5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IB Ministry: ദുരന്തങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിടുമ്പോള്‍ തീയതിയും സമയവും ഉള്‍പ്പെടുത്തുക; മാധ്യമങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം

Broadcast Bill: കാഴ്ചക്കാരില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ ദൃശ്യങ്ങളുടെ മുകളില്‍ തിയതിയും സമയവും ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

IB Ministry: ദുരന്തങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിടുമ്പോള്‍ തീയതിയും സമയവും ഉള്‍പ്പെടുത്തുക; മാധ്യമങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം
Social Media Image
shiji-mk
Shiji M K | Updated On: 13 Aug 2024 14:35 PM

ന്യൂഡല്‍ഹി: വാര്‍ത്താ മാധ്യമങ്ങള്‍ക്ക് പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. പ്രകൃതി ദുരന്തങ്ങളുടെയും അപകടങ്ങളുടെയും ദൃശ്യങ്ങള്‍ പുറത്തുവിടുമ്പോള്‍ സമയവും തീയതിയും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചു. ദുരന്തം സംഭവിച്ച് ദിവസങ്ങള്‍ക്ക് ശേഷവും പഴയ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത് കാഴ്ചക്കാരില്‍ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. കാഴ്ചക്കാരില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ ദൃശ്യങ്ങളുടെ മുകളില്‍ തിയതിയും സമയവും ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സംഭവ സ്ഥലത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെങ്കിലും തിയതിയും സമയവും ഉണ്ടായിരിക്കണം. ഇത് വസ്തുതയെ കുറിച്ച് കാഴ്ചക്കാരെ അറിയിക്കുന്നതിന് സഹായിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ പ്രോഗ്രാം കോഡ് നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.

Also Read: NIA Raid : തെലങ്കാനയിലെ മാവോയിസ്റ്റ് അറസ്റ്റുമായി ബന്ധം; കൊച്ചിയിൽ എൻഐഎ റെയ്ഡ്

വയനാട്ടിലെയും ഹിമാചല്‍ പ്രദേശിലെയും പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുതിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചത്.

അതേസമയം, വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു. ദുരന്തത്തിനിരയായ കുടുംബങ്ങളുടെ വായ്പകള്‍ക്ക് മോറട്ടോറിയം അനുവദിക്കാനാണ് തീരുമാനമായിരിക്കുന്നത്. ഇക്കാര്യം പ്രഖ്യാപിക്കാന്‍ സംസ്ഥാന ബാങ്കേഴ്‌സ് സമിതി ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ദുരന്തബാധിതരുടെ വായ്പകള്‍ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു.

ജില്ലാതല ബാങ്കേഴ്‌സ് സമിതിയുടെ പ്രാഥമിക വിലയിരുത്തലിന് അനുസരിച്ച് 22 കോടി രൂപയാണ് ദുരന്തബാധിതര്‍ ആകെ തിരിച്ചടയ്ക്കാനുള്ളത്. ഈ വായ്പ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ഇവരില്‍ ആരെയും നേരിട്ടോ ഫോണിലൂടെയോ തപാലിലൂടെയോ ശല്യപ്പെടുത്തരുതെന്നാണ് പുതിയ നിര്‍ദ്ദേശം. കൃഷി വായ്പകള്‍ക്കായിരിക്കും ആദ്യം മോറട്ടോറിയം അനുവദിക്കുന്നത്. 50 ശതമാനം വരെയെങ്കിലും കൃഷി നശിച്ചിട്ടുണ്ടെങ്കില്‍ ഒരു വര്‍ഷത്തെ മോറട്ടോറിയവും ഒരു വര്‍ഷത്തെ അധിക തിരിച്ചടവ് കാലാവധിയും അനുവദിക്കുമെന്നാണ് വിവരം.

കൃഷിനാശം 50 ശതമാനത്തിന് മുകളിലാണെങ്കില്‍ ഒരു വര്‍ഷത്തെ മോറട്ടോറിയവും 5 വര്‍ഷം വരെ തിരിച്ചടവ് കാലാവധി നീട്ടി നല്‍കുകയുമാണ് ചെയ്യുക. മോറിട്ടോറിയം അനുസരിച്ച് ഒരു വര്‍ഷം പണം തിരിച്ചടയ്‌ക്കേണ്ടി വരില്ല. അതുകഴിഞ്ഞുള്ള തിരിച്ചടവിനായി വായ്പ പുനക്രമീകരിച്ച് നല്‍കുന്നതാണ്. മോറട്ടോറിയം വഴി ലഭിക്കുന്ന ഒരു വര്‍ഷത്തെ സാവകാശം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല. ഈ കാലയളവിലെ പലിശ ബാക്കി അടയ്ക്കാനുള്ള വായ്പത്തുകയില്‍ ഉള്‍പ്പെടുത്തുന്നതാണ്. വായ്പകള്‍ പൂര്‍ണമായി എഴുതിത്തള്ളണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും സാമ്പത്തിക ബാധ്യത എത്രയെന്ന കൃത്യമായ കണക്കുകള്‍ ലഭ്യമായാലേ ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കൂവെന്നാണ് സൂചന.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനും വേണ്ട എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ത്ത ദുരന്തത്തിലെ അതിജീവിതര്‍ക്കൊപ്പമാണ് എല്ലാവരുടേയും പ്രാര്‍ത്ഥനയെന്നും ദുരന്തമേഖല സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

വയനാട് ദുരിതത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്നേദിവസം തന്നെ നിര്‍ദ്ദേശിച്ചിരുന്നു. എത്ര വീടുകള്‍ തകര്‍ന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയില്‍ ജനങ്ങളുടെ പുനരധിവാസം നടത്താനാണ് ഉദ്ദേശിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ കണക്കുകളാണ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

Also Read: Firewalking : ക്ഷേത്രച്ചടങ്ങിൽ തീക്കനലിലൂടെ നടക്കുന്നതിനിടെ കാലിടറി വീണു; ഏഴുവയസുകാരന് ഗുരുതര പരിക്ക്

ദുരന്തത്തില്‍ എല്ലാം നഷ്ടമായവരെ സഹായിക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനൊപ്പമുണ്ടാകുമെന്നും ദുരന്തമുണ്ടായ അന്ന് മുതല്‍ താന്‍ ഇവിടെയുള്ളവരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നുവെന്നും മോദി പറഞ്ഞിരുന്നു. അതിജീവിതരില്‍നിന്ന് അവര്‍ കണ്ടതും അനുഭവിച്ചതും ചോദിച്ചറിഞ്ഞുവെന്നും പ്രകൃതി അതിന്റെ രൗദ്രഭാവമാണ് പ്രകടിപ്പിച്ചതെന്നും ഉരുള്‍പൊട്ടലിനെ വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന ഉറപ്പാണ് ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് തനിക്ക് നല്‍കാനുള്ളത്, എല്ലാവരും അവര്‍ക്കൊപ്പമുണ്ട്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലേത് ഒരു സാധാരണദുരന്തമല്ല. ദുരിതബാധിതരെ സഹായിക്കുന്നതിനാണ് പ്രഥമപരിഗണന നല്‍കുക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ രണ്ട് മണിക്കൂറോളം അധിക സമയം ദുരന്തമേഖലയില്‍ ചിലവഴിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ദുരന്തത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ യോഗത്തില്‍ അവലോകന പ്രധാനമന്ത്രിക്ക് മുമ്പില്‍ വിശദീകരിച്ചിരുന്നു. പ്രാഥമിക വിവരങ്ങള്‍ അടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറുകയും ചെയ്തിരുന്നു.