Delhi Airport : ഡൽഹി വിമാനത്താവളത്തിലെ അപകടത്തെ തുടർന്ന് റദ്ദാക്കിയ വിമാനടിക്കറ്റുകളുടെ പണം പൂർണമായി മടക്കിനൽകും
Delhi Airport Roof Collapse : ഡൽഹി വിമാനത്താവളത്തിലുണ്ടായ അപകടത്തെ തുടർന്ന് റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ പണം പൂർണമായും യാത്രക്കാർക്ക് മടക്കിനൽകുമെന്ന് വ്യോമയാനമന്ത്രി. അപകടത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഡൽഹി വിമാനത്താവളത്തിലെ അപകടത്തെ (Delhi Airport Roof Collapse) തുടർന്ന് റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ പണം പൂർണമായി മടക്കിനൽകുമെന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായ്ഡു കിഞ്ജരാപു. അപകടം വ്യോമയാന മന്ത്രാലയം കൃത്യമായി വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തിലെ മേൽക്കൂര തകർന്നതിനെ തുടർന്ന് ടെർമിനൽ ഒന്നിലെ പ്രവർത്തനങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണി വരെ അവസാനിപ്പിച്ചിരുന്നു.
“ഇന്ന് പുലർച്ചെ അഞ്ചിന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ ദൗർഭാഗ്യകരമായ ഒരു അപകടം നടന്നു. ഇന്നലെ രാത്രിയിലെ കനത്ത മഴയിൽ പെട്ട് മേൽക്കൂരയിലെ ഒരു ഭാഗം തകർന്നുവീണു. അപകടത്തിൽ ജീവൻ നഷ്ടമായ ആൾക്ക് എൻ്റെ ആദരഞ്ജലി അർപ്പിക്കുന്നു.”- മന്ത്രി പറയുന്നു.
വിവരം അറിഞ്ഞയുടൻ ദേശീയ ദുരന്ത നിവാരണ സമിതിയെയും സിഐഎസ്എഫിനെയും ദ്രുതകർമ്മ സേനയെയുമൊക്കെ സ്ഥലത്തേക്ക് അയച്ചു. നിലവിൽ ടെർമിനലിൻ്റെ മറ്റ് ഭാഗങ്ങൾ അടച്ചിരിക്കുകയാണ്. രണ്ട് മണി വരെ വിമാനങ്ങളെല്ലാം റദ്ദാക്കി. യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇതും വായിക്കൂ
അപകടത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഡൽഹി – എൻ സി ആർ മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് സംഭവം.
ഈ സംഭവത്തിൻ്റെ ഫലമായി, ടെർമിനൽ 1-ൽ നിന്നുള്ള എല്ലാ വിമാനങ്ങളുടെ ഡിപ്പാർച്ചറും താൽക്കാലികമായി നിർത്തിവച്ചു എന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. സുരക്ഷാ നടപടിയെന്ന നിലയിൽ ചെക്ക്-ഇൻ കൗണ്ടറുകൾ അടച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് തടസ്സം നേരിട്ടതിൽ തങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു, എന്തെങ്കിലും അസൗകര്യമുണ്ടായതിൽ ക്ഷമ ചോദിക്കുന്നു എന്നും അധികൃതർ അറിയിച്ചിരുന്നു.
സംഭവം നടന്ന ഉടൻ തന്നെ ഡൽഹിയിലെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. പുലർച്ചെ തന്നെ മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിരുന്നു. മേൽക്കൂര തകർന്ന് പരിക്കേറ്റ നാലാമത്തെയാൾ മേൽക്കൂര തകർന്നു വീണ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതിനാൽ അഗ്നിശമന സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്.
മേൽക്കൂര തകർന്നു വീണ് ഒരു കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് കാറിൻ്റെ മുകൾഭാഗവും ചില്ലുകളും പൂർണമായും തകർന്നതായി ദൃശ്യങ്ങളിൽ കാണാം. ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിലെ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണ് റോഡ് ഗതാഗതവും തടസപ്പെട്ടതായാണ് റിപ്പോർട്ട്.
അടുത്ത രണ്ട് മണിക്കൂറിൽ ഡൽഹിയിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനേ തുടർന്ന് ജാഗ്രത നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ഡൽഹിയിൽ മഴ കനക്കുകയാണ്. കടുത്ത ചൂടിനു പിന്നാലെയാണ് കനത്ത മഴയും എത്തിയിരിക്കുന്നത്.