5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Delhi Air Pollution : ഡൽഹിയിൽ ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി; ട്രക്കുകൾ നിരോധിച്ചു; വായുമലിനീകരണം രൂക്ഷം

Delhi Air Pollution Trains And Flights Delayed : ഡൽഹിയിലെ വായുമലിനീകരണത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ. വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കുകയോ വൈകുകയോ ചെയ്തു. ട്രക്കുകൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കും ഡൽഹിയിൽ പ്രവേശിക്കുന്നതിന് വിലക്കാണ്.

Delhi Air Pollution : ഡൽഹിയിൽ ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി; ട്രക്കുകൾ നിരോധിച്ചു; വായുമലിനീകരണം രൂക്ഷം
ഡൽഹി വായുമലിനീകരണം (Image Credits - PTI)
abdul-basith
Abdul Basith | Published: 19 Nov 2024 08:42 AM

രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായി തുടരുന്നു. ഡൽഹിയിലും പരിസരപ്രദേശങ്ങളിലും പുകമഞ്ഞിൻ്റെ പാട തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ പ്രദേശത്തെ വായുഗുണനിലവാരം ഏകദേശം 500നരികെ എത്തിയിട്ടുണ്ട്. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ചിൻ്റെ റിപ്പോർട്ട് പ്രകാരം ഡൽഹിയിലെ ആകെ വായുഗുണനിലവാര സൂചിക ഇന്ന് രാവിലെ 6 മണിക്ക് 494 ആയിരുന്നു. അതീവഗുരുതരമെന്ന വിഭാഗത്തിലാണ് വായു.

ഡൽഹിയിലാകെ വായുഗുണനിലവാരം കണക്കാക്കാൻ 35 മോണിട്ടറിങ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 500 ആണ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞത് 480. ഇത് ദ്വാരകയിലാണ്. തുടർച്ചയായ രണ്ടാം ദിവസവും മൂടൽ മഞ്ഞ് മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കനത്ത പുകമഞ്ഞ് കാഴ്ചമറയ്ക്കുന്നതിനാൽ ഡൽഹിയിൽ ട്രെയിനുകളും വിമാനങ്ങളും വൈകുകയോ റദ്ദാക്കുകയോ ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ മാത്രം 9 ട്രെയിനുകൾ റദ്ദാക്കുകയും 22 ട്രെയിനുകൾ വൈകി യാത്ര ആരംഭിക്കുകയും ചെയ്തു. വിമാനങ്ങളെയും മോശം വായുഗുണനിലവാരം ബാധിച്ചു. ‘ഡൽഹി, അമൃത്സർ, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ മഞ്ഞാണ്. ഇത് യാത്രയെ ബാധിക്കുന്നുണ്ട്. ചിലപ്പോൾ വിമാന സർവീസുകളുടെ സമയത്തെ ഇത് ബാധിച്ചേക്കും. അതുകൊണ്ട് തന്നെ സുഗമമായ യാത്രയ്ക്കായി വേണ്ടവിധത്തിൽ തയ്യാറാവുക.”- ഇൻഡിഗോ എയർലൈൻസ് വാർത്താകുറിപ്പിൽ അറിയിച്ചു.

Also Read : Kailash Gahlo: ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ട് രാജിവച്ചു; കേജ്‍രിവാളിനെ വിമർശിച്ച് കത്ത്

തിങ്കളാഴ്ച തലസ്ഥാനത്തെ വായുഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നാലാം ഘട്ട പദ്ധതിയ്ക്ക് തുടക്കമിട്ടിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ എല്ലാ സ്കൂളുകളും അടച്ചു. ചില സ്കൂളുകളിൽ ക്ലാസുകളിൽ ഓൺലൈനിലേക്ക് മാറ്റി. ഡൽഹി യൂണിവേഴ്സിറ്റിയും ജെഎൻയുവും ഈ മാസം 22 വരെ ഓൺലൈൻ ക്ലാസുകൾ നടത്താൻ തീരുമാനിച്ചു.

നാലാം ഘട്ട മാർഗനിർദ്ദേശങ്ങളനുസരിച്ച് ഡൽഹിയിൽ രജിസ്റ്റർ ചെയ്ത പഴയ ഡീസൽ വാഹനങ്ങൾക്കും ഹെവി ഗുഡ്സ് വാഹനങ്ങൾക്കും വിലക്കേർപ്പെടുത്തി. ഈ വാഹനങ്ങൾ രാജ്യതലസ്ഥാനത്ത് പ്രവേശിക്കാൻ പാടില്ല. ട്രക്കുകൾക്കും ഡൽഹിയ്ക്ക് പുറത്ത് രജിസ്റ്റർ ചെയ്ത മറ്റ് വാഹനങ്ങൾക്കും വിലക്കാണ്. ഇവയ്ക്കും ഡൽഹിയിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല. അത്യാവശ്യ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾക്ക് ഇളവുണ്ട്. ഇതിനൊപ്പം സർക്കാർ, സർക്കാർ ഇതര ഓഫീസുകൾ 50 ശതമാനം പേരെ വച്ച് മാത്രം പ്രവർത്തിക്കാൻ നിർദ്ദേശം നൽകി. ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കണം. വായുഗുണനിലവാരം മെച്ചപ്പെടുത്താൻ തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്. ടൂറിസം, ഷോപ്പിംഗ് തുടങ്ങി വിവിധ മേഖകളിൽ നിയന്ത്രണം ഏർപ്പെടുത്തുമോ എന്ന് ആശങ്ക നിലനിൽക്കുന്നുണ്ട്.

നാലാം ഘട്ട മാർഗനിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന് സുപ്രീം കോടതിയാണ് ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടത്. നടപ്പാക്കാൻ എന്തുകൊണ്ടാണ് ഇത്ര വൈകിയത് എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബഞ്ചാണ് നിർദ്ദേശം നൽകിയത്. ഉടൻ തന്നെ ആവശ്യമുള്ള ടീമുകളെ ഉണ്ടാക്കി പ്രത്യേക പ്ലാൻ ഉണ്ടാക്കണമെന്നും വായുഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ എത്രയും വേഗം ഊർജിതമാക്കണമെന്നും കോടതി സർക്കാരിന് കർശനിർദ്ദേശം നൽകുകയായിരുന്നു. ഗുണനിലവാര സൂചിക 450ന് താഴെ വന്നാലും ഈ മാർഗനിർദ്ദേശങ്ങൾ തുടരണമെന്നും അനുവാദം നൽകാതെ ഇത് പിൻവലിക്കരുത് എന്നും സുപ്രിം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.