Ayushman Bharat: 70 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ; പുതിയ ചുവടുവെപ്പുമായി കേന്ദ്രം
Ayushman Bharat Pradhan Mantri Jan Arogya Yojana: ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിലവില്‍ അംഗമായിട്ടുള്ള കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. മുതിര്‍ന്ന പൗരന്മാരുടെ വരുമാനം പരിഗണിക്കാതെയുള്ള പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.
ന്യൂഡല്‍ഹി: രാജ്യത്തെ 70 വയസ് കഴിഞ്ഞ ആളുകള്‍ക്ക് സൗജന്യ ചികിത്സ സൗകര്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ആറ് കോടി വരുന്ന മുതിര്‍ന്ന പൗരന്മാരുള്‍പ്പെടെയുള്ള 4.5 കോടി കുടുംബങ്ങള്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യും. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ (Ayushman Bharat Pradhan Mantri Jan Arogya Yojana) കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗകര്യമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിലവില്‍ അംഗമായിട്ടുള്ള കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. മുതിര്‍ന്ന പൗരന്മാരുടെ വരുമാനം പരിഗണിക്കാതെയുള്ള പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.
കേന്ദ്രം വിഭാവനം ചെയ്ത പുതിയ പദ്ധതി വഴി രാജ്യത്തെ 4.5 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനമുണ്ടാകുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. പുതിയ പദ്ധതി പ്രകാരം 70 വയസും അതില്‍ കൂടുതലും ഉള്ള ആളുകള്‍ക്ക് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ ആരോഗ്യ സുരക്ഷയ്ക്കായി ഒരു പ്രത്യേക കാര്‍ഡ് നല്‍കുന്നതാണ്.
ഓരോ മുതിര്‍ന്ന പൗരനും പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ കൂടുതലായും അനുവദിക്കും. മാത്രമല്ല മറ്റ് സ്‌കീമുകളില്‍ നിന്ന് ഇന്‍ഷുറന്‍സ് ലഭിക്കുന്നവര്‍ക്ക് അതില്‍ തുടരാനും അല്ലെങ്കില്‍ പുതിയ പദ്ധതിയുടെ ഭാഗമാകാനും സാധിക്കും. കേന്ദ്ര സര്‍ക്കാര്‍ ഹെല്‍ത്ത് സ്‌കീം, എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം, ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ് തുടങ്ങി മറ്റ് പൊതു ഇന്‍ഷുറന്‍സിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്കും പുതി പദ്ധതി സ്വീകരിക്കാം. മാത്രമല്ല, സ്വകാര്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തവര്‍ക്കും എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ക്കും പുതിയ പദ്ധതിയില്‍ ചേരാവുന്നതാണ്.
അതേസമയം, ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ 7.37 കോടി ആളുകളാണ് ഇതുവരെ ആശുപത്രി പ്രവേശനം നടത്തിയിട്ടുള്ളത്. ഇതില്‍ 49 ശതമാനവും സ്ത്രീകളാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഈ പദ്ധതി വഴി ഒരു ലക്ഷം കോടി ആളുകള്‍ക്കാണ് ഇതുവരെ പ്രയോജനം ലഭിച്ചിട്ടുള്ളത്. ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയാണ് ആരോഗ്യ പരിരക്ഷയ്ക്കായി ഈ പദ്ധതി വഴി നല്‍കുന്നത്.
അതേസമയം, പാര്‍ലമെന്റിലെ ഇരുസഭകളേയും അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മു ആണ് 70 വയസിന് മുകളില്‍ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് നേരത്തെ അറിയിച്ചത്. രാജ്യത്താകെ 25,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ നടക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ സൗജന്യ ചികിത്സ രാജ്യത്തെ 55 കോടിയോളം ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും മുര്‍മു കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആയുഷ്മാന്‍ ഭാരത് കാര്‍ഡിന് അപേക്ഷിക്കേണ്ടതുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു അപേക്ഷ ഫയല്‍ ചെയ്തുകഴിഞ്ഞതിന് ശേഷം ഒരു ഹെല്‍ത്ത് കാര്‍ഡും ഒരു രസീതും നല്‍കും. രാജ്യത്തെ പൊതു അല്ലെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ എംപാനല്‍ ചെയ്ത ആശുപത്രികളില്‍ ഈ കാര്‍ഡ് ഉപയോഗിച്ച് സൗജന്യ ചികിത്സ ലഭ്യമാക്കാം.
ആവശ്യമായ രേഖകള്‍
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡ്, താമസ സ്ഥലവുമായി ബന്ധപ്പെട്ടുള്ള തെളിവ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, കാറ്റഗറി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് വേണ്ടത്.
ആയുഷ്മാന്‍ ഭാരത് കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം
- ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുന്നതിന് pmjay.gov.in സൈറ്റ് സന്ദര്‍ശിക്കുക.
- എന്നിട്ട് ABHA- രജിസ്‌ട്രേഷന്‍ ബട്ടണില്‍ ക്ലിക്കുചെയ്യുക
- ശേഷം ആധാര്‍ സ്ഥിരീകരിക്കാന്‍ ഒടിപി നല്‍കുക
- പേര്, വരുമാനം, പാന്‍ കാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ നല്‍കാം
- അപേക്ഷ അംഗീകരിക്കുന്നത് വരെ കാത്തിരിക്കുക
- അപേക്ഷ അംഗീകരിച്ച ശേഷം ആയുഷ്മാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക
- ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്തുവെക്കാം