Bihar Bridge Collapse:12 കോടി വെള്ളത്തിലായി; ബീഹാറില്‍ ഉദ്ഘാടനത്തിന് മുമ്പ് പാലം തകര്‍ന്നുവീണു, വീഡിയോ
12 Crore Bridge Collapsed in Bihar: അരാരിയ ജില്ലയിലെ കുര്‍സകാന്തക്കും സിക്തിക്കും ഇടയിലുള്ള യാത്ര എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പാലം നിര്‍മ്മിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രണ്ടാം തവണയാണ് പാലം തകര്‍ന്നുവീഴുന്നത്.
പട്‌ന: ഉദ്ഘാടനത്തിന് മുമ്പ് പാലം തകര്‍ന്നുവീണു. ബീഹാറിലെ അരാരിയിലാണ് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണത്. ബക്ര നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റ് പാലമാണ് തകര്‍ന്ന് വെള്ളത്തിലേക്ക് പതിച്ചത്. 12 കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലത്തിന്റെ അവസാനഘട്ട മിനുക്കുപണികള്‍ നടക്കുന്നതിനിടെയാണ് തകര്‍ന്നുവീണത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അരാരിയ ജില്ലയിലെ കുര്‍സകാന്തക്കും സിക്തിക്കും ഇടയിലുള്ള യാത്ര എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പാലം നിര്‍മ്മിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രണ്ടാം തവണയാണ് പാലം തകര്‍ന്നുവീഴുന്നത്. പാലം ഒരു വശത്തേക്ക് ചരിഞ്ഞത് കണ്ട് ആളുകള്‍ കൂടുന്നതും ഇതിന് പിന്നാലെ പാലം തകര്‍ന്നുവീഴുന്നതും സമൂഹമാധ്യമത്തില്‍ പ്രചരിച്ച വീഡിയോയില്‍ കാണാം. നദിക്ക് കുറുകെ നിര്‍മ്മിച്ച പാലത്തിന്റെ ഒരു പില്ലര്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.
ഇതും വായിക്കൂ
Bridge collapsed before inauguration in Bihar’s Araria. lot of corruption in Bihar. pic.twitter.com/flob2PshwD
— THE UNKNOWN MAN (@Unknown39373Man) June 18, 2024
നിര്‍മ്മാണ കമ്പനിയുടെ അനാസ്ഥ മൂലമാണ് പാലം തകര്‍ന്നുവീണതെന്നും സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും സിക്തി എംഎല്‍എ വിജയകുമാര്‍ ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചതെന്ന് നാട്ടുകാരും ആരോപിക്കുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് വെട്ടിപൊളിച്ചാണ് പുതിയ പാലം നിര്‍മ്മിച്ചത്. അതിന്റെ അവശിഷ്ടങ്ങള്‍ പാലം നിര്‍മ്മിച്ചതെന്നും അപ്രോച്ച് റോഡ് പുനസ്ഥാപിക്കുന്നതിനിടെയാണ് പാലം തകര്‍ന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം, സംസ്ഥാന സര്‍ക്കാരിന് കീഴിലാണ് പാലം നിര്‍മ്മിച്ചതെന്നും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കീഴിലല്ല പാലം നിര്‍മ്മിച്ചതെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍ സമാന രീതിയില്‍ ബീഹാറില്‍ പാലം തകര്‍ന്ന് വീണിരുന്നു. ആ സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഭഗല്‍പൂരിലെ പാലം തകര്‍ന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഭഗല്‍പൂരിനെയും ഖഗാരിയയെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. 2023 ഏപ്രില്‍ 30ന് ആയിരുന്നു ആദ്യമായി പാലം തകര്‍ന്നുവീണത്. പിന്നീട് ജൂണ്‍ നാലിന് വീണ്ടും പാലം തകര്‍ന്നു. സംഭവത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.