രധാനമന്ത്രി സൂര്യ ഘർ യോജന, ഒരു വർഷത്തിനുള്ളിൽ യമുന നദി വൃത്തിയാക്കൽ, മാലിന്യ കൂമ്പാരങ്ങളുടെ നിർമ്മാർജനം, സോളാർ പദ്ധതിയുടെ വ്യാപനം. സുരക്ഷിത യാത്ര ഉറപ്പാക്കാൻ യൂണിവേഴ്സിറ്റി സ്പെഷൽ ബസുകൾ സിഎൻജി, ഇലക്ട്രിക് ബസുകളുടെ എണ്ണം വർധിപ്പിക്കുംക എന്നിവയും പ്രതീക്ഷിക്കുന്ന പ്രഖ്യാപനങ്ങളെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.