Chitradurga Murder: ഭാര്യയെ കൊന്നതിന് ജയില്‍വാസം; തിരികെയെത്തി 20കാരിയെ വിവാഹം ചെയ്തു, 40കാരനെ കൊലപ്പെടുത്തി കുടുംബം
Chitradurga Manjunath Murder Case: ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം അയല്‍വാസിയായ പെണ്‍കുട്ടിയുമായി മഞ്ജുനാഥ് പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടുകയും വിവാഹം ചെയ്യുകയുമുണ്ടായി. എന്നാല്‍ മഞ്ജുനാഥുമൊത്തുള്ള വിവാഹത്തില്‍ അതൃപ്തി തോന്നിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു
ചിത്രദുര്‍ഗ: കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മാതാപിതാക്കള്‍. 20 കാരിയായ യുവതിയെ വിവാഹം കഴിച്ച 40 കാരനെയാണ് മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. ചിത്രദുര്‍ഗയ്ക്കടുത്തുള്ള കോണനൂര്‍ സ്വദേശിയായ മഞ്ജുനാഥ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളായ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 20 പേര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
20 കാരിയുമൊത്ത് നടന്നത് മഞ്ജുനാഥിന്റെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭാര്യ ശില്‍പയുടെ മരണവുമായി ബന്ധപ്പെട്ട് മഞ്ജുനാഥ് ജയില്‍വാസം അനുഭവിച്ചിട്ടുമുണ്ട്. ശില്‍പയെ വിവാഹം ചെയ്ത് വഞ്ചിച്ചുവെന്നും ഇതേത്തുടര്‍ന്ന് അവര്‍ തന്റെ വീട്ടില്‍ വെച്ച് തൂങ്ങിമരിക്കുകയായിരുന്നുവെന്നുമാണ് മഞ്ജുനാഥിനെതിരെയുള്ള കേസ്.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം അയല്‍വാസിയായ പെണ്‍കുട്ടിയുമായി മഞ്ജുനാഥ് പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടുകയും വിവാഹം ചെയ്യുകയുമുണ്ടായി. എന്നാല്‍ മഞ്ജുനാഥുമൊത്തുള്ള വിവാഹത്തില്‍ അതൃപ്തി തോന്നിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
നായകനഹട്ടിയിലെ ഹൊസഗുഡ്ഡ ക്ഷേത്രത്തില്‍ വെച്ച് 20 ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മഞ്ജുനാഥിന്റെയും പെണ്‍കുട്ടിയുടെയും വിവാഹം. ഇക്കാര്യമറിഞ്ഞ വീട്ടുകാര്‍ ഇയാളെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ശേഷം, മകളുടെയും മഞ്ജുനാഥിന്റെ വിവാഹം എല്ലാവരുടെയും സാന്നിധ്യത്തില്‍ വെച്ച് നടത്താമെന്ന് സമ്മതിക്കുകയും ചെയ്തു. ശേഷം യുവതിയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോവുകയായിരുന്നു.
എന്നാല്‍ വീട്ടില്‍ തിരികെയെത്തിയ മഞ്ജുനാഥിനെ ഭാര്യവീട്ടുകാര്‍ വടിയും ഇരമ്പ് ദണ്ഡും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.