Covid Vaccine Side Effects: കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം മാറ്റി
സര്‍ട്ടിഫിക്കറ്റ് ഇറങ്ങിയ സമയത്ത് അതില്‍ മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ആ സമയത്ത് കേന്ദ്രസര്‍ക്കാര്‍ അതിനെ തള്ളിക്കളയുകയായിരുന്നു
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തതെന്നാണ് വിശദീകരണം.
എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ കുത്തിവെച്ച കൊവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ ചിത്രം കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നീക്കിയത്.
സര്‍ട്ടിഫിക്കറ്റ് ഇറങ്ങിയ സമയത്ത് അതില്‍ മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ആ സമയത്ത് കേന്ദ്രസര്‍ക്കാര്‍ അതിനെ തള്ളിക്കളയുകയായിരുന്നു. വാക്‌സിനുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നതോടെ നിലപാട് മാറ്റുകയാണ് കേന്ദ്രം.
കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടാകുമെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ആസ്ട്രസെനെക ആണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അപൂര്‍വമായി ചിലരില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനി അറിയിച്ചത്.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് ആസ്ട്രസെനെക വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ആ വാക്‌സിന്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ നിര്‍മ്മിച്ച് വിതരണം ചെയ്തു. കൊവിഷീഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളാണ് ആസ്ട്രസെനെക നിര്‍മ്മിച്ചത്.
വാക്‌സിന് സ്വീകരിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട കുറച്ചുപേര്‍ ഇക്കാര്യം ഉന്നയിച്ച് യുകെയില്‍ കോടതിയെ സമീപിച്ചിരുന്നു. മരണങ്ങള്‍ക്കും ഗുരുതര ആരോഗ്യ പ്രശനങ്ങള്‍ക്കും വാക്‌സിന്‍ കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ഹരജിയെത്തിയത്. ഇതിന് മറുപടിയായാണ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് കമ്പനി കോടതിയില്‍ പറഞ്ഞത്.
അതേസമയം, കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടാകുമെന്ന കമ്പനിയുടെ വെളിപ്പെടുത്തലില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ ബി ഇക്ബാല്‍ പറഞ്ഞു. 1796ല്‍ വസൂരിക്കുള്ള ഫലവത്തായ വാക്‌സിന്‍ അവതരിപ്പിച്ച എഡ്വേര്‍ഡ് ജെന്നറുടെ കാലം മുതല്‍ വാക്‌സിനുകള്‍ ദശലക്ഷകണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ടെന്നും വാക്‌സിനുകളെ കുറിച്ച് വാക്‌സിന്‍ വിരുദ്ധര്‍ അടിസ്ഥാന രഹിതമായ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കൊവിഡ് വാക്‌സിന്‍ വിവാദ റിപ്പോര്‍ട്ടുകള്‍
1. കൊവിഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്ന തരത്തിലുള്ള അപൂര്‍വമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെക്ക കോടതിയില്‍ സമ്മതിച്ചതായുള്ള പത്രവാര്‍ത്തകള്‍ കോവിഡ് വാക്‌സിനെ സംബന്ധിച്ച് അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
2. AstraZeneca (ആസ്ട്രസെനെക്ക) മരുന്നു കമ്പനി വിപണനം ചെയ്യുന്ന കോവിഡ് വാക്‌സിന്‍ കോവിഷീല്‍ഡ് (Covishield) ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്തതാണ് ഫീല്‍ഡ് ട്രയലിനായി ഫണ്ടിംഗ് നടത്തുക മാത്രമാണ് ആസ്ട്രാസെനെക്ക ചെയ്തിട്ടുള്ളത്.
3. ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാക്സിനോളജി പ്രൊഫസര്‍ സാറാ കാതറിന്‍ ഗില്‍ബെര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് വാക്സിന്റെ അടിസ്ഥാന ഗവേഷണം നടത്തിയത്. ഇവരാണ് വാക്സിനായി വൈറല്‍ വെക്റ്റര്‍ വാക്സിന്‍ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തത്. ദശലക്ഷക്കണക്കിന് ആളുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളില്ലാതെ വാക്‌സിന്‍ എടുത്തിട്ടുണ്ട്.
