പതജ്ഞലിക്കെതിരായ കേസ്: സുപ്രീം കോടതി ഇന്ന് പരിഗണിക്കും
പത്ജ്ഞലിയുടെ കാര്യത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മനപൂർവം വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു.
ന്യൂഡൽഹി: പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ കേസ് പരിഗണിക്കവേ കടുത്ത വിമർശനമാണ് കോടതി ഉയർത്തിയത്. അന്ധരല്ലെന്നും പതഞ്ജലിയോട് മഹാമനസ്കത കാണിക്കാൻ തയാറല്ലെന്നും വ്യക്തമാക്കി സുപ്രീം കോടതി രാംദേവിൻ്റെ മാപ്പ് അപേക്ഷ തള്ളിയിരുന്നു. പത്ജ്ഞലിയുടെ കാര്യത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മനപൂർവം വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. കേസിൽ ബാബ രാംദേവ് ഉൾപ്പെടെയുള്ളവർ ഇന്ന് നേരിട്ട് ഹാജരാകണം എന്നാണ് കോടതി നിർദ്ദേശം.
തെറ്റിദ്ധാരണ ജനിപ്പിക്കുംവിധത്തിൽ പരസ്യം നൽകിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതിയുമായി രംഗത്തെത്തിയത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നൽകിയെങ്കിലും ഇവർ പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ട് പോവുകയായിരുന്നു.
നേരത്തെ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇരുവരും നിരുപാധികം മാപ്പ് അപേക്ഷിച്ചിരുന്നു. അവകാശവാദങ്ങൾ അശ്രദ്ധമായി ഉൾപ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങൾ നൽകിയതിൽ ഖേദിക്കുന്നുവെന്നുമായിരുന്നു പതഞ്ജലി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത് . കോടതി ഉത്തരവിനെ കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്ന് വാദമുയർത്തിയിരുന്നു.
ഒരു പാരഗ്രാഫിലാണോ കോടതിക്ക് മറുപടി നൽകേണ്ടത് എന്നും, അങ്ങനെ തോന്നിയെങ്കിൽ ക്ഷമ പറയാം എന്നത് എന്ത് പ്രയോഗമാണ്, കോടതിയിൽ ഉറപ്പ് നൽകിയിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ പ്രസ്താവന നടത്തി, എല്ലാ തലവും ലംഘിച്ചു, കേന്ദ്രം ഇത്രയും കാലം കണ്ണടച്ചത് എന്തു കൊണ്ടെന്ന് മനസിലാകുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു. വീണ്ടും മറുപടി നൽകാമെന്നും നേരിട്ട് മാപ്പ് പറയാമെന്നുമെല്ലാം ബാബാ രാംദേവ് പറഞ്ഞെങ്കിലും രാംദേവിനെ പഠിപ്പിക്കാനില്ലെന്നും അടുത്ത തവണ കേസ് കേൾക്കുമ്പോൾ രണ്ടുപേരും വേണമെന്നില്ലെന്നും രോഷത്തോടെ കോടതി അറിയിച്ചിരുന്നു.