Chhattisgarh Maoist Encounter: ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ; 17 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Chhattisgarh Maoist Encounter Latest News: തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് ഖുദാമി ജഗദീഷ് എന്ന ബുധ്രയും കൊല്ലപ്പെട്ടതായാണ് വിവരം. 2013ൽ മുൻ പ്രതിപക്ഷ നേതാവായിരുന്ന മഹേന്ദ്ര കർമയും പിസിസി അധ്യക്ഷൻ നന്ദകുമാർ പട്ടേലും അടക്കം 25 പേർ ബസ്തർ ജില്ലയിലെ ധർബഘട്ടിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ സൂത്രധാരനെന്ന് സംശയിക്കുന്ന ആളാണ് ബുധ്ര.

സുക്മ: ഛത്തീസ്ഗഡിൽ വീണ്ടും മാവോയിസ്റ്റ് ഏറ്റുമുട്ടൽ (Maoist Encounter). 11 വനിതകൾ ഉൾപ്പെടെ 17 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചതായാണ് റിപ്പോർട്ട്. തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് ഖുദാമി ജഗദീഷ് എന്ന ബുധ്രയും കൊല്ലപ്പെട്ടതായാണ് വിവരം. ഏറ്റുമുട്ടലിൽ നാല് സൈനികർക്കും പരുക്കേറ്റിട്ടുണ്ട്. 2013ൽ മുൻ പ്രതിപക്ഷ നേതാവായിരുന്ന മഹേന്ദ്ര കർമയും പിസിസി അധ്യക്ഷൻ നന്ദകുമാർ പട്ടേലും അടക്കം 25 പേർ ബസ്തർ ജില്ലയിലെ ധർബഘട്ടിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ സൂത്രധാരനെന്ന് സംശയിക്കുന്ന ആളാണ് ബുധ്ര.
സുക്മ ജില്ലയിലെ കേർലാപാൽ പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന ഓപ്പറേഷൻ നടത്തിയത്. ബസ്തർ ഡിവിഷനിൽ മാവോയിസ്റ്റുകൾക്കെതിരെ അതിശക്തമായാണ് സുരക്ഷാസേന നടപടി തുടരുന്നത്. മാർച്ച് 20ന് ബിജാപുർ– ദന്തേവാഡ അതിർത്തിയിലും, കാങ്കർ– നാരായണപുർ അതിർത്തിയിൽ നടന്ന 2 ഏറ്റുമുട്ടലുകളിലായി 30 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ഈ വർഷം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 133 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്. കഴിഞ്ഞ വർഷം 287 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.
സുരക്ഷാസേനയെ അഭിനന്ദിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രംഗത്തെത്തി. 2026 മാർച്ച് 31നു മുൻപ് രാജ്യത്ത് നിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഏപ്രിൽ നാലിന് അമിത്ഷാ ദന്തേവാഡ സന്ദർശിക്കും. ജില്ലാ റിസർവ് ഗാർഡും (ഡിആർജി) സെൻട്രൽ റിസർവ് പോലീസ് സേനയും (സിആർപിഎഫ്) ഉൾപ്പെടുന്ന സംയുക്ത സംഘമാണ് മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ ഏർപ്പെട്ടത്. ഇതുവരെ 17 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് എകെ-47 റൈഫിളുകൾ, സെൽഫ് ലോഡിംഗ് റൈഫിളുകൾ, ഇൻസാസ്, 303 റൈഫിളുകൾ, റോക്കറ്റ് ലോഞ്ചറുകൾ, ബിജിഎൽ ലോഞ്ചറുകൾ, സ്ഫോടകവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള വലി ആയുധശേഖരങ്ങളാണ് സുരക്ഷാ സേന കണ്ടെടുത്തത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.