Data Protection Act: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധം; കരട് പ്രസിദ്ധീകരിച്ച് കേന്ദ്രം
Data Protection Act Draft Released : വ്യക്തിഗതവിവര സംരക്ഷണവുമായി ബന്ധപ്പെട്ട് ഡേറ്റ പ്രൊട്ടക്ഷൻ റൂൾസ്, 2025ൻ്റെ കരട് പ്രസിദ്ധീകരിച്ച് ഐടി മന്ത്രാലയം. ഇൻ്റർനെറ്റ് ഉപയോഗം, വ്യക്തിഗത വിവരങ്ങൾ, ഇ കൊമേഴ്സ്, സോഷ്യൽ മീഡിയ തുടങ്ങി വിവിധ കാര്യങ്ങളാണ് ഈ കരടിലുള്ളത്.
ഇൻ്റർനെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട ഡിജിറ്റൽ പേഴ്സണൽ ഡേറ്റ പ്രൊട്ടക്ഷൻ റൂൾസ്, 2025ൻ്റെ കരട് പ്രസിദ്ധീകരിച്ച് കേന്ദ്രം. 18 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാക്കുന്നതടക്കം പല നിർദ്ദേശങ്ങളുമടങ്ങുന്നതാണ് ഐടി മന്ത്രാലയം പ്രസിദ്ധീകരിച്ച കരട് ബിൽ. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കരടിൽ പൊതുജനങ്ങൾക്ക് എതിർപ്പുകളും നിർദ്ദേശങ്ങളും അറിയിക്കാം. സർക്കാരിന്റെ സിറ്റിസൺ എൻഗേജ്‌മെൻ്റ് പ്ലാറ്റ്‌ഫോമായ MyGov.in വഴി ഇവ അറിയിക്കാനാവും. 2025 ഫെബ്രുവരി 18ന് ശേഷമാവും ഈ അഭിപ്രായങ്ങൾ പരിഗണിക്കുക.
ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യവും സുരക്ഷിതവുമായ രീതിയിൽ ഇൻ്റർനെറ്റ് ഉപയോഗം സാധ്യമാകുന്നതാണ് കരടിലെ നിർദ്ദേശങ്ങൾ. ഇവയിലൂടെ തങ്ങളുടെ വ്യക്തിഗത വിവരങ്ങളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം ലഭിക്കും. തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്യാൻ ഉപഭോക്താക്കൾക്ക് ആവശ്യപ്പെടാം. തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ എന്തിന് ശേഖരിക്കുന്നു എന്ന് അറിയാൻ ഉപഭോക്താവിന് അവകാശമുണ്ടായിരിക്കും. വ്യക്തിഗത വിവരങ്ങളിൽ കമ്പനികൾ കൂടുതൽ സുതാര്യത പാലിയ്ക്കണമെന്നും നിർദ്ദേശമുണ്ട്. ഇവയിൽ ഏതെങ്കിലും ലംഘിച്ചു എന്ന് തെളിഞ്ഞാൽ 250 കോടി രൂപ വരെയുള്ള കനത്ത പിഴയും കമ്പനികൾ ഒടുക്കേണ്ടിവരും.
കുട്ടികളുടെയും രക്ഷകർത്താവുള്ള, വൈകല്യമുള്ളവരുടെയും വ്യക്തിവിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക അനുമതി വേണം. വ്യക്തിഗത വിവരങ്ങൾ പ്രാദേശികമായി മാത്രമേ സൂക്ഷിക്കാവൂ. മുൻപ് ഡേറ്റ പ്രൊട്ടക്ഷൻ ആക്ട് പുതുക്കിയപ്പോൾ ഈ നിബന്ധന എടുത്തുകളഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യാൻ ചുമതല നൽകിയിരിക്കുന്ന സ്ഥാപനങ്ങളും പ്രായപൂർത്തിയാവാത്തവരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് മുൻപ് മാതാപിതാക്കളുടെയോ രക്ഷിതാവിൻ്റെയോ സമ്മതം ഉറപ്പാക്കണം. കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിരവധി നിർദ്ദേശങ്ങൾക്കൊപ്പം ഉപഭോക്തൃ അവകാശങ്ങൾക്കും കരട് ഊന്നൽ നൽകുന്നുണ്ട്. ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നതിനെ ചോദ്യം ചെയ്യാനും വ്യക്തമായ വിശദീകരണം ആവശ്യപ്പെടാനും ഉപഭോക്താക്കൾക്ക് അവകാശം നൽകുന്നത് കൂടിയാണ് ബിൽ.
ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിൽ വരുന്ന ഇ – കൊമേഴ്സ് പ്ലാറ്റ്ഫോമുകളെപ്പറ്റി കൃത്യമായ നിർവചനവും കരട് നൽകുന്നുണ്ട്. സെല്ലർ ഇനി ഇതിൻ്റെ പരിധിയിൽ വരില്ല. ഉപഭോക്തൃ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ മാത്രമായി ഒതുങ്ങും. ഇങ്ങനെ പല കാര്യങ്ങളിലും പ്രത്യേക നിർവചനങ്ങളും കരട് നൽകുന്നുണ്ട്. ഓൺലൈൻ ഗെയിമിങ് ഇടനിലക്കാർ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിങ്ങനെ വിവിധ കാര്യങ്ങളിൽ കരട് നിർവചനം നൽകുന്നു. ഇവർക്കൊക്കെ പ്രത്യേക മാർഗനിർദ്ദേശങ്ങളുമുണ്ട്.
ഈ നിയമങ്ങളൊക്കെ പാലിക്കപ്പെടുന്നുണ്ടെൻ ഉറപ്പുവരുത്താൻ ഒരു ഡേറ്റ പ്രൊട്ടക്ഷൻ ബോർഡ് സ്ഥാപിയ്ക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇത് ഡിജിറ്റൽ റെഗുലേറ്ററി ബോഡി ആയാവും പ്രവർത്തിക്കുക. ഈ ബോർഡ് റിമോട്ട് ഹിയറിങുകൾ നടത്തി നിയമലംഘനങ്ങൾ അന്വേഷിക്കുകയും തെറ്റ് തെളിഞ്ഞാൽ പിഴ വിധിയ്ക്കുകയും ചെയ്യും. കുട്ടികളുടെ വിവരസംരക്ഷണത്തിന് ഊന്നൽ നൽകിയാണ് കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സന്നദ്ധസംഘടനകൾ ഉൾപ്പെടെ ചില അവസരങ്ങളിൽ ഇവയിൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്.