WAQF Bill: വഖഫ് ഭേദഗതി ബിൽ; കേരളം പാസാക്കിയ പ്രമേയം അറബിക്കടലിൽ മുങ്ങുമെന്ന് സുരേഷ് ഗോപി
BJP MP Suresh Gopi on Waqf Board Amendment: വഖഫ് ഭേദഗതി ബിൽ നാളെ പാസാക്കുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ മുങ്ങുമെന്ന് സുരേഷ് ഗോപി പരിഹസിച്ചു.

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് ബില്ലില്‍ ലോക്‌സഭയില്‍ ഭരണ – പ്രതിപക്ഷ അംഗങ്ങളുടെ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് സുരേഷ് ഗോപി കേരളം പാസാക്കിയ പ്രമേയത്തെ രൂക്ഷമായി വിമർശിച്ചത്. വഖഫ് ഭേദഗതി ബിൽ നാളെ പാസാക്കുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ മുങ്ങുമെന്ന് സുരേഷ് ഗോപി പരിഹസിച്ചു.
വഖഫ് ഭേദഗതി ബില്ലിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ സിപിഎം എംപി കെ രാധാകൃഷ്ണൻ പ്രസംഗത്തിനിടെ സുരേഷ് ഗോപിയുടെ പേര് പരാമർശിച്ചിരുന്നു. രാധാകൃഷ്‌ണന്റെ പ്രസംഗത്തിന് ശേഷം ഇത് സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് ചെയറിൽ ഉണ്ടായിരുന്ന ദിലീപ് സൈകിയ ചോദിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപി വഖഫ് ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത് ചൂണ്ടിക്കാട്ടിയത്.
കെ രാധാകൃഷ്ണൻ മലയാളത്തിലായിരുന്നു ലോക്സഭയിൽ സംസാരിച്ചത്. തന്റെ പ്രസംഗത്തിനിടെ 1987ൽ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട് നടന്ന സമരത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം കേന്ദ്രമന്ത്രി സുരേഷ് ഗോപി സഭയിലിരുന്ന് ഇത് കേൾക്കുന്നുണ്ടെന്ന് സൂചിപ്പിച്ചത്. “കേരളത്തിലെ ദേവസ്വം ബോർഡിലെ ഒരു അംഗത്തിന്റെ പേരിന് ക്രിസ്ത്യൻ പേരുമായി സാമ്യമുണ്ടായതിന്, അവർ ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം ഉണ്ടായി. ഇതേതുടർന്ന് 1987ൽ ഹിന്ദു ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്ന ആവശ്യവുമായി വലിയ സമരം നടന്നിരുന്നു.” എന്ന് പറഞ്ഞ കെ രാധാകൃഷ്ണൻ “ബഹുമാനപ്പെട്ട മന്ത്രി സുരേഷ് ഗോപി ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്” എന്നും കൂട്ടിച്ചേർത്തു.
ALSO READ: വഖഫ് ബിൽ അവതരിപ്പിച്ച് കിരൺ റിജിജു; കോൺഗ്രസിന് രൂക്ഷ വിമർശനം
സുരേഷ് ഗോപിയുടെ പേര് പരാമർശിച്ചതിന് പിന്നാലെ ചെയറിൽ ഉണ്ടായിരുന്ന ദിലീപ് സൈകിയ അദ്ദേഹത്തിന് എന്തെങ്കിലും വിശദീകരിക്കാൻ ഉണ്ടോയെന്ന് ചോദിച്ചതിനെ തുടർന്നാണ് സുരേഷ് ഗോപി സംസാരിച്ചത്. ആവശ്യമില്ലാതെയാണ് തന്റെ പേര് ഇപ്പോൾ വലിച്ചിഴതെന്ന് അദ്ദേഹം പറഞ്ഞു. കേരള നിയമസഭയിൽ ഇവർ ഒരു പ്രമേയം പാസാക്കിയിരുന്നുവെന്നും നാളെ രാജ്യസഭയിലെ തീരുമാനത്തിന് ശേഷം ആ പ്രമേയം അറബിക്കടലിൽ മുങ്ങിപോകുമെന്നും സുരേഷ് ഗോപി പറഞ്ഞു. നിങ്ങൾ അതിനായി കാത്തിരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.