By Election : ഉപതിരഞ്ഞെടുപ്പ്: 13ൽ 8 സീറ്റിലും വിജയിച്ച് ഇൻഡ്യാ മുന്നണി; മൂന്നെണ്ണത്തിൽ ലീഡ്; എൻഡിഎയ്ക്ക് തിരിച്ചടി
By Election India Alliance : ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാമണ്ഡലങ്ങളിലേക്ക് നടത്തിയ ഉപതിരഞ്ഞെടുപ്പുകളിൽ ഇൻഡ്യാ മുന്നണിയ്ക്ക് ഗംഭീര മുന്നേറ്റം. ആകെ രണ്ട് സീറ്റുകളിലൊഴികെ 11 സീറ്റുകളിലും ഇൻഡ്യാ മുന്നണി മുന്നിലാണ്. പല സീറ്റുകളിലും ഇൻഡ്യാ മുന്നണി വിജയിക്കുകയും ചെയ്തു.
13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടത്തിയ ഉപതിരഞ്ഞെടുപ്പുകളിൽ ഇൻഡ്യാ മുന്നണിയ്ക്ക് ഗംഭീര മുന്നേറ്റം. ആകെ ഏഴ് സംസ്ഥാനങ്ങളിലായി നടത്തിയ തിരഞ്ഞെടുപ്പുകളിൽ 8സീറ്റിലും ഇൻഡ്യാ മുന്നണി സ്ഥാനാർത്ഥികൾ വിജയമുറപ്പിച്ച് കഴിഞ്ഞു. വെറും രണ്ട് സീറ്റുകളിൽ മാത്രമാണ് എൻഡിഎ സ്ഥാനാർത്ഥികൾ വിജയിച്ചത്.
ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്നാട്, മധ്യ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളാണ് നിലവിൽ പുറത്തുവരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ആം ആദ്മി എന്നീ പാർട്ടികളാണ് ഇൻഡ്യാ മുന്നണിയ്ക്കായി സ്ഥാനാർത്ഥികളെ നിർത്തിയത്.
പഞ്ചാബിലെ ജലന്ധർ വെസ്റ്റ് മണ്ഡലത്തിൽ ആം ആദ്മി പാർട്ടി എംഎൽഎ രാജിവച്ച് ബിജെപിയിൽ ചേർന്നതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. ഇവിടെ കാലുമാറി ബിജെപിയിൽ ചേർന്ന ശീതൾ അംഗുരാലിനെ പരാജയപ്പെടുത്തി ആം ആദ്മി സ്ഥാനാർഥി മൊഹീന്ദർ ഭഗത് വിജയിച്ചു. 23,000ലധികം വോട്ടുകൾക്കാണ് മൊഹീന്ദറിൻ്റെ ജയം.
Also Read : Manusmriti : എൽഎൽബി സിലബസിൽ മനുസ്മൃതി; നിർദ്ദേശം ഔദ്യോഗികമായി തള്ളി ഡൽഹി യൂണിവേഴ്സിറ്റി
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സിഖ്‌വിന്ദർ സിംഗ് സുഖുവിൻ്റെ ഭാര്യ കംലേഷ് താക്കൂർ ദെഹ്റ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. ഇതാദ്യമായാണ് കംലേഷ് താക്കൂർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സംസ്ഥാനത്ത് നാലാഗറിലും കോൺഗ്രസ് ജയിച്ചു. ഹാമിർപൂരിൽ ബിജെപി സ്ഥാനാർത്ഥി ആശിഷ് ശർമ വിജയിച്ചു. സംസ്ഥാനത്തെ മൂന്ന് എംഎൽഎമാർ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത ശേഷം രാജിവച്ചിരുന്നു. ബിജെപിക്കായി ഇത്തവണ മത്സരിക്കുന്ന ഇവരിൽ രണ്ട് പേരും പരാജയപ്പെട്ടു. ഹാമിർപൂരിൽ മാത്രമാണ് ബിജെപിക്ക് നേട്ടമുണ്ടായത്. മധ്യപ്രദേശിലെ അമർവാരയിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സിറ്റിങ് എംഎൽഎ കമലേഷ് ഷാ വിജയിച്ചു.
പശ്ചിമബംഗാളിലെ 3 സീറ്റുകളിൽ മൂന്നിലും തൃണമൂൽ വിജയിച്ചു. റായ്ഗഞ്ജ്, റാണാഘട്ട് സൗത്ത്, ബാഗ്ദ സീറ്റുകളിൽ വിജയിച്ച തൃണമൂൽ മണിക്താല സീറ്റിൽ ബഹുദൂരം മുന്നിലാണ്. ഉത്തരാഖണ്ഡിലെ രണ്ട് സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു. തമിഴ്നാട്ടിലെ വിക്രവണ്ടിയിൽ ഡിഎംകെ സ്ഥാനാർത്ഥി അണ്ണിയൂർ സിവ വമ്പൻ ഭൂരിപക്ഷത്തോടെ മുന്നിലാണ്. ബീഹാറിൽ ജെഡിയു സ്ഥാനാർത്ഥി മുന്നിലാണ്.