Actor Vijay: നടൻ വിജയ്ക്ക് വക്കീൽ നോട്ടീസ്; പാർട്ടി പതാകയിൽ മാറ്റം വരുത്തണമെന്ന് ബിഎസ്പി
BSP Issues Legal Notice to Actor and TVK leader Vijay: ബിഎസ്പിയുടെ ചിഹ്നമാണ് ആന. അഞ്ച് ദിവസത്തിനകം പതാകയിൽ മാറ്റം വരുത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ബിഎസ്പി അറിയിച്ചു.

ചെന്നൈ: തമിഴ് നടനും തമിഴക വെട്രി (ടിവികെ) കഴകം പാർട്ടിയുടെ നേതാവുമായ വിജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ബിഎസ്പി (ബഹുജൻ സമാജ് പാർട്ടി). ബിഎസ്പിയുടെ ചിഹ്നമാണ് ആനെയെന്നും, ടിവികെ പതാകയിലെ ആനയുടെ ചിത്രം നീക്കണമെന്നുമാണ് ആവശ്യം. അഞ്ച് ദിവസത്തിനുള്ളിൽ പതാകയിൽ മാറ്റം വരുത്തിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ബിഎസ്പി അറിയിച്ചു. തമിഴ്നാട് ബിഎസ്പിയുടെ അഭിഭാഷക വിഭാഗമാണ് വക്കീൽ നോട്ടീസ് അയച്ചത്.
അടുത്തിടെയാണ് വിജയുടെ രാഷ്ട്രീയ പാർട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ആദ്യ വാതിൽ തുറന്നുവെന്ന് വിജയ് തന്നെയാണ് തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ട് വഴി അറിയിച്ചത്. പാർട്ടിയുടെ ആദ്യ സമ്മേളനം ഒക്ടോബർ 27-ന് വിഴിപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ വെച്ച് നടക്കും.
ALSO READ: പാർട്ടി പതാക വീണ്ടും വിവാദത്തിൽ ; വെട്ടിലായത് വിജയ്
അതേസമയം, ടിവികെ പതാക പുറത്തിറക്കിയ അന്ന് തന്നെ പതാകയിലെ ആനയെ ചൂണ്ടി ദേശീയ പാർട്ടിയായ ബിഎസ്പി ശക്തമായി പ്രതിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടപ്രകാരം സിക്കിമും അസമും ഒഴികെയുള്ള സംസ്ഥാനങ്ങൾക്ക് ആനയെ ചിഹ്നമായി ഉപയോഗിക്കാനാവില്ല. അതിനാൽ ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിയുരുന്നു ബിഎസ്പി തമിഴ്നാട് പ്രസിഡൻ്റ് ആനന്ദൻ രംഗത്തെത്തിയത്.
ടി.വി.കെ. സെൽവം എന്ന സാമൂഹിക പ്രവർത്തകൻ വിജയ്ക്കെതിരെ ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിൽ പതാക വിഷയത്തിൽ പരാതിയും നൽകിയിരുന്നു. ഇലക്ഷൻ കമ്മീഷൻ ചട്ടപ്രകാരം കൊടിയിൽ ജീവനുള്ള മൃഗങ്ങളെ ഉപയോഗിക്കരുത്. ശ്രീലങ്കൻ തമിഴരുടെ പ്രതീകമായ വാഗൈ പുഷ്പം തെറ്റായ രീതിയിൽ ഉപയോഗിച്ചതായും പരാതിയിൽ പരാമർശിച്ചിരുന്നു.