BSF Jawan Release: ജവാനെ വിട്ടുകിട്ടാൻ ശ്രമം തുടരുന്നു; പ്രതികരിക്കാതെ പാകിസ്ഥാൻ, വീണ്ടും ചർച്ച നടത്തും
BSF Jawan Purnab Kumar Shaw Release: ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ ബിഎസ്എഫ് ഡയറക്ടർ ജനറൽ ദൽജിത് ചൗധരി, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെ അറിയികയും ചെയ്തു. പഞ്ചാബിലെ ഫിറോസ്‍പൂരിലെ ബിഎസ്എഫിന്റെ 182 -ാം ബറ്റാലിയനിലെ അംഗമാണ് ജവാൻ പർണബ് കുമാർ ഷാ.

ന്യൂഡൽഹി: പാകിസ്താൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലുള്ള ജവാനെ വിട്ടുകിട്ടാനുള്ള (BSF Jawan Release) ശ്രമം തുടർന്ന് ഇന്ത്യ. ജവാൻ പർണബ് കുമാർ ഷായെ വിട്ടുകിട്ടാൻ അതിർത്തിരക്ഷാസേനയും പാകിസ്താൻ റേഞ്ചേഴ്‌സും തമ്മിൽ മൂന്ന് ഫ്ളാഗ് മീറ്റിങ്ങുകളാണ് ഇതുവരെ നടത്തിയത്. എന്നാൽ പാകിസ്താൻ്റെ ഭാഗത്ത് നിന്ന് അനുകൂലമായൊരു മറുപടി ലഭിക്കാത്തതിനാൽ വീണ്ടും ചർച്ച നടത്താനാണ് തീരുമാനം.
അതിനിടെ, ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ ബിഎസ്എഫ് ഡയറക്ടർ ജനറൽ ദൽജിത് ചൗധരി, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെ അറിയികയും ചെയ്തു. പഞ്ചാബിലെ ഫിറോസ്‍പൂരിലെ ബിഎസ്എഫിന്റെ 182 -ാം ബറ്റാലിയനിലെ അംഗമാണ് ജവാൻ പർണബ് കുമാർ ഷാ. ബുധനാഴ്ചയാണ് അദ്ദേഹം പാക് പട്ടാളത്തിന്റെ പിടിയിലാവുന്നത്.
ജവാനെ തിരിച്ചുകിട്ടാൻ കണ്ണീരോടെയും പ്രാർഥനകളുമായും കഴിയുകയാണ് കുടുംബം. ‘അവൻ രാജ്യത്തെ സേവിക്കുകയായിരുന്നു. എവിടെയാണ് അവനെന്നുമാത്രം അറിഞ്ഞാൽ മതിയെനിക്ക്’’- നിറഞ്ഞ കണ്ണുകളോടെ പിതാവ് ബോൽനാഥ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാഴ്ചമുൻപാണ് വീട്ടിൽ നിന്ന് അവധിക്ക് ശേഷം പർണബ് മടങ്ങിയത്.
അതിർത്തിയിൽ കിസാൻ ഗാർഡ് ഡ്യൂട്ടിക്കിടെയാണ് അദ്ദേഹം പാകിസ്താൻ്റെ പിടിയിലാവുന്നത്. പഞ്ചാബിലെ ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിർത്തിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇരുരാജ്യങ്ങളുടെയും അതിർത്തിക്കിടയിലുള്ള സ്ഥലത്ത് കർഷകരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനിടെ അബദ്ധത്തിലാണ് അദ്ദേഹം അതിർത്തി കടന്നത്. കർഷകരെ സഹായിക്കാനാണ് താൻ കടന്നതെന്ന് പറഞ്ഞിട്ടും വിട്ടുവീഴ്ച്ചയുണ്ടായില്ല. കർഷകർക്കൊപ്പം നിൽക്കവേ പാക് റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജമ്മു കശ്മീരിൽ കുതിരസവാരിക്കാരൻ കസ്റ്റഡിയിൽ
വിനോദസഞ്ചാരിയോട് മതങ്ങളെക്കുറിച്ച് ചോദിച്ചെന്ന ആരോപണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ കുതിരസവാരിക്കാരനെ കസ്റ്റഡിയിലെടുത്തു. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ വൈറലായിരുന്നു. ഒരു സ്ത്രീ ഒരാളുടെ ഫോട്ടോ കാണിച്ച് ഇയാൾ തന്റെ മതത്തെക്കുറിച്ച് ചോദിച്ചെന്ന് ആരോപിക്കുന്നയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ ചർച്ചയായതോടെ കുതിരസവാരിക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഗന്ദർബാലിലെ ഗോഹിപോറ റൈസാൻ നിവാസിയായ അയാസ് അഹമ്മദ് ജംഗലിനെയാണ് കസ്റ്റഡിയിലെടുത്തത്. സോനാമാർഗിലെ തജ്വാസ് ഗ്ലേസിയറിൽ പോണി സർവീസ് പ്രൊവൈഡറായി ജോലി ചെയ്യുന്നയാളാണ് അയാസ്.