BJP attacks Congress: രാഹുൽ ഗാന്ധിയെ പുകഴ്ത്തി മുൻ പാക് മന്ത്രി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി
പാകിസ്ഥാനിൽ നിന്ന് കോൺഗ്രസിന് പലപ്പോഴായി ലഭിച്ച പ്രശംസ ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവല്ല കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ച് പാകിസ്ഥാൻ മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ. പാക്കിസ്ഥാനിലെ ഇമ്രാൻ ഖാൻ്റെ മന്ത്രിസഭയിലെ മന്ത്രിയായിരുന്നു ചൗധരി ഫവാദ് ഹുസൈൻ. സമൂഹ മാധ്യ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ചൗധരി രാഹുൽ ഗാന്ധിയെ പ്രശംസിച്ചുകൊണ്ട് പോസ്റ്റ് പങ്കുവച്ചത്. ഇതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി.
ഇമ്രാൻ ഖാൻ മന്ത്രിസഭയിൽ ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രിയായാണ് ഫവാദ് ഹുസൈൻ സേവനമനുഷ്ഠിച്ചിരുന്നത്. പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് പദ്ധതിയിടുകയാണെന്ന് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ എക്‌സ് പോസ്റ്റിൽ പറഞ്ഞു. രാഹുലിനെ പ്രശംസിച്ച് ഫവാദിൻ്റെ പോസ്റ്റ് സഹിതം പങ്കുവച്ചായിരുന്നു അമിത് മാളവ്യയുടെ വിമർശനം.
പാകിസ്ഥാനോട് കോൺഗ്രസിനുള്ള ആഭിമുഖ്യം കൂടുതൽ വ്യക്തമാക്കാൻ കഴിയില്ലെന്നാണ് അമിത് മാളവ്യ സമൂഹമാധ്യമത്തിലൂടെ പറഞ്ഞത്. രാം മന്ദിറിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിലെ ക്ഷണിതാക്കളെ ചൊല്ലി രാഹുൽ ഗാന്ധി ബിജെപി സർക്കാരിനെ കടന്നാക്രമിക്കുന്ന വീഡിയോയും മുൻ പാകിസ്ഥാൻ മന്ത്രി പങ്കുവെച്ച വീഡിയോയിൽ കാണാം.
പാകിസ്ഥാനിൽ നിന്ന് കോൺഗ്രസിന് പലപ്പോഴായി ലഭിച്ച പ്രശംസ ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവല്ല കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്. ” ഈ ബന്ധം കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസിന്റെ കൈകൾ പാകിസ്ഥാനോടൊപ്പമാണ്. രാജ്യത്തിനെതിരെ വിഷം ചീറ്റുന്ന ഒരാളാണ് രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും പ്രോത്സാഹിപ്പിക്കുന്നത്. കോൺഗ്രസ് തനിക്ക് വളരെ പ്രിയപ്പെട്ട പാർട്ടിയാണെന്ന് തീവ്രവാദിയായ ഹാഫിസ് സെയ്ദും നേരത്തെ പറഞ്ഞിട്ടുണ്ട്.
അതേസമയം അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബാംഗങ്ങൾ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും. നാളെയാണ് രണ്ടിടങ്ങളിലും നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗം കഴിഞ്ഞ ദിവസം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിയിരുന്നു.
രണ്ടുസീറ്റുകളിലും ഗാന്ധി കുടുംബാംഗങ്ങൾ മത്സരിക്കുന്നതിൽ രാഹുൽഗാന്ധിക്ക് താത്പര്യമില്ലെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും രാഹുൽ താല്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇരുമണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ വൈകുന്നതിനെതിരെ പ്രദേശിക കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിക്കൊപ്പം സഖ്യമായാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസ് മത്സരിക്കുന്ന മറ്റ് 17 ഇടത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.