Chhattisgarh Encounter: ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ബീജാപൂരിലെ വനത്തിനുള്ളിൽ
Chhattisgarh Encounter With Maoists: മൂന്ന് ജില്ലകളിൽ നിന്നുള്ള സംസ്ഥാന പോലീസിന്റെ ജില്ലാ റിസർവ് ഗാർഡിലെ (ഡിആർജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും (സിആർപിഎഫിന്റെ എലൈറ്റ് ജംഗിൾ വാർഫെയർ യൂണിറ്റ് കമാൻഡോ ബറ്റാലിയൻ), സിആർപിഎഫിന്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനിൽ പങ്കെടുത്തു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബീജാപൂർ: ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി (Maoists Killed) റിപ്പോർട്ട്. തെക്കൻ ബീജാപൂരിലെ വനത്തിനുള്ളിൽ വച്ചു ഇന്ന് രാവിലെയുണ്ടായ വെടിവയ്പ്പിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. രാവിലെ തുടങ്ങിയ ഓപ്പറേഷൻ വൈകുന്നേരം വരെ തുടർന്നതായാണ് വിവരം.
മൂന്ന് ജില്ലകളിൽ നിന്നുള്ള സംസ്ഥാന പോലീസിന്റെ ജില്ലാ റിസർവ് ഗാർഡിലെ (ഡിആർജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും (സിആർപിഎഫിന്റെ എലൈറ്റ് ജംഗിൾ വാർഫെയർ യൂണിറ്റ് കമാൻഡോ ബറ്റാലിയൻ), സിആർപിഎഫിന്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനിൽ പങ്കെടുത്തു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം ഏറ്റുമുട്ടലിൽ സുരക്ഷാ സംഘങ്ങൾക്ക് പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു. ചത്തീസ്ഗഡിൽ പലയിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ഈ മാസം ഇതുവരെ 26 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ജനുവരി 12 ന് ബീജാപൂർ ജില്ലയിലെ മദ്ദേഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.
സംസ്ഥാനത്ത് കഴിഞ്ഞ വർഷം 219 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ബസഗുഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പുട്കെൽ ഗ്രാമത്തിന് സമീപം മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ സെൻട്രൽ റിസർവ് പോലീസ് സേനയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ബിജാപൂരിലും ബസ്തറിലെ മറ്റ് മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലും സുരക്ഷാ സേന മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.