5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Capital Punishment in India: തൂക്കുകയര്‍ കാത്ത് 600 ഓളം പേര്‍; ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുന്നതെങ്ങനെ?

How is the Death Penalty Carried Out in India: കേരളത്തില്‍ ഇതുവരെ 26 പേരെയാണ് തൂക്കിലേറ്റിയത്. 1958ലാണ് ആദ്യമായി സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കുന്നത്. 1960 മുതല്‍ 1963 വരെയുള്ള കാലഘട്ടത്തില്‍ അഞ്ച് പേരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. കേരളത്തില്‍ വധശിക്ഷ നടപ്പാക്കിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.

Capital Punishment in India: തൂക്കുകയര്‍ കാത്ത് 600 ഓളം പേര്‍; ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുന്നതെങ്ങനെ?
Image Credit source: Freepik
shiji-mk
Shiji M K | Updated On: 21 Jan 2025 14:38 PM

പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതോടെ പലര്‍ക്കും ഉണ്ടായ സംശയമാണ് എങ്ങനെയാണ് വധശിക്ഷ നടപ്പാക്കുന്നതെന്ന്. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളിലാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വധശിക്ഷ വിധിക്കുന്നത്. നിരവധി കേസുകളില്‍ രാജ്യത്ത് വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയില്‍ തൂക്കുകയറിലേക്ക് എത്തിയ കേസുകള്‍ വളരെ കുറവാണ്.

കേരളത്തില്‍ നടപ്പാക്കിയ വധശിക്ഷകള്‍

കേരളത്തില്‍ ഇതുവരെ 26 പേരെയാണ് തൂക്കിലേറ്റിയത്. 1958ലാണ് ആദ്യമായി സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കുന്നത്. 1960 മുതല്‍ 1963 വരെയുള്ള കാലഘട്ടത്തില്‍ അഞ്ച് പേരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. കേരളത്തില്‍ വധശിക്ഷ നടപ്പാക്കിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.

പിന്നീട് 1967 മുതല്‍ 1972 വരെയുള്ള കാലഘട്ടത്തില്‍ മൂന്ന് വധശിക്ഷയും നടപ്പാക്കി. 1991ലാണ് കേരളത്തില്‍ അവസാനമായി വധശിക്ഷ നടപ്പാക്കിയത്. 14 പേരെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്ന റിപ്പോര്‍ ചന്ദ്രനെയായിരുന്നു അത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചായിരുന്നു ചന്ദ്രന്റെ വധശിക്ഷ നടപ്പാക്കിയത്.

അതിന് ശേഷം കേരളത്തില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല. ഷാരോണ്‍ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ ജയിലുകളില്‍ തൂക്കുകയര്‍ കാത്ത് കിടക്കുന്ന പ്രതികളുടെ എണ്ണം 40 ആയി.

ഇന്ത്യയിലെ കണക്കുകള്‍

2023ല്‍ പുറത്തുവന്ന കണക്കുപ്രകാരം ഇന്ത്യയില്‍ വധശിക്ഷയ്ക്ക് വിധിച്ച് ജയിലുകളില്‍ കഴിയുന്നവരുടെ എണ്ണം 560ന് മുകളിലാണ്. ഇതില്‍ 15 പേര്‍ സ്ത്രീകളാണ്. 2022ല്‍ 165 ഉം 2023ല്‍ 120 പേരുടെയും വധശിക്ഷകള്‍ ആണ് വിചാരണക്കോടതികള്‍ വിധിച്ചത്.

എന്നാല്‍ 2,000 ത്തിന് ശേഷം മേല്‍ക്കോടതികള്‍ ചില വധശിക്ഷകള്‍ മാത്രമാണ് ശരിവെച്ചത്. വധശിക്ഷയ്ക്ക് വിധിച്ച 480 ന് മുകളില്‍ കേസുകള്‍ മേല്‍ക്കോടതികളുടെ പരിഗണനയിലുണ്ട്. ഇന്ത്യയില്‍ അവസാനമായി വധശിക്ഷ നടപ്പാക്കിയത് 2020ലാണ്. ഡല്‍ഹിയിലെ നിര്‍ഭയ കേസിലെ പ്രതികളായ മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെ 2020 മാര്‍ച്ച് 20നായിരുന്നു തിഹാര്‍ ജയിലില്‍ വെച്ച് തൂക്കിലേറ്റിയത്.

