Annadurai to Vijay: വിജയ് അടുത്ത മുഖ്യമന്ത്രിയാകുമോ? ദ്രാവിഡ രാഷ്ട്രീയം ദളപതിക്ക് വഴിമാറുന്നു
Tamil Nadu Actors in Politics: തമിഴക രാഷ്ട്രീയത്തിലെ പുരട്ചി തലൈവി ജയലളിതയും മലയാളിയായ മരുതര്‍ ഗോപാലന്‍ രാമചന്ദ്രനെന്ന എംജിആറും കലൈജ്ഞര്‍ കരുണാനിധിയുമാണ് രാഷ്ട്രീയത്തില്‍ വലിയ വിജയം സൃഷ്ടിച്ച സിനിമാതാരങ്ങള്‍. കരുണാനിധിയും എംജിആറും ഒരുമിച്ച് രാഷ്ട്രീയ പ്രവര്‍ത്തനവും സിനിമാ ജീവിതവും ആരംഭിച്ചവരാണ്. എന്നാല്‍ പിന്നീട് ഇരുവരും ഇരുപക്ഷത്തായി.
പാലും തേനും പോലെയാണ് തമിഴ്നാട് രാഷ്ട്രീയവും അവിടുത്തെ സിനിമയും. ഏത് രാഷ്ട്രീയക്കാര്‍ക്കും സിനിമാ നടനാകാം, ഏത് നടനും രാഷ്ട്രീയക്കാരനുമാകാം. സിനിമ എന്ന മായിക ലോകത്ത് നിന്ന് രാഷ്ട്രീയത്തിന്റെ കയ്പ്പുനീര് കുടിക്കാന്‍ ഇറങ്ങിപുറപ്പെട്ട നിരവധി പേരാണ് തമിഴ്നാട്ടിലുള്ളത്. ചിലര്‍ക്ക് തുടക്കം തന്നെ പാളി പോയെങ്കിലും മറ്റുചിലര്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു. ഇന്നും ഇന്നലെയുമല്ല നാട്യത്തിന്റെ തിരശീലയ്ക്കപ്പുറത്ത് നിന്ന് മിന്നും താരങ്ങള്‍ രാഷ്ട്രീയത്തിന്റെ പടവുകള്‍ കയറി തുടങ്ങിയത്. സിഎന്‍ അണ്ണാദുരൈ മുതല്‍ ജോസഫ് വിജയ് ചന്ദ്രശേഖര്‍ വരെയുള്ള തമിഴ്നാടിന്റെ സിനിമാ-രാഷ്ട്രീയ ചരിത്രം അല്‍പം നാടകീയമാണ്.
തമിഴക രാഷ്ട്രീയത്തിലെ പുരട്ചി തലൈവി ജയലളിതയും മലയാളിയായ മരുതര്‍ ഗോപാലന്‍ രാമചന്ദ്രനെന്ന എംജിആറും കലൈജ്ഞര്‍ കരുണാനിധിയുമാണ് രാഷ്ട്രീയത്തില്‍ വലിയ വിജയം സൃഷ്ടിച്ച സിനിമാതാരങ്ങള്‍. കരുണാനിധിയും എംജിആറും ഒരുമിച്ച് രാഷ്ട്രീയ പ്രവര്‍ത്തനവും സിനിമാ ജീവിതവും ആരംഭിച്ചവരാണ്. എന്നാല്‍ പിന്നീട് ഇരുവരും ഇരുപക്ഷത്തായി.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സിനിമയെ രാഷ്ട്രീയത്തില്‍ ഒരു ആയുധമാക്കിയതില്‍ മുന്‍പന്തിയില്‍ തന്നെയാണ് തമിഴ്നാടിന്റെ സ്ഥാനം. സിനിമ ഹരമായി മാറിയ തമിഴ് ജനതയ്ക്ക് സിനിമാ താരങ്ങള്‍ തലൈവരാണ്, അമ്മയാണ്. ഇതുതന്നെയായിരുന്നു തമിഴ് മണ്ണില്‍ വളരാന്‍ താരങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നതും. തമിഴ്നാടിനെ മാതൃകയാക്കി മറ്റ് പല സംസ്ഥാനങ്ങളിലും സിനിമാ താരങ്ങള്‍ രാഷ്ട്രീയ പ്രവേശനം നടത്തിയെങ്കിലും അവരോടെല്ലാം ജനങ്ങള്‍ കടക്കുപുറത്ത് പറഞ്ഞു. കേരളത്തിന്റെ കാര്യം പരിശോധിക്കുകയാണെങ്കില്‍ പല സിനിമാക്കാരും രാഷ്ട്രീയ പ്രവേശനം നടത്തിയെങ്കിലും അത് അത്രകണ്ട് വിജയിച്ചില്ല.
