BSF jawan in Pakistan custody: അബദ്ധത്തിൽ നിയന്ത്രണരേഖ മറികടന്നു; ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ, മോചനത്തിന് ചർച്ചകൾ തുടരുന്നു
BSF jawan in Pakistan custody After Crossing Border: ഇന്ത്യ - പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജവാൻ തണലിനായി മരച്ചുവട് തേടി പോയപ്പോഴാണ് അബദ്ധത്തിൽ ഇന്ത്യൻ അതിർത്തിവേലി കടന്ന് പാകിസ്ഥാൻ പ്രദേശത്തേക്ക് പ്രവേശിച്ചത്.

ദില്ലി: പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ. ഫിറോസ്പൂരിലെ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തിയിൽ വെച്ച് അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്നപ്പോഴാണ് പാക് സൈന്യം ജവാനെ കസ്റ്റഡിയിൽ എടുത്തത്. ജവാന്റെ മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവരം. പഹൽഗാം ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം മുറുകുന്നതിനിടെയാണ് പാകിസ്ഥാന്റെ നീക്കം.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പാക് റേഞ്ചേഴ്സാണ് ബിഎസ്എഫ് കോൺസ്റ്റബിൾ പി കെ സിംഗിനെ കസ്റ്റഡിയിലെടുത്തത്. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് പാക് റേഞ്ചേഴ്സ് ജവാനെ പിടികൂടിയത്. തുടർന്ന് പരിശോധന നടത്തി തോക്ക് അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത ജവാന്റെ ഫോട്ടോ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യ – പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജവാൻ തണലിനായി മരച്ചുവട് തേടി പോയപ്പോഴാണ് അബദ്ധത്തിൽ ഇന്ത്യൻ അതിർത്തിവേലി കടന്ന് പാകിസ്ഥാൻ പ്രദേശത്തേക്ക് പ്രവേശിച്ചത്. അവിടെ വെച്ച് പാക് റേഞ്ചേഴ്സ് ജവാനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കണ്ണ് മൂടിക്കെട്ടി കൊണ്ടായിരുന്നു അദ്ദേഹത്തെ പാക്കിസ്ഥാൻ കൊണ്ടുപോയത്.
ALSO READ: എന്താണ് കലിമ?; എന്തുകൊണ്ട് ഇത് അറിയാവുന്നവരെ തീവ്രവാദികൾ വെറുതെവിട്ടു?
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ – പാക്കിസ്ഥാൻ ബന്ധം വഷളാവുകയാണ്. പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചടതക്കമുള്ള കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. ഇതിന് പിന്നാലെ സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് വ്യക്തമാക്കി പാകിസ്ഥാനും രംഗത്തെത്തി. സിന്ദു നദീജല കരാര്‍ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടാനോ തടയാനോയുള്ള ഏതൊരു നടപടിയും യുദ്ധമായി കണക്കാകുമെന്ന് പാകിസ്ഥാൻ അറിയിച്ചു.