പ്രതികള്‍ക്ക് മേല്‍ക്കോടതികളെ സമീപിക്കാം

കീഴ്‌ക്കോടതികള്‍ വധശിക്ഷയ്ക്ക് വിധിച്ചാലും പ്രതികള്‍ക്ക് അപ്പീലുമായി മേല്‍ക്കോടതികളെ സമീപിക്കാവുന്നതാണ്. മാത്രമല്ല സുപ്രീംകോടതി ഈ ഹരജി റദ്ദാക്കിയാല്‍ രാഷ്ട്രപതിക്ക് ദയാഹരജി നല്‍കാനും പ്രതിക്ക് സാധിക്കും. ഇവിടങ്ങളിലെല്ലാം വധശിക്ഷ ശരിവെച്ചെങ്കില്‍ മാത്രമേ പ്രതിയെ തൂക്കിലേറ്റുകയുള്ളൂ.

Also Read: Sharon Raj Murder Case: കേരളത്തില്‍ അവസാന വധശിക്ഷ നടപ്പാക്കിയത് 34 വര്‍ഷം മുമ്പ്; ശിക്ഷ കാത്ത് ജയില്‍ കഴിയുന്നവര്‍ 39 പേര്‍

ദയാഹരജി തള്ളുന്നവരെ മറ്റ് തടവുകാര്‍ കഴിയുന്നത് പോലെ തന്നെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരും ജയിലില്‍ കഴിയേണ്ടത്. മറ്റുതടവുകാരോടൊപ്പം താമസിപ്പിക്കുകയും ജയിലിലെ ജോലികള്‍ ചെയ്യിക്കുകയും ചെയ്യും. എന്നാല്‍ ഇവര്‍ക്ക് പരോള്‍ ലഭിക്കില്ല.

വധശിക്ഷ നടപ്പാക്കുന്നതെങ്ങനെ?

രാഷ്ട്രപതി ദയാഹരജി തള്ളിയതിന് ശേഷമാണ് പ്രതിയെ ഏകാന്ത തടവിന് വിധേയമാക്കുന്നത്. ആ സമയം മുതല്‍ ഒറ്റയ്ക്ക് ഒരു സെല്ലിലായിരിക്കും പ്രതിയുടെ താമസം. ഇവര്‍ക്ക് മാനസിക വിദഗ്ധന്റെ സഹായം നല്‍കും. ദിവസവും ഡോക്ടര്‍മാര്‍ ഇവരെ പരിശോധിക്കുകയും ചെയ്യും.

വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പായി പ്രതി മാനസികമായും മരണത്തിനായി തയാറാകേണ്ടതുണ്ട്. പൂര്‍ണ ആരോഗ്യം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് വധശിക്ഷ നടപ്പാക്കുക. തൂക്കിലേറ്റുന്നതിന് മുമ്പ് പ്രതിയുടെ ഭാരം കൊലക്കയറിന് താങ്ങാനാകുമോ എന്നും പരിശോധിക്കും. സൂര്യനുദിക്കുന്നതിന് മുമ്പാണ് വധശിക്ഷ നടപ്പാക്കുക.

കേരളത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയിട്ടുള്ളത്. ഇവിടെ രണ്ട് തൂക്കുമരവും തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഒരു തൂക്കുമരവുമാണ് ഉള്ളത്. എന്നാല്‍ ഒരു ജയിലിലും സ്ഥിരമായി ആരാച്ചാര്‍ ഉണ്ടാകില്ല. ഒരു വധശിക്ഷ നടപ്പാക്കുന്നതിന് രണ്ട് ലക്ഷം രൂപയാണ് ആരാച്ചാര്‍ക്ക് പ്രതിഫലമായി നല്‍കുക.