CNI Woman Bishop : സിഎസ്ഐയ്ക്ക് പിന്നാലെ സിഎൻഐ സഭയ്ക്കും ആദ്യ വനിത ബിഷപ്പ്
Woman Bishops In India : സിഎൻഐയുടെ എപ്പിസ്കോപ്പൽ ഇലക്ഷൻ സമ്മേളനത്തിലൂടെയാണ് പുതിയ വനിത ബിഷപ്പിനെ തിരഞ്ഞെടുത്തത്
ആംഗ്ലീക്കൻ ക്രൈസ്തവ സഭയുടെ ഭാഗമായ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയും (സിഎൻഐ) ആദ്യ വനിത ബിഷപ്പിനെ വാഴിച്ചു. ഒഡീഷ സ്വദേശിനി റെവ. വൈലെറ്റ് നായക്കിനെയാണ് (55) സഭയുടെ ആദ്യ വനിത ബിഷപ്പായി നിയമിച്ചുകൊണ്ട് സിഎൻഐ ചരിത്രം കുറിച്ചത്. ഇന്നലെ മെയ് 21-ാം തീയതി സഭ അസ്ഥാനമായ ഡൽഹി റിഡെംഷൻ കത്ത്രീഡലിൽ വെച്ച് സിഎൻഐ സഭ അധ്യക്ഷൻ ബി കെ നായക്കാണ് റവ. വൈലെറ്റിനെ ബിഷപ്പായി വാഴിച്ചത്. ഒഡീഷയിലെ ഫുൽബാനി മഹാ ഇടവകയുടെ ബിഷപ്പായി റവ. വയലെറ്റ് നായക് ചുമതലയേറ്റു.
2001 മുതൽ 22 വർഷമായി ഫുൽബാനിയിൽ മഹാ ഇടവകയിൽ പുരോഹിതയായി പ്രവർത്തിക്കുകയായിരുന്നു റവ. വൈലെറ്റ്. ഒഡീഷയിൽ ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുന്ന മേഖലയാണ് ഫുൽബാനി. സെറാംപൂർ കോളേജിൽ വേദശാസ്ത്രത്തിൽ ബിരുദം നേടിയിരുന്നു. സമിർ സാഹു ആണ് റവ വൈലെറ്റിൻ്റെ ഭർത്താവ്. സിഎൻഐയുടെ എപ്പിസ്കോപ്പൽ ഇലക്ഷൻ പൊതുയോഗത്തിലാണ് റവ വൈലെറ്റിനെ സഭയുടെ ആദ്യ വനിത ബിഷപ്പായി നിയമിക്കാനുള്ള ചരിത്ര തീരുമാനം എടുക്കുന്നത്.
ALSO READ : പങ്കാളി ജീവിച്ചിരിക്കെ മുസ്ലിങ്ങള്‍ക്ക് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് സാധിക്കില്ല: അലഹബാദ് ഹൈക്കോടതി
രാജ്യത്തെ ആദ്യ വനിത ബിഷപ്പ്
ദക്ഷിണേന്ത്യ കേന്ദ്രമായി പ്രവർത്തിക്കുന്ന സിഎസ്ഐ സഭയാണ് ഇന്ത്യയിൽ ആദ്യമായി വനിത ബിഷപ്പിനെ നിയമിക്കുന്നത്. 2013ൽ ആന്ധ്ര പ്രദേശിലെ നന്ദിയാലെ മഹാ ഇടവകയുടെ ബിഷപ്പായി റവ എഗോണി പുഷ്പലളിതയെ വാഴിച്ചാണ് സിഎസ്ഐ ചരിത്രം കുറിക്കുന്നത്. ആംഗ്ലിക്കൻ സഭയുടെ ദക്ഷിണേഷ്യൻ മേഖലയിലെ ആദ്യ വനിത ബിഷപ്പും കൂടിയാണ് റവ പുഷ്പലളിത