Nagina Mansuri: 2021 മുതല്‍ കാണാനില്ല; അന്ന് 14 വയസ് പ്രായം; നാഗിനയ്ക്കായി അന്വേഷണം; വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20,000 രൂപ
Gujarat Surat missing case: 2021 മുതല്‍ കാണാതായ പെണ്‍കുട്ടിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈം ബ്രാഞ്ച്. ഗുജറാത്ത് സ്വദേശിനിയായ നാഗിന മന്‍സൂരിയ്ക്കായാണ് അന്വേഷണം. 2021ല്‍ കാണാതാകുമ്പോള്‍ 14 വയസ് മാത്രമായിരുന്നു നാഗിനയുടെ പ്രായം

സൂറത്ത്: 2021 മുതല്‍ കാണാതായ പെണ്‍കുട്ടിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈം ബ്രാഞ്ച്. ഗുജറാത്ത് സ്വദേശിനിയായ നാഗിന മന്‍സൂരിയ്ക്കായാണ് അന്വേഷണം. 2021ല്‍ കാണാതാകുമ്പോള്‍ 14 വയസ് മാത്രമായിരുന്നു നാഗിനയുടെ പ്രായം. കുട്ടിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ആറ് പോലീസ് ഇൻസ്‌പെക്ടർമാരും 12 സബ് ഇൻസ്‌പെക്ടർമാരും അടങ്ങുന്ന സംഘമാണ് അന്വേഷണ ടീമിലുള്ളത്. നഗരത്തിലുടനീളം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. 2021 മാർച്ച് 30 ന് ലിംബായത്തിലെ വീട്ടിൽ നിന്നാണ് നാഗിനയെ കാണാതായത്.
മാതാപിതാക്കൾ, മൂന്ന് സഹോദരിമാർ, ഒരു സഹോദരൻ എന്നിവരോടൊപ്പമായിരുന്നു താമസം. പുറത്തുപോയ കുടുംബാംഗങ്ങള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നാഗിനയെ കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് 2023ല്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. അടുത്തിടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.
ഐഎസ്‌ഐയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി
അതേസമയം, പാകിസ്ഥാന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്‌ഐയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയയാളെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റു ചെയ്തു. ഫിറോസാബാദിലെ ഓര്‍ഡ്‌നന്‍സ് ഫാക്ടറി ജീവനക്കാരനായ രവീന്ദ്ര കുമാറാണ് പിടിയിലായത്. ഇയാളുടെ ഒരു സഹായിയെയും അറസ്റ്റു ചെയ്തു. ഗംഗയാൻ ബഹിരാകാശ പദ്ധതി, മിലിട്ടറി ലോജിസ്റ്റിക്സ് ഡെലിവറി ഡ്രോണ്‍ എന്നിവയുൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ രവീന്ദ്ര കുമാർ ചോര്‍ത്തിയതായി യുപി എടിഎസ് മേധാവി നിലബ്ജ ചൗധരി വെള്ളിയാഴ്ച പറഞ്ഞു.




‘നേഹ ശര്‍മ്മ’ എന്ന് പരിചയപ്പെടുത്തിയ യുവതി രവീന്ദ്ര കുമാറിനെ ഹണിട്രാപില്‍ കുരുക്കുകയായിരുന്നു. ഐഎസ്‌ഐ ഏജന്റായ ഈ യുവതിയുടെ വലയില്‍ വീണ ഇയാള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. രവീന്ദ്ര കുമാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത് സംബന്ധിച്ച് യുപി എടിഎസിനും, മറ്റ് ഏജന്‍സികള്‍ക്കും മുന്നറിയിപ്പ് ലഭിച്ചിരുന്നു.
Read Also : Amritsar Golden Temple: സുവർണക്ഷേത്രത്തിൽ തീർത്ഥാടകർക്കെതിരെ ആക്രമണം; 5 പേർക്ക് പരിക്ക്
തുടര്‍ന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തു. വിശദമായി ചോദ്യം ചെയ്യുന്നതിന് എടിഎസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി. ഈ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ‘ചന്ദൻ സ്റ്റോർ കീപ്പർ 2’ എന്ന പേരിലാണ് ഇയാള്‍ ഐഎസ്‌ഐ ഏജന്റിന്റെ നമ്പര്‍ സേവ് ചെയ്തിരുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
തുടര്‍ന്ന് വാട്‌സാപ്പിലൂടെയായി ചാറ്റിങ്. വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതും വാട്‌സാപ്പിലൂടെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. താന്‍ ജോലി ചെയ്യുന്ന ഫാക്ടറിയിലെ ദൈനംദിന പ്രൊഡക്ഷന്‍ റിപ്പോര്‍ട്ട്, സ്‌റ്റോറുകളുടെ വിവരങ്ങള്‍, മറ്റ് രേഖകള്‍, സ്റ്റോക്കിന്റെ വിശദാംശങ്ങള്‍ എന്നിവയും ഇയാള്‍ ചോര്‍ത്തി നല്‍കി.
വളരെക്കാലമായി ഇവരുമായി പരിചയമുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. സംഭവത്തെ തുടര്‍ന്ന് ഓര്‍ഡ്‌നന്‍സ് ഫാക്ടറിക്കും, പ്രതിരോധ മേഖലയിലെ മറ്റ് സ്ഥാപനങ്ങള്‍ക്കും സുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.