മുഖ്യധാര പാര്‍ട്ടികളുടെ അടിവേര് പിഴുതുകൊണ്ടാണ് തമിഴ്നാട്ടില്‍ വിവിധ ദ്രാവിഡ ഘടകങ്ങള്‍ ചുവടുറപ്പിച്ചത്. പെരിയാറിന്റെ ദ്രാവിഡ രാഷ്ട്രീയത്തെ ഹൃദയത്തോട് ചേര്‍ത്തുവെച്ച തമിഴര്‍ മാറിമാറി വന്ന ദ്രാവിഡ പാര്‍ട്ടികളെ സ്വാഗതം ചെയ്തു. ഡിഎംകെയും എഐഎഡിഎംകെയും ഒരുപോലെ ഒരേ രാഷ്ട്രീയം പറഞ്ഞെത്തിയപ്പോഴും അവരെയും മാറി മാറി അധികാരത്തിലെത്തിച്ച പാരമ്പര്യമാണ് തമിഴ്നാടിനുള്ളത്. മതം, ജാതി ഇതെല്ലാം പറഞ്ഞ് സംസ്ഥാനത്ത് വേരുറപ്പിക്കാനെത്തിയ ബിജെപിയെ നിഷ്‌കരുണം തള്ളിക്കളഞ്ഞ തമിഴ് ജനത വിജയ്ക്ക് മുന്നില്‍ ചോദ്യം ചിഹ്നം സൃഷ്ടിക്കുന്നുണ്ട്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സിനിമകള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ തങ്ങളുടെ രാഷ്ട്രീയം വിളിച്ചുപറയാനുള്ള ആയുധമായിരുന്നു. എന്നാല്‍ രാഷ്ട്രീയവും സിനിമയും കൂട്ടിക്കലര്‍ത്തുന്നതില്‍ കോണ്‍ഗ്രസുകാര്‍ക്ക് തുടക്കം മുതല്‍ക്കേ എതിര്‍പ്പുണ്ട്. എന്നാല്‍ ദ്രാവിഡ മുന്നേറ്റ കഴകം സിനിമയെ രാഷ്ട്രീയ ആയുധമായി തന്നെ ഉപയോഗിച്ചു. സിനിമ-രാഷ്ട്രീയ കൂട്ടുകെട്ടിനെ കോണ്‍ഗ്രസ് പുറംകാലുകൊണ്ട് തട്ടിക്കളഞ്ഞെങ്കിലും രാഷ്ട്രീയവും സിനിമയും സമം ചേര്‍ത്ത് ദ്രാവിഡര്‍ വിളമ്പി, അത് വിജയിച്ചു.
