Siddaramaiah’s Economic Advisor Criticism: അഴിമതിയിൽ കർണാടക ഒന്നാം സ്ഥാനത്തെന്ന് സിദ്ധാരാമയ്യയുടെ സാമ്പത്തിക ഉപദേഷ്ടാവ്; പ്രതികരിച്ച് ബിജെപി
BJP Reacts to CM Siddaramaiahs Economic Advisor Statement: കോൺഗ്രസ് നേതൃത്വത്തിൽ അഴിമതിയും കൊള്ളയും ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര പറഞ്ഞു. ഈ സർക്കാരിന്റെ അഴിമതിയുടെ ഇരുണ്ട മുഖം അദ്ദേഹം തുറന്നുകാട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരു: രാജ്യത്ത് അഴിമതിയിൽ ഒന്നാം സ്ഥാനം കർണാടകയ്ക്കാണെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാമ്പത്തിക ഉപദേഷ്ടാവും യെൽഭൂർഗ എംഎൽഎയുമായ ബസവരാജ് രായറെഡ്ഡി നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് ബിജെപി. കോൺഗ്രസ് നേതൃത്വത്തിൽ അഴിമതിയും കൊള്ളയും ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര പറഞ്ഞു. ഈ സർക്കാരിന്റെ അഴിമതിയുടെ ഇരുണ്ട മുഖം രായറെഡ്ഡി തുറന്നുകാട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആര് അധികാരത്തിൽ വന്നാലും അഴിമതി വ്യാപകമാണെന്നും കർണാടകയാണ് അഴിമതിയിൽ ഒന്നാം സ്ഥാനത്ത് എന്നുമായിരുന്നു ബസവരാജിന്റെ ആരോപണം.
എംഎൽഎ ബസവരാജ് രായറെഡ്ഡി അഴിമതിയും കൊള്ളയും കർണാടക സർക്കാരിന്റെ പ്രധാന ഘടകമാണെന്ന് തുറന്നു പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര രംഗത്തെത്തിയത്. ഈ സർക്കാരിന്റെ അഴിമതിയുടെ ഇരുണ്ട മുഖം തുറന്നുകാട്ടിയ അദ്ദേഹം നിങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ അന്തസ്സ് എങ്ങനെ തകർന്നുവെന്ന് എടുത്തുകാണിക്കുകയും ചെയ്തുവെന്നും ബി വൈ വിജയേന്ദ്ര പറഞ്ഞു. നിങ്ങളുടെ ഭരണത്തിന് കീഴിൽ കർണാടക അഴിമതിയുടെ പര്യായമായി മാറിയെന്നും അന്താരാഷ്ട്ര തലത്തിൽ സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആര് അധികാരത്തിൽ വന്നാലും അഴിമതി പടർന്ന് പിടിക്കുകയാണെന്നും കർണാടക അതിൽ ഒന്നാം സ്ഥാനത്താണെന്നുമാണ് ബസവരാജ് രായറെഡ്ഡി പറഞ്ഞത്. കൊപ്പലിൽ റീജിയണൽ ഇമ്പാലൻസ് റിഡ്രസൽ കമ്മിറ്റുമായി നടത്തിയ ആശയവിനിമയത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിവിധ പ്രോജക്ടുകളുടെ ഭാഗമായി നടക്കുന്നത് വലിയ അഴിമതിയാണെന്നും അമ്പത് മുതൽ അറുപത് വയസ് വരെ ആയുസുണ്ടായിരുന്ന കെട്ടിടങ്ങൾക്ക് ഇന്ന് പത്ത് വർഷമായി കുറഞ്ഞെന്നും കല്യാണ എന്ന പ്രദേശത്താണ് സംസ്ഥാനത്ത് ഏറ്റവുമധികം അഴിമതി നടക്കുന്നതെന്നുമാണ് രായറെഡ്ഡി ആരോപിച്ചത്.
അതേസമയം, 22 വർഷം പഴക്കമുള്ള ഡോ. ഡി.എം. നഞ്ചുണ്ടപ്പ റിപ്പോർട്ട് പഠിക്കുന്നതിനായി, പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ പ്രൊഫ. എം. ഗോവിന്ദ് റാവുവിന്റെ അധ്യക്ഷതയിൽ കർണാടക റീജിയണൽ ഇംബാലൻസ് റിഡ്രസൽ കമ്മിറ്റി സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടുണ്ടെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. കമ്മിറ്റിയുടെ ശുപാർശകളിൽ അഴിമതിയെക്കുറിച്ചുള്ള തന്റെ പ്രസ്താവനയും പേരിനൊപ്പം ഉൾപ്പെടുത്തണമെന്ന് റായറെഡ്ഡി കമ്മിറ്റി സെക്രട്ടറി വിശാൽ ആറിനോട് ആവശ്യപ്പെട്ടു.