Bengaluru Accident : വാഹനം വാങ്ങിയത് രണ്ട് മാസം മുമ്പ്, പിന്നാലെ അപ്രതീക്ഷിത ദുരന്തം; ബെംഗളൂരു വാഹനാപകടത്തില്‍ മരിച്ചത് പ്രമുഖ കമ്പനിയുടെ സിഇഒയും കുടുംബവും
Nelamangala accident in Bengaluru : പിതാവിനെ കാണാൻ കുടുംബം മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് പോകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ട്രക്ക് ഡ്രൈവറും ജാര്‍ഖണ്ഡ് സ്വദേശിയുമായ ആരിഫിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചത് പ്രമുഖ കമ്പനിയുടെ സിഇഒയും കുടുംബവുമെന്ന് റിപ്പോര്‍ട്ട്. ചന്ദ്രം യെഗപഗോൾ (48), ഭാര്യ ഗൗരാഭായി (42), മകൻ ഗ്യാൻ (16), മകൾ ദീക്ഷ (12), യെഗപഗോളിൻ്റെ ഭാര്യാസഹോദരി വിജയലക്ഷ്മി (36), വിജയലക്ഷ്മിയുടെ മകള്‍ ആര്യ (6) എന്നിവരാണ് മരിച്ചത്. ഐഎഎസ്ടി സോഫ്റ്റ്‌വെയർ സൊല്യൂഷൻസിൻ്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായിരുന്നു ചന്ദ്രം യെഗപഗോൾ.
ബെംഗളൂരുവിലെ ടെക്ക് ഇന്‍ഡസ്ട്രിയില്‍ പ്രമുഖനായിരുന്നു ഇദ്ദേഹം. എച്ച്എസ്ആര്‍ ലേഔട്ടിലായിരുന്നു താമസിച്ചിരുന്നത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ മോര്‍ബാഗി സ്വദേശിയാണ്. ജിപിടി ഗുൽബർഗയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ഡിപ്ലോമയും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കർണാടക (എൻഐടികെ) സൂറത്ത്കലിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും നേടിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലില്‍ നിന്ന് വ്യക്തമാകുന്നു.
റോബർട്ട് ബോഷ് എഞ്ചിനീയറിംഗ് ആൻഡ് ബിസിനസ് സൊല്യൂഷൻസ്, കെപിഐടി ടെക്‌നോളജീസ്, ഗ്രേറ്റ് വാൾ മോട്ടോർ തുടങ്ങിയ കമ്പനികളിൽ യെഗാപഗോൾ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇവര്‍ സഞ്ചരിച്ച വോൾവോ എസ്‌യുവിയിൽ കണ്ടെയ്‌നർ ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബംഗളൂരുവിലെ നെലമംഗലയ്ക്ക് സമീപം ദേശീയപാത 48 ലാണ് അപകടമുണ്ടായത്. അലൂമിനിയം തൂണുകളുമായെത്തിയ ഐഷർ ട്രക്ക് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ട്രക്ക് അതിവേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. ട്രക്ക്, മീഡിയൻ കടന്ന് തുംകുരു ഭാഗത്തേക്ക് പോവുകയായിരുന്ന വോൾവോ കാറിന്റെ മുകളിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന ആറു പേരും ഉടനടി മരിച്ചു. കാര്‍ തകരുകയും ചെയ്തു. ട്രക്ക് ഒരു ടെമ്പോയിലും ഇടിച്ചെന്നാണ് റിപ്പോര്‍ട്ട്. ടെമ്പോയില്‍ കേടുപാടുകള്‍ കുറവാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
പിതാവിനെ കാണാൻ കുടുംബം മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് പോകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ട്രക്ക് ഡ്രൈവറും ജാര്‍ഖണ്ഡ് സ്വദേശിയുമായ ആരിഫിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം ഓടിക്കുന്നതിനിടെ മുമ്പിലുണ്ടായിരുന്ന ഒരു നീല കാറിന്റെ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയെന്നും, തുടര്‍ന്ന് തനിക്ക് വാഹനം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും ആരിഫ് മാധ്യമങ്ങളോട് പറഞ്ഞു. വണ്ടിയില്‍ ഇടിക്കാതിരിക്കാന്‍ സ്റ്റിയറിംഗ് വീല്‍ വലത്തോട്ട് തിരിച്ചു. അപ്പോള്‍ ആ ദിശയില്‍ മറ്റൊരു കാര്‍ വരുന്നത് കണ്ട് വീണ്ടും ഇടത്തേക്ക് തിരിച്ചു. ഇതാണ് അപകടകാരണമെന്നും ഡ്രൈവര്‍ വിശദീകരിച്ചു.
Read Also : മുംബൈ ഫെറി അപകടം; ജീവൻ രക്ഷിക്കാനായി മാതാപിതാക്കൾ മക്കളെ വെള്ളത്തിലെറിയാനൊരുങ്ങി എന്ന് വെളിപ്പെടുത്തൽ
എന്നാല്‍ തന്റെ ട്രക്ക് മറിഞ്ഞ് എസ്‌യുവി തകർന്നതും ആറ് പേര്‍ മരിച്ചതും ആരിഫ് അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ആരിഫിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 21നാണ് ചന്ദ്രം യെഗപഗോള്‍ കാര്‍ വാങ്ങിയതെന്ന് ബന്ധു പറഞ്ഞു. മൃതദേഹങ്ങൾ അന്തിമ ചടങ്ങുകൾക്കായി മോർബാഗിയിലേക്ക് കൊണ്ടുപോയി. കാറിന് മുകളില്‍ നിന്ന് ട്രക്ക് മാറ്റുവാന്‍ ആറു ക്രെയിനുകള്‍ കൊണ്ടുവരേണ്ടി വന്നതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സി.കെ. ബാബ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.