അണ്ണാദുരൈയ്ക്ക് വഴിമാറിയ തമിഴ്നാട്
തമിഴ്നാടിന്റെ ആദ്യ മുഖ്യമന്ത്രി കോണ്‍ഗ്രസുകാരനല്ല, അല്ലെങ്കില്‍ രാഷ്ട്രീയത്തെ മാത്രം മുന്‍ നിര്‍ത്തി പ്രവര്‍ത്തനം നടത്തിയ നേതാവല്ല. എഴുത്തുകാരനും തന്റെ പല കഥകളും സിനിമയാക്കിയ കലാകാരനുമായ സിഎന്‍ അണ്ണാദുരൈയാണ് തമിഴ്നാടിന്റെ ആദ്യ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. പച്ചയായ രാഷ്ട്രീയം എവിടെ എന്ന് ഈ സന്ദര്‍ഭത്തില്‍ സ്മരിക്കാം. സിനിമയും രാഷ്ട്രീയവും സമം ചേര്‍ത്ത് വിളമ്പിയ സിദ്ധാന്തം അവിടെ ഉദയം കൊണ്ടു. ദ്രാവിഡ സിദ്ധാന്തങ്ങളെ വേണ്ടവിധത്തില്‍ സിനിമയിലൂടെ അവതരിപ്പിക്കാന്‍ സാധിച്ചുവെന്നതാണ് അണ്ണാദുരൈയുടെ വിജയം. അതില്‍ എടുത്തുപറയേണ്ട ചിത്രം 1952ല്‍ പുറത്തിറങ്ങിയ പരാശക്തിയാണ്. ഈ സിനിമയുടെ തിരക്കഥയെഴുതിയത് എം കരുണാനിധി, അന്ന് വെറും 28 വയസ് മാത്രം പ്രായമുണ്ടായിരുന്ന ആ എഴുത്തുകാരന്‍ വളര്‍ന്നത് തമിഴ്നാടിന്റെ തന്നെ നേതൃനിരയിലേക്ക്.
രാഷ്ട്രീയ-സിനിമാ ജീവിതത്തില്‍ ഏറ്റവും വലിയ വിജയം സൃഷ്ടിച്ചത് എംജിആറും ജയലളിതയുമാണ്. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തന്ത്രങ്ങള്‍ പയറ്റിയതാണ് ഇവരെ വിജയത്തിലേക്ക് നയിച്ചത്. അക്കാലത്ത് ദ്രാവിഡ പാര്‍ട്ടികളില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് വളര്‍ന്നവരില്‍ ഭൂരിഭാഗം ആളുകളും എഴുത്തുകാരനോ അഭിനേതാക്കളോ അല്ലെങ്കില്‍ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും മേഖലകളില്‍ പ്രവര്‍ത്തിച്ചവരോ ആയിരിക്കും. ഈ കടുത്ത മത്സരങ്ങള്‍ക്കിടെ ഏറ്റവും കൂടുതല്‍ തവണ തെരഞ്ഞെടുക്കപ്പെട്ടതും തലൈവിയും എംജിആറും തന്നെ.
ഇവരില്‍ എടുത്ത് പറയേണ്ട ഒരു പേര് തന്നെയാണ് നടന്‍ വിജയകാന്തിന്റേത്. ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) പാര്‍ട്ടി സ്ഥാപക നേതാവാണ് അദ്ദേഹം. 2005ലാണ് അദ്ദേഹം പാര്‍ട്ടി രൂപീകരിച്ചത്. ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെ, എഐഎഡിഎംകെ എന്നീ പാര്‍ട്ടികള്‍ക്കുള്ള ബദലെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ നീക്കം.
സംവിധായകനും നടനുമായ ഭാഗ്യരാജ് 1989ല്‍ എംജിആര്‍ മക്കള്‍ മുന്നേട്ര കഴകമെന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്നാല്‍ അത് അധിക നാള്‍ നീണ്ടുപോയില്ല. പിന്നീട് സംവിധായകനും നടനുമായ ടി രാജേന്ദര്‍, കാര്‍ത്തിക് ശരത് കുമാര്‍ എന്നിവരും രാഷ്ട്രീയത്തില്‍ അങ്കത്തിന് ഇറങ്ങിയവരാണ്.
