Cyclone Fengal: ലാന്‍ഡിങ് ശ്രമത്തിനിടെ ഇടത്തേക്ക് ചെരിഞ്ഞു, വിമാനത്താവളത്തില്‍ ഇറക്കാനാകാതെ വീണ്ടും പറന്നുയര്‍ന്ന് ഇന്‍ഡിഗോ ! വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്-വീഡിയോ
Indigo Flight Landing: ഇൻഡിഗോ എയർലൈൻസിൻ്റെ എയർബസ് എ320 നിയോ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാണ്
ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് മൂലം തമിഴ്‌നാട്ടിലും, പുതുച്ചേരിയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കേരളത്തിലടക്കം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനിടെ ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡിങിന് ശ്രമിച്ച ഒരു വിമാനം വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ഇൻഡിഗോ എയർലൈൻസിൻ്റെ എയർബസ് എ320 നിയോ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാണ്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പതിവുപോലെ വിമാനത്താവളത്തില്‍ എത്തിയ വിമാനം ലാന്‍ഡിങിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ ലാന്‍ഡിങ് ശ്രമത്തിനിടെ വിമാനം ഇടത്തേക്ക് ചരിഞ്ഞു. ലാന്‍ഡിങ് സുരക്ഷിതമായി നടക്കില്ലെന്ന് വ്യക്തമായതോടെ വിമാനം വീണ്ടും പറന്നുയരുകയായിരുന്നു.
चेन्नई में हादसा बचा । ख़राब मौसम के कारण लैंडिंग में उस तरह दिक्कत आई और फ्लाइट उतर नहीं पाया pic.twitter.com/NMMPWMij02
— Narendra Nath Mishra (@iamnarendranath) December 1, 2024
റണ്‍വേയില്‍ വെള്ളം കെട്ടിക്കിടന്നതും ലാന്‍ഡിങ് ദുഷ്‌കരമാക്കിയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തത്.
ജാഗ്രതാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ചെന്നൈ വിമാനത്താവളം ഞായറാഴ്ച പുലര്‍ച്ചെ വരെ അടച്ചിട്ടിരുന്നു. നിരവധി വിമാന സര്‍വീസുകളടക്കം റദ്ദാക്കിയിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ വിമാനത്താവളം ഞായറാഴ്ച വീണ്ടും തുറന്നു.
സംസ്ഥാനത്തും മഴ ശക്തമാകും
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ച (ഡിസംബര്‍ രണ്ട്) നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് തിങ്കളാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററില്‍ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇന്ന് (ഡിസം.1) കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലും, നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും, ചൊവ്വാഴ്ച തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലും, ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.