Cheetah: ‘വാടാ മക്കളേ, വെള്ളം കുടി’; നാടു ചുറ്റാനിറങ്ങിയ ചീറ്റകൾക്ക് കുടിയ്ക്കാൻ വെള്ളം നൽകി കുനോയിലെ ജീവനക്കാരൻ: വൈറൽ വിഡിയോ
Cheetah Drinks Water: നാട് ചുറ്റാനിറങ്ങിയ കുനോ ദേശീയ പാർക്കിലെ ചീറ്റകൾക്ക് ജീവനക്കാരൻ വെള്ളം നൽകുന്ന വിഡിയോ വൈറൽ. ഭോപ്പാലിലെ ഒരു ഗ്രാമത്തിൽ വച്ചാണ് വെള്ളം നൽകുന്നത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ചീറ്റകൾക്ക് വെള്ളം നൽകുന്ന കുനോയിലെ ജീവനക്കാരൻ്റെ വിഡിയോ വൈറൽ. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ നിന്ന് ചാടിപ്പോയ പെൺ ചീറ്റയ്ക്കും മക്കൾക്കുമാണ് ജീവനക്കാരൻ കുടിയ്ക്കാൻ വെള്ളം നൽകിയത്. നേരത്തെ, നാട് കാണാനിറങ്ങിയ ചീറ്റകളെ ഗ്രാമവാസികൾ ആക്രമിച്ചെന്ന ആരോപണമുയർന്നിരുന്നു. ഈ ചീറ്റകൾക്ക് വെള്ളം കൊടുക്കുന്ന വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.
കുനോ പാർക്കിൽ നിന്ന് ചാടിയ ചീറ്റ കുടുംബത്തെ പിന്തുടർന്ന് ജീവനക്കാർ എത്തിയിരുന്നു. ഈ സംഘത്തിൽ പെട്ട ഒരാളാണ് ചീറ്റക്കുടുംബത്തിന് വെള്ളം നൽകുന്നത്. വലിയ ഒരു പാത്രത്തിൽ വെള്ളം എടുത്തിട്ട് ഇംഗ്ലീഷിൽ ‘കം’ എന്ന് ജീവനക്കാരൻ പറയുമ്പോൾ ജ്വാല എന്ന അമ്മച്ചീറ്റ പ്രതികരിക്കുന്നുണ്ട്. എന്നിട്ട് ജ്വാലയും ഒപ്പം മക്കളും വളരെ ശാന്തമായി വെള്ളം കുടിയ്ക്കുന്നു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കുനോ ദേശീയ പാർക്കിൽ ജലക്ഷാമം രൂക്ഷമാണ്. അതുകൊണ്ട് തന്നെ മൃഗങ്ങൾ ദാഹിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും അധികൃതർ സ്വീകരിക്കുന്നുണ്ട്.
കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകൾ സുരക്ഷിതരല്ലെന്നായിരുന്നു നേരത്തെ ആരോപണമുയർന്നത്. പാർക്ക് വിട്ട് പുറത്തിറങ്ങിയ പെൺ ചീറ്റ ജ്വാലയെയും നാല് കുഞ്ഞുങ്ങളെയും പ്രദേശവാസികൾ ആക്രമിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതോടെ ചീറ്റകളുടെ സുരക്ഷിതത്വത്തെപ്പറ്റി സംശയമുയർന്നു. പാർക്ക് വിട്ടിറങ്ങിയ ചീറ്റക്കുടുംബം ടെലിയാപുര ഗ്രാമത്തിൽ പശുവിനെ ആക്രമിക്കാൻ ശ്രമിച്ചെന്നും നാട്ടുകാർ ഇടപെട്ടു എന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ചീറ്റകളെ കല്ലുകളെറിഞ്ഞ് തുരത്തിയ നാട്ടുകാർ വടിയുമായി ഇവരെ പിന്തുടർന്നു. മൂന്ന് ദിവസമാണ് ചീറ്റകൾ പാർക്കിന് പുറത്തായിരുന്നത്.
ഇതിന് പിന്നാലെ കുനോ ദേശീയ പാർക്ക് അധികൃതരും ഷിയോപൂർ ജില്ലാ ഭരണകൂടവും പ്രദേശവാസികളോട് ശാന്തരായിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ചീറ്റകൾ മനുഷ്യരെ ഉപദ്രവിക്കാറില്ല എന്ന് അധികൃതർ അറിയിച്ചു. ചീറ്റകളെ കണ്ടാൽ പ്രദേശവാസികൾ ശാന്തരാവണമെന്നും വിവരം തങ്ങളെ അറിയിക്കണമെന്നും അധികൃതർ പറഞ്ഞിരുന്നു.
2022ലും 2023ലുമായി നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും രണ്ട് ഘട്ടങ്ങളായി 20 ചീറ്റപ്പുലികളെയാണ് ഇന്ത്യയിൽ എത്തിച്ചത്.