ഇവര്‍ക്ക് പറയാനുണ്ട് പരാജയപ്പെട്ട രാഷ്ട്രീയം
തമിഴ് സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കാത്തവരായി ആരും തന്നെയില്ല. സൂപ്പര്‍ സ്റ്റാറുകള്‍ മുതല്‍ തുടക്കക്കാര്‍ വരെ രാഷ്ട്രീയത്തിലേക്ക് ഒളിയമ്പയച്ചിരുന്നു. എന്നാല്‍ അവയില്‍ പലതും തുടക്കത്തില്‍ തന്നെ മുനയൊടിഞ്ഞ് വീണു. അവരില്‍ ചിലരാണ് തമിഴ് സൂപ്പര്‍ സ്റ്റാറുകളായ രജിനി കാന്തും കമല്‍ ഹാസനും. രജിനി കാന്ത് മക്കള്‍ മന്റം എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍ വിചാരിച്ചതുപോലെ അത്ര നിസാരമായിരുന്നില്ല കാര്യങ്ങള്‍. കൃത്യമായ നിലപാടുകള്‍ പറയാനോ രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങള്‍ നടത്താനോ രജിനി കാന്ത് മടിച്ചു. രാഷ്ട്രീയത്തില്‍ ചുവടുവെക്കാന്‍ രജിനി കാന്ത് ഭയക്കുന്നത് വ്യക്തമായി കാണാമായിരുന്നു. നിലപാട് വ്യക്തമാക്കാതെയുള്ള പോക്ക് രജിനിയുടെ രാഷ്ട്രീയ മോഹത്തിന് കര്‍ട്ടനിട്ടു.
എന്നാല്‍ ഉലക നായകന്‍ കമല ഹാസന്റെ നീര്‍കുമിളയ്ക്ക് അല്‍പം കൂടി ആയുസുണ്ടായിരുന്നു. മക്കള്‍ നീതി മയ്യം എന്ന പേരില്‍ രാഷ്ട്രീയ കക്ഷിക്ക് രൂപം നല്‍കി കമല്‍ ഹാസന്‍ പ്രവര്‍ത്തനമാരംഭിച്ചു. അദ്ദേഹത്തിന്റെ ആദ്യ പാര്‍ട്ടി സമ്മേളനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ ജനങ്ങളെ കയ്യിലെടുക്കാനോ ഒരു തരംഗം സൃഷ്ടിക്കാനോ അതിന് സാധിച്ചില്ല. ഡിഎംകെയ്ക്കൊപ്പം സഖ്യം ചേര്‍ന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ലഭിച്ചെങ്കിലും മത്സരിക്കാന്‍ കമല്‍ ഹാസന്‍ തയാറായില്ല.
ഇരുവരുടെയും പ്രായവും പ്രതികൂലമായി വന്നിട്ടുണ്ട്. ഒന്നും നോക്കാതെ കണ്ണുംപൂട്ടി സിനിമാക്കാരെ രാഷ്ട്രീയത്തിലേക്ക് അയക്കുന്ന തമിഴ് ജനതയല്ല ഇന്നത്തേത്. അവര്‍ ചിന്തിക്കുന്നുണ്ട്, അവര്‍ക്ക് വേണ്ടതെന്ന് എന്തെന്നും ആര് ഭരിക്കണമെന്നും കൃത്യമായി തീരുമാനിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. സ്‌ക്രീനിലെ നായകന്റെ നിലപാടും ധൈര്യവും യഥാര്‍ഥ ജീവിതത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കില്ലാതെ പോകുന്നത് തന്നെയാണ് വെല്ലുവിളി സൃഷ്ടിക്കുന്നത്. ഈയൊരു സാഹചര്യത്തിലേക്കാണ് വിജയ് പുതിയ അടവുകളുമായെത്തുന്നത്.
വിജയ് വിജയിക്കുമോ?
