Arvind Kejriwal: പൊതുഫണ്ട് ദുരുപയോഗം ചെയ്തു; അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ്
Arvind Kejriwal New Case: അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നേഹ മിത്തലിന് മുമ്പിലാണ് പോലീസ് കംപ്ലയിന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസിലെ അടുത്ത വാദം ഏപ്രില്‍ 18ന് കേള്‍ക്കും. ദേശീയ തലസ്ഥാനത്ത് വലിയ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കാന്‍ പൊതുഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് മാര്‍ച്ച് 11ന് കെജരിവാളിനും മറ്റ് രണ്ടുപേര്‍ക്കുമെതിരെ നടപടിയെടുക്കാനുള്ള നിര്‍ദേശം കോടതി പുറപ്പെടുവിച്ചിരുന്നു.

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായി അരവിന്ദ് കെജരിവാളിനെതിരെ കേസ്. പൊതുഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഡല്‍ഹി പോലീസ് കേസെടുത്തത്. പൊതുസ്വത്ത് നിയമം ലംഘിച്ചെന്നാരോപിച്ച് അരവിന്ദ് കെജരിവാളിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു.
വിഷയത്തില്‍ പോലീസ് റൗസ് അവന്യൂ കോടതിയില്‍ കംപ്ലയിന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് അനധികൃതമായി പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിച്ചതായി പരാതിയില്‍ പറയുന്നു.
അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നേഹ മിത്തലിന് മുമ്പിലാണ് പോലീസ് കംപ്ലയിന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസിലെ അടുത്ത വാദം ഏപ്രില്‍ 18ന് കേള്‍ക്കും. ദേശീയ തലസ്ഥാനത്ത് വലിയ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കാന്‍ പൊതുഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് മാര്‍ച്ച് 11ന് കെജരിവാളിനും മറ്റ് രണ്ടുപേര്‍ക്കുമെതിരെ നടപടിയെടുക്കാനുള്ള നിര്‍ദേശം കോടതി പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.




കെജരിവാളിന് പുറമെ മുന്‍ എഎപി എംഎല്‍എ ഗുലാബ് സിങ്ങിനും ദ്വാരക കണ്‍സിലറായിരുന്ന നിതിക ശര്‍മയ്ക്കുമെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്.
2019ലാണ് ദ്വാരകയില്‍ വലിയ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചതെന്ന് പരാതിയില്‍ പറയുന്നു. പൊതുപണം മനപൂര്‍വം ദുരുപയോഗം ചെയ്തുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.