Bihar Temple Stampede : ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം; 9 പേർക്ക് പരിക്ക്
Bihar Temple Stampede : ബീഹാറിലെ ജെഹാനാബാദ് ജില്ലയിൽ ബാബാ സിദ്ധനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം. 9 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു.
ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം. 9 പേർക്ക് പരിക്കേറ്റു. ജെഹാനാബാദ് ജില്ലയിലെ ബാബാ സിദ്ധനാഥ് ക്ഷേത്രത്തിലാണ് ഇന്ന് പുലർച്ചെ അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ജെഹാനാബാദ, മഖ്ദുംപൂര്‍ എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സാവൻ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ച പ്രമാണിച്ചത് നിരവധി ഭക്തർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിരുന്നു. ഇതോടെ തിരക്ക് അനിയന്ത്രിതമായിരുന്നു. ഇത് അപകടത്തിലേക്ക് വഴിതെളിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി മുതൽ ക്ഷേത്രത്തിൽ ഭക്തരുടെ കനത്ത തിരക്കായിരുന്നു എന്നാണ് ദൃക്സാക്ഷികളുടെ മൊഴി. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം നടത്തിവരികയാണ്.
ക്ഷേത്ര അധികാരികൾ വേണ്ടത്ര സൗകര്യമൊരുക്കാത്തതിലാണ് അപകടമുണ്ടായതെന്ന് മരിച്ചവരിൽ ഒരാളുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. “ക്ഷേത്രത്തിലുണ്ടായിരുന്നവർ പറഞ്ഞത് ക്ഷേത്ര അധികാരികൾ വേണ്ടത്ര സൗകര്യമൊരുക്കാത്തതിലാണ് അപകടമുണ്ടായത് എന്നാണ്. ഭക്തരെ നിയന്ത്രിക്കാനുണ്ടായിരുന്ന എൻസിസി വാളണ്ടിയർമാരിൽ ചിലർ തിരക്ക് നിയന്ത്രിക്കാൻ ലാത്തി ഉപയോഗിച്ചു. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.”- ബന്ധു പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
Also Read : Hathras Stampede : ‘ഉണ്ടായ ദുരന്തത്തിൽ ഖേദിക്കുന്നു’; വിഡിയോ സന്ദേശത്തിൽ ഭോലെ ബാബ; പ്രതി ചേർക്കാതെ പോലീസ്
ഇതേ ആരോപണം ക്ഷേത്രത്തിലെത്തിയ ഒരു ഭക്തനും ആവർത്തിച്ചു. ഒരു പൂക്കച്ചവടക്കാരനുമായി ആരോ വഴക്കിട്ടു. അതേ തുടർന്ന് വളണ്ടിയർമാർ ലാത്തി ചാർജ് നടത്തി. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. അധികൃതർ ആരും അവിടെ ഉണ്ടായിരുന്നില്ല. പോലീസിൻ്റെ നിഷ്ക്രിയത്വം കൊണ്ടാണ് അപകടമുണ്ടായതെന്നും ഭക്തൻ പറഞ്ഞു.
എന്നാൽ, ജെഹനാബാദ് സബ് ഡിവിഷണൽ ഓഫീസർ വികാശ് കുമാർ ഈ ആരോപണങ്ങൾ തള്ളി. “ഇങ്ങനെയൊന്നും ഉണ്ടായില്ല. ഇതൊരു ദൗർഭാഗ്യകരമായ സംഭവമാണ്. പ്രദേശത്ത് നല്ല ജാഗ്രതയുണ്ടായിരുന്നു. എൻസിസിയും വൈദ്യ സംഘവുമൊക്കെ വേണ്ട തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.”- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം ഉത്തർ പ്രദേശിലെ ഹഥ്റസിൽ നടന്ന സത്സംഗ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 120ലധികം പേരുടെ ജീവനാണ് പൊലിഞ്ഞത്. ഹഥ്റസിലെ സിക്കന്ദർ റാവു, പുലറായി ഗ്രാമത്തിൽ സംഘടിപ്പിച്ച സത്സംഗ പരിപാടിക്കിടെയാണ് അപകടം സംഭവിക്കുന്നത്. സ്വയം പ്രഖ്യാപിത ആൾദൈവവും മതപ്രഭാഷകനുമായ ഭോലെ ബാബയാണ് പരിപാടി നടത്തിയത്.
സത്സംഗ പരിപാടിക്കിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ എല്ലാവരും കൂട്ടത്തോടെ ഓടിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. പരിപാടി സംഘടിപ്പിച്ച പന്തലിനുള്ളിൽ ചൂടിനെ തുടർന്ന് ഊഷ്മാവ് വർധിച്ചു. ഇത് പന്തലിനുള്ളിൽ ഉണ്ടായിരുന്നവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടാൻ ഇടയാക്കി. ഇതെ തുടർന്ന് എല്ലാവരും കൂട്ടത്തോടെ ഇറങ്ങിയോടാൻ തുടങ്ങിയതോടെയാണ് അപകടം സംഭവിക്കുന്നത്. ഇതിനിടെ, പരിപാടിക്കുശേഷം ഭോലെ ബാബയെ കാണാൻ ആളുകൾ തിരക്കുകൂട്ടിയതും ബാബയുടെ കാൽപ്പാദത്തിനരികിൽ നിന്ന് മണ്ണ് ശേഖരിക്കാൻ ശ്രമിച്ചതുമാണ് തിക്കും തിരക്കും വർധിക്കാൻ കാരണമായി.