Biplab Kumar Deb: അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടില്ല, ഗൂഗിളില്‍ നോക്കേണ്ടി വരും; എംഎ ബേബിയെ പരിഹസിച്ച് ബിപ്ലബ് കുമാർ ദേബ്
Biplab Kumar Deb on MA Baby: ഒരു പാർട്ടിക്ക് നേതൃത്വം നൽകാൻ രാജ്യമെമ്പാടും അറിയപ്പെടുന്ന നേതാവ് വേണം. ബിജെപിയിൽ അത്തരം നിരവധി നേതാക്കളുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് രാജ്യം മുഴുവന്‍ അറിയപ്പെടുന്ന നേതാവില്ല. കോണ്‍ഗ്രസിലുള്ളത് കുടുംബവാഴ്ചയാണെന്നും ബിപ്ലബ് കുമാര്‍ ദേബ്

സിപിഎം ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തതില്‍ പരിഹാസവുമായി ത്രിപുര മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാര്‍ ദേബ് രംഗത്ത്. എംഎ ബേബിയെക്കുറിച്ച് അറിയില്ലെന്നും, അദ്ദേഹത്തെക്കുറിച്ച് ഗൂഗിളില്‍ നോക്കി പരിശോധിക്കണമെന്നും ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു. അഗർത്തലയിലെ രബീന്ദ്ര ശതബർഷികി ഭവനിൽ നടന്ന ഒരു പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി കേരളത്തില്‍ നിന്നാണെന്ന് കേട്ടു. മുഖ്യമന്ത്രിയും, എംപിയും ആയിരുന്ന തനിക്ക് പോലും അദ്ദേഹത്തെ അറിയില്ല. രാജ്യം മുഴുവൻ അറിയുന്ന നരേന്ദ്ര മോദി, അമിത് ഷാ, ബിജെപിയിലെ യോഗി ആദിത്യനാഥ് എന്നിവരെ പോലെയുള്ള നേതാക്കള്‍ ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലില്ലെന്നും ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.
അദ്ദേഹം യോഗ്യനായിരിക്കാം. പാര്‍ട്ടിയോട് വിശ്വസ്തതയും അദ്ദേഹത്തിന് ഉണ്ടായിരിക്കാം. പാർട്ടിയുടെ ഉന്നത സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ ഉയർച്ച രാജ്യത്തുടനീളമുള്ള ആളുകളെ ആകർഷിക്കില്ലെന്നും ബിപ്ലബ് കുമാര്‍ ദേബ് കൂട്ടിച്ചേര്‍ത്തു.




ഒരു പാർട്ടിക്ക് നേതൃത്വം നൽകാൻ രാജ്യമെമ്പാടും അറിയപ്പെടുന്ന നേതാവ് വേണം. ബിജെപിയിൽ അത്തരം നിരവധി നേതാക്കളുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് രാജ്യം മുഴുവന്‍ അറിയപ്പെടുന്ന നേതാവില്ല. കോണ്‍ഗ്രസിലുള്ളത് കുടുംബവാഴ്ചയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ ആശയത്തെ പിന്തുണച്ചും അദ്ദേഹം സംസാരിച്ചു. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് ധാരാളം സമയവും ചെലവും ലാഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.