India-China Ladakh Issue : ലഡാക്കിൽ കടന്നുകയറി ചൈന രണ്ട് കൗണ്ടികൾ സ്ഥാപിച്ചു; കാര്യങ്ങൾ എല്ലാം അറിയുന്നുണ്ടെന്ന് കേന്ദ്രം
China New Counties in Ladakh : ചൈനയുടെ നീക്കത്തിനെതിരെ നയതന്ത്ര മേഖലയിലൂടെ പ്രതിഷേധം അറിയിച്ചുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ലോക്സഭയിൽ അറിയിച്ചു.

ന്യൂ ഡൽഹി : കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ ചൈന അനധികൃതമായി കടന്നുകയറി രണ്ട് കൗണ്ടികൾ സ്ഥാപിച്ചുയെന്ന വിവരം അറിയാമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സംഭവത്തിൽ ചൈനയ്ക്കെതിരെ നയതന്ത്ര മാർഗത്തിലൂടെ ഗൗരവമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്രം മാർച്ച് 21-ാം തീയതി വെള്ളിയാഴ്ച പാർലമെൻ്റിൽ അറിയിച്ചു.
ലോക്സഭയിലെ ചോദ്യോത്തരവേളയിലാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് ഇക്കാര്യം രേഖമൂലം അറിയിച്ചത്. ലഡാക്കിൽ ചൈനീസ് അധിനിവേശം ഉണ്ടായെന്നും അതിന് ഇന്ത്യ ഒരിക്കലും അനുവാദം നൽകിട്ടില്ലയെന്നും വിദേശകാര്യ സഹമന്ത്രി ലോക്സഭയിൽ രേഖമൂലം അറിയിച്ചു. അനധികൃതമായ ചൈനീസ് നീക്കത്തിനെതിരെ നയതന്ത്രപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
ലഡാക്കിലെ ഇന്ത്യൻ പ്രദേശം ഉൾപ്പെടുത്തികൊണ്ട് ചൈനയുടെ ഹോട്ടാൻ മേഖലയിൽ രണ്ട് പുതിയ കൗണ്ടികൾ സ്ഥാപിച്ചതിനെക്കുറിച്ച് സർക്കാരിന് അറിയുമോ, ഇതിനെതിരെ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന പ്രതിപക്ഷം ചോദ്യത്തിനായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി രേഖമൂലം മറുപടി നൽകിയത്. രാജ്യത്തിൻ്റെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവികാസങ്ങളും സർക്കാർ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. അവ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടികളും കേന്ദ്രം എടുക്കുന്നുണ്ടെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.