സിനിമയുടെ മായിക ലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്ന ഏറ്റവും പുതിയ ആളാണ് വിജയ്. തമിഴക വെട്രി കഴകം എന്ന പേരില്‍ വിജയ് മുന്നോട്ടുവെച്ച പാര്‍ട്ടിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാല്‍ വിജയ്യുടെ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചവരില്‍ ഭൂരിഭാഗം ആളുകളും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ കണ്ട് കൂടെകൂടിയവരല്ല, അവരെല്ലാം ആരാധകരാണ്. അത് തന്നെയാണ് വിജയ്യുടെ ശക്തിയും. ഈ ആരാധകരില്‍ തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരും പല തരത്തിലുള്ള നിലപാടുകളുള്ളവരും ഉണ്ടാകും. വിജയ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ ഇവര്‍ പിന്തുണയ്ക്കുമോ എന്നതാണ് പ്രധാനം.
ഒരു രാത്രികൊണ്ട് ഉണ്ടായതല്ല വിജയ്യുടെ രാഷ്ട്രീയ മോഹം. കഴിഞ്ഞ കുറേ നാളുകളായി വിജയ് തന്റെ ആയുധങ്ങള്‍ക്ക് മൂര്‍ച്ഛ കൂട്ടുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് അദ്ദേഹത്തിന്റെ സിനിമകള്‍. ഏറെ നാളുകളായി വിജയ് ചെയ്തിരുന്ന സിനിമകളൊക്കെയും കൃത്യമായ രാഷ്ട്രീയം പറഞ്ഞുകൊണ്ടുള്ളതായിരുന്നു. ഈ സിനിമകളെല്ലാം വെള്ളിവെളിച്ചത്തിലേക്കത്തിയപ്പോള്‍ തന്നെ വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന സൂചനയും ജനത്തിന് ലഭിച്ചു. വിജയ്യുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഗോട്ട് എന്ന ചിത്രത്തിലും അതിന്റെ തെളിവുകള്‍ കാണാം.
2026ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം. ജാതി വിവേചനങ്ങളെ എതിര്‍ത്തുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് വിജയ് പറയുന്നത് സംഘപരിവാറിനെതിരെയുള്ള രാഷ്ട്രീയമാണെന്ന് വ്യക്തം. ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും സിനിമകളിയൂടെയും നിലപാട് വ്യക്തമാക്കിയ വിജയ് എത്രത്തോളം ഹോം വര്‍ക്ക് രാഷ്ട്രീയ പ്രവേശത്തിനായി നടത്തിയിട്ടുണ്ട് എന്ന കാര്യമാണ് സംശയ നിഴലില്‍ നില്‍ക്കുന്നത്. സൂപ്പര്‍ താരങ്ങളുടെ പോലും ശോഭ മങ്ങിപ്പോയ തമിഴ് രാഷ്ട്രീയ കളരിയില്‍ വിജയ് കൊയ്യുന്ന വിജയം നിസാരമായിരിക്കില്ല.
എന്നാല്‍ വിജയ് പരീക്ഷണത്തിനിറങ്ങുന്ന കളരി അല്‍പം ഗൗരവമുള്ളതാണ്. രാഷ്ട്രീയത്തിന്റെയും സിനിമയുടെയും ചൂട് ഒരുപോലെ പകര്‍ന്നുകിട്ടിയാല്‍ വോട്ട് ചെയ്യുന്നവരല്ല ഇന്നത്തെ തമിഴ് ജനത. അവര്‍ക്ക് രാഷ്ട്രീയമറിയാം നിലപാടുകളറിയാം. ഈ 50 കാരന്റെ രാഷ്ട്രീയ അരങ്ങേറ്റത്തെ വിലയിരുത്താന്‍ പോകുന്നത് പുത്തന്‍ തലമുറയാണ്. തമിഴക വെട്രി കഴകം വെന്നിക്കൊടി പാറിക്കുമോ എന്ന് കണ്ടറിയാം.