BJP Donations 2023-24: സംഭാവനകളിലും ബിജെപി തന്നെ മുന്നിൽ! ലഭിച്ചത് 2,244 കോടി; കോൺഗ്രസിന് 288.9 കോടി
BJP Corporate Donations 2023-24 Financial Year: മുൻവർഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വർഷത്തെ ബിജെപിയുടെ സംഭാവനകളിൽ 212 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018-19 സാമ്പത്തിക വർഷം ബിജെപിക്ക് 742 കോടി രൂപയും കോൺഗ്രസിന് 146.8 കോടി രൂപയും സംഭാവന ലഭിച്ചിരുന്നു.
ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ വ്യക്തികളിൽ നിന്നും ട്രസ്റ്റുകളിൽ നിന്നും കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും 20,000 രൂപയും അതിന് മുകളിലുമായി ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച രാഷ്ട്രീയ പാർട്ടിയായി ബിജെപി. 2,244 കോടി രൂപയാണ് 2023-24 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത്. 2022-23 സാീമ്പത്തിക വർഷത്തെ സംഭാവനയുടെ മൂന്നിരട്ടി വരും ഇത്. അതേസമയം, കോൺഗ്രസിന് 288.9 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. മുൻ വർഷം ഇത് 79.9 കോടി രൂപയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സെെറ്റിലാണ് സംഭാവനകളെ കുറിച്ചുള്ള വിശദവിവരമുള്ളത്.
പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് 723.6 കോടി രൂപയുടെ സംഭാവന ബിജെപിക്കും 156.4 കോടി രൂപയുടെ സംഭാവന കോൺഗ്രസിനും ലഭിച്ചു.
2023-24-ൽ ഇരു പാർട്ടികൾക്കും ഏറ്റവും കൂടുതൽ സംഭാവന നൽകിയത് പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റ് ആണ്. 2022-23 സാമ്പത്തിക വർഷം പ്രൂഡൻ്റിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയവരിൽ മേഘ എഞ്ചിൻ & ഇൻഫ്രാ ലിമിറ്റഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട്, ആർസെലർ മിത്തൽ ഗ്രൂപ്പ്, ഭാരതി എയർടെൽ എന്നിവർ ഉൾപ്പെടുത്തു.
ഇപ്പോൾ പുറത്തുവന്ന സംഭാവന കണക്കിൽ ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള രസീതുകൾ ഉൾപ്പെടുന്നില്ല. രാഷ്ട്രീയ പാർട്ടികളുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിനോട് അനുബന്ധിച്ച് മാത്രമേ ഈ വിവരങ്ങൾ പുറത്തുവിടൂ. സുപ്രീംകോടതി ഈ വർഷം ആദ്യം ഇലക്ടറൽ ബോണ്ട് റദ്ദാക്കിയതിന് പിന്നാലെ ചില പ്രാദേശിക പാർട്ടികൾ അവർക്ക് 2023-24 വർഷം ബോണ്ടിലൂടെ ലഭിച്ച സംഭാവനകൾ എത്രയെന്ന് വെളിപ്പെടുത്തിയിരുന്നു. ബിആർഎസിന് 495.5 കോടി രൂപയും ഡിഎംകെയ്ക്ക് 60 കോടിയും വൈഎസ്ആർ കോൺഗ്രസിന് 121.5 കോടിയും ജെഎംഎമ്മിന് 11.5 കോടിയും ലഭിച്ചു.
മുൻവർഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വർഷത്തെ ബിജെപിയുടെ സംഭാവനകളിൽ 212 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018-19 സാമ്പത്തിക വർഷം ബിജെപിക്ക് 742 കോടി രൂപയും കോൺഗ്രസിന് 146.8 കോടി രൂപയും സംഭാവന ലഭിച്ചിരുന്നു. 850 കോടി രൂപ ഇലക്ടറൽ ട്രസ്റ്റ് വഴി ബിജെപിക്ക് ലഭിച്ചു. അതിൽ 723 കോടി രൂപ പ്രൂഡന്റിൽ നിന്നും 127 കോടി രൂപ ട്രയംഫ് ഇലക്ടറൽ ട്രസ്റ്റിൽ നിന്നും 17.2 ലക്ഷം രൂപ ഐൻസിഗാർട്ടിംഗ് (Einzigartig) ഇലക്ടറൽ ട്രസ്റ്റിൽ നിന്നുമാണ് ലഭിച്ചത്. കോൺഗ്രസിനും ട്രസ്റ്റ് വഴി 156 കോടി രൂപ ലഭിച്ചു.
2023-24ൽ ബിആർഎസിന് 85 കോടി രൂപയും വൈഎസ്ആർ കോൺഗ്രസിന് 62.5 കോടി രൂപയും പ്രൂഡൻ്റ് സംഭാവന നൽകി. ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി 33 കോടി രൂപയാണ് പ്രൂഡൻ്റിൽ നിന്ന് സംഭാവനയായി സ്വീകരിച്ചത്. ഡിഎംകെ എട്ട് കോടി രൂപ വീതം സംഭാവനയായി ട്രയംഫ് ഇലക്ടറൽ ട്രസ്റ്റ്, ജയഭാരത് ട്രസ്റ്റ് എന്നിവയിൽ നിന്നും സ്വീകരിച്ചു.
2023- 24 സാമ്പത്തിക വർഷം സാൻ്റിയാഗോ മാർട്ടിൻ്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസിൽ നിന്ന് ബിജെപി 3 കോടി രൂപയുടെ സംഭാവന സ്വീകരിച്ചതായും ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കുന്നു. എഎപി 11.1 കോടി, സിപിഎം 7.6 കോടി, നാഷണൽ പീപ്പിൾസ് പാർട്ടി 14.8 ലക്ഷം രൂപ എന്നിങ്ങനെയാണ് സംഭാവന സ്വീകരിച്ചത്.