4. വാക്സിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാന്‍ ആസ്ട്രസെനെക്ക യോഗ്യതയുള്ള ഏജന്‍സിയല്ല. മരുന്നിന്റെ പേറ്റന്റ് കൈവശമുള്ളതിനാല്‍ ആസ്ട്രസെനെക്ക കോടതിയില്‍ മൊഴികൊടുത്തതാവാം.
5. വാക്‌സിനേഷനിലൂടെ രക്തം കട്ടപിടിക്കുന്നതിനുള്ള വളരെ അപൂര്‍വമായ സാധ്യത നേരത്തെ തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ നേട്ട കോട്ട വിശകലനം നടത്തി, ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ, ലോകാരോഗ്യ സംഘടന തുടങ്ങിയ സ്ഥാപനങ്ങള്‍ കോവിഷീല്‍ഡിന്റെ അപകടസാധ്യതകള്‍, നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ വളരെ അപൂര്‍വ്വമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
6. വാക്‌സിനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മരുന്നുകളും അപൂര്‍വമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം.
7. മാത്രമല്ല കോവിഡാനന്തര അവസ്ഥ/സിന്‍ഡ്രോമിന്റെ (Post Covid Condition/Syndrome) ഭാഗമായി രക്തകട്ടകള്‍ ഉണ്ടാകാം (ത്രോംബോ എംബോളിസം), പ്രത്യേകിച്ച് പ്രമേഹം അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദം പോലുള്ള രോഗാവസ്ഥയുള്ള പ്രായമായവരിലും എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. വാക്‌സിന്‍ സ്വീകരിച്ച പലര്‍ക്കും നേരത്തെ കോവിഡ് വന്നിരിക്കാന്‍ സാധ്യതയുണ്ട്. ചിലരെ രോഗലക്ഷണമില്ലാതെ കോവിഡ് ബാധിക്കാം. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് വാക്‌സിന്‍ മൂലമെന്ന് തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്
8. നിര്‍ഭാഗ്യവശാല്‍ , 1796-ല്‍ വസൂരിക്കുള്ള ഫലവത്തായ വാക്‌സിന്‍ അവതരിപ്പിച്ച എഡ്വേര്‍ഡ് ജെന്നറുടെ കാലം മുതല്‍, വാക്‌സിനുകള്‍ വഴി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കപ്പെട്ടിട്ടും, ആന്റി വാക്‌സേഴ്‌സ് (Anti Vaxxers) എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള വാക്‌സിന്‍ വിരുദ്ധര്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കയും ഇടക്കിടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിവാദങ്ങള്‍ സ്രഷ്ടിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കയും ചെയ്ത് വരുന്നുണ്ട്. . ഇവരെ പിന്തുണക്കുന്നവരാണു പുതുമയൊന്നുമില്ലാത ആസ്ട്രസെനെക്കെയുടെ കോടതി പരാമര്‍ശം ഇപ്പോള്‍ വിവാദമാക്കിയിട്ടുള്ളത്.
9. ആധുനിക ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആധുനിക വാക്‌സിനുകള്‍ വളരെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടവയാണു. ചില അര്‍ബുദങ്ങളെപ്പോലും പ്രതിരോധിക്കുന്നതിനും വാക്‌സിനുകള്‍ പ്രയോഗിച്ച് വരുന്നു. ഉദാഹരണമായി Human Papilloma Virus Vaccine: HPV (ഗര്‍ഭാശയ കാന്‍സര്‍), Hepatitis B Vaccine (കരള്‍ കാന്‍സര്‍) തുടങ്ങിയവ.. എച്ച്‌ഐവി/എയ്ഡ്സ് പോലുള്ള മറ്റ് പകര്‍ച്ചവ്യാധികള്‍ക്കുള്ള വാക്സിനുകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്.
ഡോ ബി ഇക്ബാല്‍