5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sitaram Yechury: സീതാറാം യെച്ചൂരിക്ക് വിട നൽകി രാജ്യം; മൃതദേഹം എയിംസ് ആശുപത്രിക്ക് കൈമാറി

Sitaram Yechury: സിപിഎം പോളിറ്റ് ബ്യൂറോ അം​ഗങ്ങളും പാർട്ടി പ്രവർത്തകരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേരാണ് വിലാപ യാത്രയെ അനു​ഗമിച്ചത്.

Sitaram Yechury: സീതാറാം യെച്ചൂരിക്ക് വിട നൽകി രാജ്യം; മൃതദേഹം എയിംസ് ആശുപത്രിക്ക് കൈമാറി
Credits PTI
athira-ajithkumar
Athira CA | Updated On: 14 Sep 2024 18:24 PM

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യാത്രമൊഴി നല്‍കി രാജ്യം. ഭൗതിക ശരീരം ഡൽഹി എയിംസിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി കെെമാറി. ഡൽഹിയിലെ പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം എയിംസിൽ എത്തിച്ചത്. സിപിഎം പോളിറ്റ് ബ്യൂറോ അം​ഗങ്ങളും പാർട്ടി പ്രവർത്തകരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേരാണ് വിലാപ യാത്രയെ അനു​ഗമിച്ചത്. വെെകിട്ട് 3.30 ന് അശോക ന​ഗറിലൂടെ ആരംഭിച്ച വിലാപ യാത്ര 5 മണിയോടെ എയിംസിൽ എത്തി. മൃതദേഹം കുടുംബാം​ഗങ്ങളും മുതിർന്ന നേതാക്കളും ചേർന്ന് അനാട്ടമി വിഭാ​ഗത്തിന് കെെമാറി.

എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി പേർ ആദാരാജ്ഞലി അർപ്പിച്ചു. കേന്ദ്ര മന്ത്രി ജെപി നദ്ദ, സോണിയ ഗാന്ധി, ശരദ് പവാര്‍, അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയ കക്ഷി നേതാക്കള്‍ യെച്ചൂരിക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു. എയിംസിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ, പോളിറ്റ് ബ്യൂറോ അം​ഗങ്ങൾ, കുടുംബം എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്.

ജെഎൻയുവിലും വസന്ത് കുഞ്ചിലെ വസതിയിലും പൊതുദർശനമുണ്ടായിരുന്നു. പ്രിയ നേതാവിന് വികാര ഭരിതമായ യാത്രയയപ്പാണ് ജെഎൻയുവിലെ വിദ്യാർത്ഥികൾ നൽകിയത്. ജെഎൻയുവിലെ എസ്എഫ്ഐയ്ക്ക് അടിത്തറപാകിയത് യെച്ചൂരിയായിരുന്നു. ലാൽസലാം മുഴക്കിയാണ് പ്രിയസഖാവിന് യാത്രാമൊഴിയേകിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ എംയിസിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച്ച വെെകിട്ട് 3.05-നായിരുന്നു യെച്ചൂരിയുടെ അന്ത്യം.

സീതാറം യെച്ചൂരി

ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി, സർവേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായി 1952 ഓഗസ്റ്റ് 12ന് തമിഴ്നാട്ടിലെ മദ്രാസിലാണ് ജനിച്ചത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയ യെച്ചൂരി ജെഎൻയുവിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ജെഎൻയുവിൽ നിന്നാണ് ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് യെച്ചൂരി കടന്നുവന്നത്.

1974ൽ എസ്എഫ്ഐയിൽ അംഗമായി. മൂന്ന് തവണ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി. അടിയന്തിരാവസ്ഥ കാലത്ത് മുതിർന്ന സിപിഎം നേതാക്കൾക്കൊപ്പം യെച്ചൂരിയും അറസ്റ്റിലായി. 1986-ൽ SFI ദേശീയ പ്രസിഡന്റായി. 1984-ൽ 32-ാം വയസ്സിൽ സിപിഎം കേന്ദ്രക്കമ്മിറ്റിയിലെത്തി. 1988-ൽ തിരുവനന്തപുരത്ത് നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗവുമായി. 1992-ൽ മദ്രാസിൽ നടന്ന പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോ അംഗമായി.

2015ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസിലാണ് സിപിഎം ജനറൽ സെക്രട്ടറിയായത്. 2018ൽ ഹൈദരാബാദിലെ പാർട്ടി കോൺഗ്രസിൽ വീണ്ടും സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ പാർട്ടി കോൺഗ്രസിൽ മൂന്നാം വട്ടവും സിപിഎം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.സിപിഎം മുഖപത്രം പീപ്പിൾസ് ഡെമോക്രസിയുടെ എഡിറ്ററാണ്. 2005-ൽ പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.