Chandrababu Naidu Oath Ceremony: താരങ്ങൾ നിറഞ്ഞ ചടങ്ങിൽ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു
Andhra chief minister Oath Ceremony: പ്രധാനമന്ത്രിയുൾപ്പെടെയുള്ള ബിജെപി നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ എത്തിയിരുന്നു.
വിജയവാഡ: താരങ്ങൾ നിറഞ്ഞ ചടങ്ങിൽ രണ്ടാം തവണയും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തു. വിജയവാഡയിലാണ് ചടങ്ങ് നടന്നത്. ഉപ മുഖ്യമന്ത്രിയായി പവൻ കല്യാണും സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. ഇരുവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രിയുൾപ്പെടെയുള്ള ബിജെപി നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ എത്തിയിരുന്നു. വിജയവാഡയിൽ കേസരപള്ളിയിലെ ഗന്നവാരം വിമാനത്താവളത്തിനടുത്തുള്ള മേധ ഐടി പാർക്കിന് സമീപമാണ് ചടങ്ങുകൾ നടന്നത്.
രാവിലെ 11.27ന് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചു. നായിഡുവിനൊപ്പം മറ്റ് നേതാക്കളും സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നദ്ദ, മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവരും ചടങ്ങിന് എത്തിയിരുന്നു.
ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങൾ അണിനിരന്ന ചടങ്ങിലെ പ്രധാന താരങ്ങൾ പവൻ കല്യാണിൻ്റെ ജ്യേഷ്ഠൻ കൂടിയായ മെഗാസ്റ്റാർ ചിരഞ്ജീവിയും അദ്ദേഹത്തിൻ്റെ മകനും നടനുമായ രാം ചരണുമായിരുന്നു.
ALSO READ: കേന്ദ്രമന്ത്രിമാരിൽ 99 ശതമാനവും കോടീശ്വരന്മാർ; 6 പേരുടെ ആസ്തി 100 കോടിക്കു മുകളിൽ
രജനികാന്തും മോഹൻ ബാബുവും പവൻ കല്യാണിൻ്റെ അനന്തരവൻ കൂടിയായ അല്ലു അർജുനും ചടങ്ങിൽ പങ്കെടുത്തു. ചന്ദ്രബാബു നായിഡുവിൻ്റെ അനന്തരവൻ ജൂനിയർ എൻടിആറും ചടങ്ങിനെത്തി. ചന്ദ്രബാബു നായിഡു ഇത് നാലാം തവണയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. 175 നിയമസഭാ സീറ്റുകളിൽ 135 സീറ്റുകൾ അദ്ദേഹം നേടി. ടിഡിപിയുടെ സഖ്യകക്ഷികളായ ജനസേനയും ബിജെപിയും യഥാക്രമം 21, 8 സീറ്റുകൾ നേടിയിരുന്നു.
ഒഡീഷയിലും സത്യപ്രതിജ്ഞ ഇന്ന്
ആന്ധ്രാപ്രദേശിന് പിന്നാലെ ഒഡീഷയിലും വൈകിട്ട് നിയുക്ത മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. നാല് തവണ എംഎൽഎയായ മോഹൻ മാജിയെ ചൊവ്വാഴ്ചയാണ് ബിജെപി നിയമസഭാ പാർട്ടി നേതാവായി തിരഞ്ഞെടുത്തത്. ഇന്ന് വൈകീട്ട് അഞ്ചിന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ചന്ദ്രബാബു നായിഡുവിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി മോദി ഉച്ചയ്ക്ക് 12.45 ന് ഭുവനേശ്വറിലേക്ക് പുറപ്പെട്ടു.