Manipur Violence: സംഘർഷം; മണിപ്പൂരിൽ വീണ്ടും അഫ്സ്‍പ പ്രഖ്യാപിച്ച് കേന്ദ്രം
Centre Reimposes AFSPA In Manipur: സെക്മായ്, ലാംസാങ് (ഇംഫാൽ വെസ്റ്റ്), ലാംലായ് (ഇംഫാൽ ഈസ്റ്റ്), ലെയ്‍മാക്കോങ് (കാങ്പോക്പി), മൊയ്റാങ് (ബിഷ്ണുപുർ), ജിരിബാം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് അഫ്സ്‍പ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ മണിപ്പൂരിലെ അസ്ഥിരമായ സാഹചര്യവും അക്രമസംഭവങ്ങളും കണക്കിലെടുത്താണ് നടപടി.
ന്യൂഡൽഹി: മണിപ്പൂരിൽ (Manipur) വീണ്ടും സംഘർഷബാധിതമായതോടെ ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽക്കൂടി സായുധസേനയുടെ പ്രത്യേകാധികാരനിയമം (അഫ്സ്‍പ) (AFSPA) പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. നിലവിൽ മണിപ്പൂരിലെ അസ്ഥിരമായ സാഹചര്യവും അക്രമസംഭവങ്ങളും കണക്കിലെടുത്താണ് നടപടി.
സെക്മായ്, ലാംസാങ് (ഇംഫാൽ വെസ്റ്റ്), ലാംലായ് (ഇംഫാൽ ഈസ്റ്റ്), ലെയ്‍മാക്കോങ് (കാങ്പോക്പി), മൊയ്റാങ് (ബിഷ്ണുപുർ), ജിരിബാം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് അഫ്സ്‍പ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ ആറ് പോലീസ് സ്റ്റേഷൻ പരിധികളിലുൾപ്പെടെ 19 സ്റ്റേഷൻ പരിധികൾ ഒഴിവാക്കികൊണ്ട് ഒക്ടോബർ ഒന്നിന് സംസ്ഥാനത്തൊട്ടാകെ മണിപ്പൂർ സർക്കാർ അഫ്സ്‍പ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജിരിബാമിലുൾപ്പെടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോഴത്തെ നീക്കം.
അതേസമയം സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 11 കുക്കി ആയുധധാരികൾ കൊല്ലപ്പെട്ടിരുന്നു. അതിനിടെ തിങ്കളാഴ്ച കലാപകാരികൾ തീയിട്ട ജാകുരദോർ കരോങ്ങ് മേഖലയിലെ അവശിഷ്ടങ്ങളിൽ നിന്ന് രണ്ട് പുരുഷന്മാരുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. മൂന്ന് സ്ത്രീകളേയും മൂന്ന് കുട്ടികളേയും പ്രദേശത്ത് നിന്ന് കാണാതായിട്ടുള്ളതായും റിപ്പോർട്ടുണ്ട്. മെയ്തേയ് വിഭാഗക്കാരാണെന്നാണ് ഇരകളെന്നാണ് വിവരം.
അസമിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ജിരിബാം ജില്ലയിൽ ബോറോബെക്രയിലുള്ള പോലീസ് സ്റ്റേഷനും സമീപത്തെ സിആർപിഎഫ് ക്യാമ്പിന് നേരെയാണ് അക്രമികൾ കഴിഞ്ഞ ദിവസം വെടിയുതിർത്തത്. സംഭവത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. കൊല്ലപ്പെട്ടവരുടെ പക്കൽ അത്യാധുനിക ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സുരക്ഷാസേന പറയുന്നത്.
എന്താണ് അഫ്സ്പ?
സൈന്യത്തിന് നൽകുന്ന പ്രത്യേക അവകാശത്തെയാണ് അഫ്‌സ്പ എന്ന് പറയുന്നത്. 1958 സെപ്റ്റംബർ 11നാണ് അഫ്‌സ്പ (ആർമിഡ് ഫോർസ് സ്‌പെഷ്യൽ പവർ ആക്ട്) നിലവിൽ വന്നത്. പ്രശ്നബാധിത പ്രദേശങ്ങളിലാണ് കേന്ദ്രം ഈ നിയമം പ്രഖ്യാപിക്കുന്നത്. ഇതിലൂടെ വലിയ അധികാരമാണ് സുരക്ഷാ വിഭാഗത്തിന് നൽകുന്നത്. അക്രമം നടത്തുന്ന രഹസ്യ കേന്ദ്രങ്ങൾ റെയ്ഡ് ചെയ്യാനും നശിപ്പിക്കാനുമുള്ള അധികാരം ഈ നിയമം വഴി സൈന്യത്തിനുണ്ട്.
ക്രമസമാധാനം പാലിക്കൽ, പ്രശ്നബാധിത പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയതിന് ശേഷവും നിയമലംഘനം നടത്തുന്ന വ്യക്തികളെ പിടികൂടാനും വെടിവെപ്പ് നടത്താനുള്ള അധികാരം ഇതുവഴി സൈനീകന് ലഭിക്കും. നിയമലംഘനം നടത്തുന്ന വ്യക്തി കൊല്ലപ്പെട്ടാലും സൈനികന് നിയമപരിരക്ഷ ലഭിക്കുന്നതാണ്. അഫ്‌സ്പ നിയമത്തിനുള്ളിൽ നിന്ന് കൊണ്ട് പ്രവർത്തിക്കുന്ന സൈനീകരുടെ നടപടി നീതിന്യായ സംവിധാനത്തിന്റെ പരിശോധനയ്ക്ക് വിധേയമാകില്ല.