കൊടുവാളുമായി റീല്‍ ചിത്രീകരിച്ച ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കെതിരെ കേസ്
Kannada Actors Arrested In Arms Act Case: ഇവരുടെ റീൽ ചിത്രീകരണം പ്രദേശവാസികളിൽ ഭീതി പരത്തുന്നതാണെന്നും മാരകായുധങ്ങളുമായി പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് നിയമ ലംഘനമാണെന്നും പോലീസ് വ്യക്തമാക്കി.

വിനയ് ഗൗഡ, രജത് കിഷന്‍
ബെംഗളൂരു: കൊടുവാളുമായി റീൽ ചിത്രീകരിച്ച കന്നഡ ബിഗ്ബോസ് മത്സരാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്. ബിഗ് ബോസ് സീസൺ 11-ലെ മത്സരാർത്ഥി വിനയ് ഗൗഡ, സിസൺ പത്തിലെ മത്സരാർത്ഥി രജത് കിഷന്‍ എന്നിവരുടെ പേരിലാണ് കേസെടുത്തത്. ആയുധ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പോലീസിന്റെ സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗത്തിന്റെ ചുമതലയുള്ള എസ്ഐ ഭാനു പ്രകാശ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ബസവേശ്വരനഗര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വീഡിയോയിൽ ഇരുവരും വലിയ കൊടുവാൾ വീശി നടക്കുന്നതും പരസ്പരം കൊടുവാള്‍ കൈമാറുന്നതും കാണാം.
Also Read:യാത്രയ്ക്കിടെ പീഡനശ്രമം; ട്രെയിനിൽ നിന്ന് ചാടിയ യുവതി ഗുരുതരാവസ്ഥയിൽ
ഇവരുടെ റീൽ ചിത്രീകരണം പ്രദേശവാസികളിൽ ഭീതി പരത്തുന്നതാണെന്നും മാരകായുധങ്ങളുമായി പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് നിയമ ലംഘനമാണെന്നും പോലീസ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വൈറലായ 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ രജത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് പങ്കുവച്ചത്.
ഇന്നലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി ഹാജരായതിനെ തുടർന്നാണ് അറസ്റ്റ്. കൂടുതൽ അന്വേഷണത്തിനായി ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.