Chhattisgarh : 18 പ്രാദേശിക ഭാഷാ ശൈലികളിൽ പ്രാഥമിക വിദ്യാഭ്യാസം നൽകാനൊരുങ്ങി ഛത്തീസ്ഗഢ്
Chhattisgarh 18 Local Languages: 18 പ്രാദേശിക ഭാഷാ ശൈലികളിൽ പ്രാഥമിക വിദ്യാഭ്യാസം നൽകാനൊരുങ്ങി ഛത്തീസ്ഗഢ്. പുതിയ വിദ്യാഭ്യാസ നയത്തിനു കീഴിൽ ആദിവാസി മേഖലകളിലാണ് ഈ തീരുമാനം നടപ്പാക്കുക.
പ്രാദേശിക ഭാഷാ ശൈലികളിൽ പ്രാഥമിക വിദ്യാഭ്യാസം നൽകാനൊരുങ്ങി ഛത്തീസ്ഗഢ് സർക്കാർ. 18 പ്രാദേശിക ഭാഷാ ശൈലികളിൽ പ്രാഥമിക വിദ്യാഭ്യാസം നൽകാനാണ് സർക്കാരിൻ്റെ തീരുമാനം. സംസ്ഥാനത്തിൻ്റെ ആദിവാസി മേഖകളിലാണ് ഇത് നടപ്പിലാക്കുക. 18 പ്രാദേശിക ഭാഷകളിലും ശൈലികളിലും ദ്വിഭാഷാ പുസ്തകങ്ങൾ തയ്യാറാക്കാൻ മുഖ്യമന്ത്രി വിഷ്ണു ദേവോ സായ് വിദ്യാഭാസ വകുപ്പിന് നിർദ്ദേശം നൽകിക്കഴിഞ്ഞു.
കുട്ടികൾക്ക് പഠിക്കാനുള്ള ടെസ്ക്റ്റ് ബുക്കുകളും മറ്റ് നോട്ടുകളും പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും ടീച്ചർമാർക്ക് ഈ ഭാഷകളിൽ പരിശീലനം നൽകുകയും ചെയ്യും. ഇതിലൂടെ ആദിവാസി വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് അവരുടെ തന്നെ മാതൃഭാഷയിൽ മികച്ച വിദ്യാഭാസം ലഭിക്കും. അതുകൊണ്ട് തന്നെ സ്വന്തം ഭാഷയുമായി അവർക്ക് എപ്പോഴും ബന്ധമുണ്ടാവുകയും ചെയ്യുമെന്ന് വിഷ്ണു ദേവോ സായ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
പുതിയ വിദ്യാഭ്യാസ നയത്തിന് കീഴിൽ കുട്ടികൾക്ക് അവരവരുടെ പ്രാദേശിക ഭാഷകളിൽ വിദ്യാഭാസം സാധ്യമാക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് പുതിയ നിർദ്ദേശം. എല്ലാ കുട്ടികളും മൂന്ന് ഭാഷകൾ പഠിച്ചിരിക്കണമെന്ന് കേന്ദ്ര നയത്തിൽ ഇത് ഉൾപ്പെടും. രണ്ട് ഭാഷകൾ ഏതെങ്കിലും പ്രാദേശിക ഭാഷകളും ഒരെണ്ണം ഇംഗ്ലീഷുമാണ് മൂന്ന് ഭാഷാ നയത്തിലുള്ളത്.
Also Read : Mumbai heavy rain: കനത്ത മഴ ചതിച്ചു; മുംബൈയിൽ വ്യാപക നാശനഷ്ടം
ഛത്തീസ്ഗഢിലെ സാക്ഷരതാനിരക്ക് 70.28 ശതമാനമാണ്. രാജ്യത്തിൻ്റെ സാക്ഷരതാനിരക്കിനും താഴെയാണ് ഇത്. 76 ശതമാനമാണ് രാജ്യത്തിൻ്റെ സാക്ഷരതാനിരക്ക്. ഒന്നാം ക്ലാസിലെ 65.83 ശതമാനം കുട്ടികൾ ഛത്തീസ്ഗരി ഭാഷയാണ് സംസാരിക്കുന്നത്. 9.38 ശതമാനം പേർ സർഗുഝയും 4.19 ശതമാനം പേർ ഹൽബി എന്ന ഭാഷയും സംസാരിക്കുന്നു. സദരി (3.97 ശതമാനം), ഗോണ്ടി- ഡൻ്റേവാഡ (2.33 ശതമാനം). കുഡുഖ് (0.7 ശതമാനം) എന്നിങ്ങനെയാണ് ഒന്നാം ക്ലാസിലെ കുട്ടികൾ സംസാരിക്കുന്ന മറ്റ് പ്രാദേശിക ഭാഷകൾ. ഈ ഭാഷകളിലെല്ലാം കുട്ടികളെ പഠിപ്പിക്കും. പരീക്ഷകളും ഇതേ ഭാഷകളിലാവും നടത്തുക. ഉയർന്ന ക്ലാസുകളിൽ ഇത് ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്ക് മാറ്റും.
പുതിയ വിദ്യാഭ്യാസ നയം നിലവിൽ വന്നതിനാൽ പല സംസ്ഥാനങ്ങളും മെഡിക്കൽ, എഞ്ചിനീയറിങ് പരീക്ഷകൾ ഹിന്ദിയിൽ നടത്താനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. അടുത്തിടെ മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദിയിൽ പഠിപ്പിക്കാൻ ബിഹാർ തീരുമാനിച്ചിരുന്നു. മധ്യപ്രദേശിൽ പഠിക്കേണ്ട ഭാഷ ഹിന്ദിയോ ഇംഗ്ലീഷോ എന്ന് വിദ്യാർത്ഥികൾക്ക് തീരുമാനിക്കാം. തമിഴ്നാട്, ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ എഞ്ചിനീയറിങ് കോഴ്സുകൾ പ്രാദേശിക ഭാഷകളിൽ പഠിക്കാം.